Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജാതി സംഘടനകൾ ഏത് പാർട്ടിക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധം; ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണയുടെ നിലപാട് ശരി; എൻഎസ്എസിനെ തള്ളിപ്പറഞ്ഞ് ഒ രാജഗോപാൽ

ജാതി സംഘടനകൾ ഏത് പാർട്ടിക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധം; ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണയുടെ നിലപാട് ശരി; എൻഎസ്എസിനെ തള്ളിപ്പറഞ്ഞ് ഒ രാജഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജാതി സംഘടനകൾ ഏത് പാർട്ടിക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധമാണെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണയുടെ നിലപാട് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് സ്വാഗതാർഹമാണ്. ജാതി-മത സംഘടനകൾ ഏത് പാർട്ടികൾക്ക് വോട്ടുചെയ്യണമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. ഒരു പാർട്ടിക്ക് മാത്രം വോട്ടുചെയ്യണമെന്ന് പറയുന്നത് ന്യായമല്ല. എൻഎസ്എസ് വട്ടിയൂർക്കാവിൽ മാത്രമല്ല, മുഴുവൻ മണ്ഡലങ്ങളിലും നിലപാട് എടുത്തിട്ടുണ്ടെന്നും ഒ രാജഗോപാൽ പറഞ്ഞു.

എൻഎസ്എസ് വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുചോദിച്ച് പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് രാജഗോപാലിന്റെ പ്രതികരണം. സമുദായസംഘടനകൾ ഇന്നവർക്ക് വോട്ടുചെയ്യണമെന്ന് ആഹ്വാനം നൽകുന്നത് നിയമവിരുദ്ധമാണ്. എന്നാൽ വ്യക്തിപരമായി ആവശ്യപ്പെടാമെന്നും രാജഗോപാൽ പറഞ്ഞു. ബിജെപി നേതാക്കൾ എന്തു പറയുന്നു എന്നതല്ല, നിയമവശമാണ് താൻ ചൂണ്ടിക്കാട്ടിയത്. ഈ തെരഞ്ഞെടുപ്പിലും ശബരിമല പ്രധാന വിഷയമാണ്. ഈ ഉപതെരഞ്ഞെടുപ്പിന് ശേഷം തനിക്കൊപ്പം ഒരു ബിജെപി എംഎൽഎ കൂടി ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും രാജഗോപാൽ പറഞ്ഞു.

അതിനിടെ എൻഎസ്എസിനെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. രാഷ്ട്രീയപാർട്ടികളെയല്ല, വിശ്വാസികളെയാണ് എൻഎസ്എസ് പിന്തുണയ്ക്കുന്നത്. രാഷ്ട്രീയകക്ഷികളെ സഹായിക്കുകയല്ല, മറിച്ച് വിശ്വാസികൾക്കൊപ്പം നിൽക്കുകയാണ് എൻഎസ്എസ് ചെയ്യുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് വേണമെങ്കിൽ ഇക്കാര്യം പരിശോധിക്കാവുന്നതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് സ്വീകരിക്കുന്നത് സംഘടനകളുടെ അവകാശമാണെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. സമുദായ സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല. അങ്ങനെ എല്ലാ സമുദായസംഘടനകളെയും നിരോധിക്കാൻ ഇലക്ഷൻ കമ്മീഷന് അവകാശമില്ല. ചീഫ് ഇലക്ടറൽ ഓഫീസർ നോട്ടീസ് അയച്ചാൽ സമുദായസംഘടനകൾ മറുപടി നൽകിക്കോളുമെന്നും മുരളീധരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP