Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിലെ നുമ്മ ഊണ് പദ്ധതി മഹാ വിജയം; രണ്ട് വർഷം പിന്നിടുമ്പോൾ നുമ്മ ഊണ് ഊട്ടിയത് 1.75 ലക്ഷം പേരെ

കൊച്ചിയിലെ നുമ്മ ഊണ് പദ്ധതി മഹാ വിജയം; രണ്ട് വർഷം പിന്നിടുമ്പോൾ നുമ്മ ഊണ് ഊട്ടിയത് 1.75 ലക്ഷം പേരെ

സ്വന്തം ലേഖകൻ

കൊച്ചി: വിശന്നിരിക്കുന്ന ഒരാളും കൊച്ചിയിൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ തുടങ്ങിയ 'നുമ്മ ഊണ്' പദ്ധതി മഹാ വിജയം. ഈ പദ്ധതി തുടങ്ങി രണ്ട് വർഷം പിന്നിടുമ്പോൾ 1.75 ലക്ഷം പേരാണ് നുമ്മ ഊണ് പദ്ധതിയിലൂടെ വിശപ്പടക്കിയത്. ഉച്ചയ്ക്ക് വിശപ്പകറ്റാൻ മാർഗമില്ലാത്തവർക്ക് യാചിക്കാതെ വിശപ്പടക്കാൻ സഹായിക്കുന്നതാണ് ഈ പദ്ധതി.

റെയിൽവേ സ്റ്റേഷനുകളിൽ അടക്കം എറണാകുളം നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ഇരുപതോളം കേന്ദ്രങ്ങളിൽ നുമ്മ ഊണിന്റെ കൗണ്ടറുകളുണ്ട്. ഓരോ സ്ഥലത്തും പ്രത്യേകം ചുമതലക്കാരുണ്ട്. അവരെ ബന്ധപ്പെട്ടാൽ കൂപ്പണുകൾ ലഭിക്കും. കുപ്പൺ കേന്ദ്രങ്ങൾക്ക് അടുത്തുള്ള തിരഞ്ഞെടുത്ത ഹോട്ടലുകളിൽനിന്ന് ഊണ് കഴിക്കാം. പെട്രോനെറ്റ് എൽ.എൻ.ജി. ഫൗണ്ടേഷനാണ് പദ്ധതിക്ക് ധനസഹായം ചെയ്യുന്നത്. ഒരു വർഷം 60 ലക്ഷം രൂപയാണ് ചെലവ്. 500 കൂപ്പൺ വരെ ചെലവാകുന്ന ദിവസങ്ങളുണ്ട്. മാസം എണ്ണായിരം മുതൽ പതിനായിരം വരെ കൂപ്പണുകൾ പോകുന്നു.

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷനുമായി ചേർന്നാണ് പദ്ധതി. അസോസിയേഷനു കീഴിലുള്ള ഹോട്ടലുകൾ സബ്സിഡി നിരക്കിലാണ് പദ്ധതിക്കായി ഭക്ഷണം നൽകുന്നത്. 41 രൂപയാണ് ഒരു ഊൺ കൂപ്പണിന് ഹോട്ടലുകാർ ഈടാക്കുന്നത്. ഹോട്ടലിൽ അന്ന് വിളമ്പുന്ന അതേ ഭക്ഷണംതന്നെ കൂപ്പണുമായി ചെല്ലുന്നവർക്കും കൊടുക്കും. കൂപ്പണുകൾ ഹോട്ടലുകൾക്ക് നൽകാനും അവ ശേഖരിച്ച് സ്റ്റേറ്റ്മെന്റുകൾ ഉണ്ടാക്കാനുമെല്ലാം എസ്.സി.എം.എസ്. കോളേജിലെ വിദ്യാർത്ഥികൾ സഹായിക്കുന്നു.

ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലുള്ള ടീമാണ് നുമ്മ ഊണിന്റെ ചുമതലകൾ വഹിക്കുന്നത്. പ്രധാന മേൽനോട്ടക്കാരൻ കളക്ടർതന്നെ. വ്യവസ്ഥ പ്രകാരം 2020 മാർച്ചിൽ പദ്ധതി അവസാനിക്കണം. എന്നാൽ, അത് മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ആലോചനയിലാണ് സംഘാടകർ. ചില കേന്ദ്രങ്ങളിൽ നിന്ന് കൂപ്പണുകൾ ധാരാളമായി പോവുന്നുണ്ട്. ചില കേന്ദ്രങ്ങളിൽ താരതമ്യേന കുറവാണ്. അത്തരം കേന്ദ്രങ്ങൾ മാറ്റി പുതിയ കേന്ദ്രങ്ങളിൽ കൂപ്പൺ വിതരണം നടത്തി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് അവർ.

നുമ്മ ഊണ് കൂപ്പൺ കേന്ദ്രങ്ങൾ

* നോർത്ത്-സൗത്ത് റെയിൽവേ സ്റ്റേഷനുകൾ

* കണയന്നൂർ താലൂക്ക് ഓഫീസ്

* എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്

* മട്ടാഞ്ചേരി ഗവ. ആശുപത്രി

* കാക്കനാട് കളക്ടറേറ്റ്

* വൈറ്റില പൂണിത്തുറ വില്ലേജ് ഓഫീസ്

* കൊച്ചി താലൂക്ക് ഓഫീസ്

* വൈപ്പിൻ മാലിപ്പുറം

* കുന്നത്തുനാട് താലൂക്ക് ഓഫീസ്

* പെരുമ്പാവൂർ മുനിസിപ്പൽ ഓഫീസ്

* മൂവാറ്റുപുഴ താലൂക്ക് ഓഫീസ്

* മൂവാറ്റുപുഴ കച്ചേരിത്താഴം

* മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്

* കോതമംഗലം പൊലീസ് എയ്ഡ് പോസ്റ്റ്

* പിറവം ഗവ. ആശുപത്രി

* അങ്കമാലി മുനിസിപ്പൽ ഓഫീസ്

* അങ്കമാലി റെയിൽവേ സ്റ്റേഷൻ

* പറവൂർ താലൂക്ക് ഓഫീസ്

* ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP