Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിമാരെ തെരുവിൽ തടഞ്ഞും മുഖ്യമന്ത്രിയെ വണ്ടിയിൽ കയറ്റാതെയും പ്രതിഷേധത്തിന് ഇറങ്ങിയതോടെ എന്തു വിട്ടു വീഴ്ചയ്ക്കും ഒരുങ്ങി പിണറായി സർക്കാർ; ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ജോലി നൽകാനുള്ള തീരുമാനവും ലത്തീൻ സഭയെ പേടിച്ച്; മാനദണ്ഡങ്ങൾ ഇല്ലാതെയുള്ള സർക്കാർ ജോലി വാഗ്ദാനം പുലിവാല് പിടിക്കും; എന്നിട്ടും വിട്ടുവീഴ്‌ച്ചയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കാതെ രംഗം കൊഴുപ്പിക്കാൻ സഭാ നേതൃത്വവും

മന്ത്രിമാരെ തെരുവിൽ തടഞ്ഞും മുഖ്യമന്ത്രിയെ വണ്ടിയിൽ കയറ്റാതെയും പ്രതിഷേധത്തിന് ഇറങ്ങിയതോടെ എന്തു വിട്ടു വീഴ്ചയ്ക്കും ഒരുങ്ങി പിണറായി സർക്കാർ; ഓഖി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ജോലി നൽകാനുള്ള തീരുമാനവും ലത്തീൻ സഭയെ പേടിച്ച്; മാനദണ്ഡങ്ങൾ ഇല്ലാതെയുള്ള സർക്കാർ ജോലി വാഗ്ദാനം പുലിവാല് പിടിക്കും; എന്നിട്ടും വിട്ടുവീഴ്‌ച്ചയില്ലാതെ പ്രതിഷേധം അവസാനിപ്പിക്കാതെ രംഗം കൊഴുപ്പിക്കാൻ സഭാ നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന സർക്കാർ തീരുമാനം ലത്തീൻ സഭയുടെ ഇടപെടലിനെ തുടർന്ന് തന്നെ. ഓഖി കെടുതികളിൽ കേന്ദ്രസർക്കാരിനോടു പ്രത്യേക പാക്കേജ് ആവശ്യപ്പെടാനും തീരുമാനമായി. മുഖ്യമന്ത്രി ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും. സൗജന്യ റേഷൻ കിട്ടാത്തവർക്ക് 2000 രൂപ സഹായം നൽകുമെന്നും സർക്കാർ അറിയിച്ചു. പക്ഷേ ഇതൊന്നും കൊണ്ട് ലത്തീൻ സഭ തൃപ്തരല്ല. അവർ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് പ്രതിഷേധം. വൻ സമ്മർദ്ദത്തെ തുടർന്നാണ് പുതിയ പാക്കേജ് സർക്കാർ പ്രഖ്യാപിച്ചത്.

ചുഴലിക്കാറ്റിൽപ്പെട്ടു കാണാതായ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തിരച്ചിൽ ഫലപ്രദമല്ലെന്ന് ആരോപിച്ചു പ്രത്യക്ഷ സമരപരിപാടികൾക്കു ലത്തീൻ അതിരൂപത തയ്യാറെടുക്കുന്നു. ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രക്ഷാ പ്രവർത്തനം സജീവമാക്കണമെന്നും ആവശ്യപ്പെട്ടു തിങ്കളാഴ്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾ രാജ്ഭവനിലേക്കു മാർച്ച് നടത്തും. ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യവുമായി നാളെ പ്രാർത്ഥനാ യോഗങ്ങൾ നടത്തും. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ചും തമിഴ്‌നാട്ടിലും പ്രതിഷേധങ്ങൾ നടത്തും. കൂടാതെ രാപകൽ സമരത്തിനും പരിപാടിയുണ്ടെന്നു ലത്തീൻ അതിരൂപത സഹായമെത്രാൻ ആർ.ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേര എന്നിവർ അറിയിച്ചു.

ലക്ഷദ്വീപിലും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാൻ കേന്ദ്രവും തമിഴ്‌നാട്, കേരള സർക്കാരുകളും ഒരുമിച്ചു സംവിധാനമൊരുക്കിയില്ലെങ്കിൽ മൃതദേഹങ്ങളുമായി സെക്രട്ടേറിയറ്റിലേക്കു മാർച്ച് നടത്തുമെന്ന് ലത്തീൻ സഭ പറയുന്നു. അതിരൂപതയിലെ വൈദികരുടെയും പാസ്റ്ററൽ കൗൺസിലിന്റെയും യോഗം കൂടിയാണു തീരുമാനങ്ങൾ കൈക്കൊണ്ടത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന രക്ഷാപ്രവർത്തനം തൃപ്തികരമല്ല. 30 നോട്ടിക്കൽ മൈൽ വരെ മാത്രമാണ് അവർ പോകുന്നത്. അതേസമയം മത്സ്യത്തൊഴിലാളികൾ 172 നോട്ടിക്കൽ മൈൽ വരെ പോയി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. മൃതദേഹങ്ങൾ ഇപ്പോഴും കടലിൽ ഒഴുകി നടക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നു തങ്ങളാണ് ആവശ്യപ്പെട്ടതെങ്കിലും യോഗത്തിനു തങ്ങളെ വിളിച്ചില്ല. കൊച്ചിയിൽനിന്നും തമിഴ്‌നാട്ടിൽനിന്നും ട്രോളറുകൾ കൊണ്ടുവന്നു സഭ തന്നെ രക്ഷാപ്രവർത്തനം നടത്തും. അതേസമയം സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ തങ്ങൾ വിലകുറച്ചു കാണുന്നില്ലെന്നും ഇരുവരും പറഞ്ഞു.

ചുഴലിക്കാറ്റിൽപ്പെട്ട് മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകാനുള്ള തീരുമാനം തിരുവനന്തപുരത്ത് ചേർന്ന സർവകക്ഷി യോഗമാണ് എടുത്തത്. മാനദണ്ഡങ്ങൾ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നൽകുക. ഇത് ഭാവിയിൽ നിയമപ്രശ്‌നങ്ങളാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങൾക്ക് താത്കാലികമായി ഒരാഴ്ച 2000 രൂപവീതം നൽകാനും തീരുമാനമായിട്ടുണ്ട്. ഓരോ ദിവസവും മുതിർന്നവർക്ക് 60 രൂപവീതവും കുട്ടികൾക്ക് 45 രൂപവീതവും നൽകുന്നതിന് പകരമായാണിത്. കടൽ തീരത്ത് സാമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുലിമുട്ടും കടൽ ഭിത്തിയും നിർമ്മിക്കുന്നതിനും സർവകക്ഷി യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

ഇന്നലെ തീരവാസികളെ കാണാനെത്തിയ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിഷേധമുണ്ടായി. ചെല്ലാനത്ത് ഉമ്മൻ ചാണ്ടിയല്ലാതെയുള്ളവരെ അടുപ്പിച്ചില്ല. അങ്ങനെ വമ്പൻ പ്രതിഷേധമാണ് മത്സ്യത്തൊഴിലാളികൾ ഉയർത്തിയത്. ലത്തീൻ സഭയാണ് മുന്നിലുള്ളത്. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരവും മറ്റും ഉയർത്തിയത്. എല്ലാ സഹായവും സർക്കാർ വാഗ്ദാനവും ചെയ്യുന്നു. പക്ഷേ അപ്പോഴും പ്രതിഷേധം തീരുന്നില്ല.

അതിനിടെ വലിയ ബോട്ടുകളിൽ നൂറ് നോട്ടിക്കൽ മൈലിന് അകലേക്ക് മത്സ്യബന്ധനത്തിന് പോയവർ അപകടത്തിൽ പെടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ സർവകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞത് പുതി വിവാദത്തിന് തുടക്കമിടും. എല്ലാവരെയും കണ്ടെത്തും. ഇതിനുള്ള കൃത്യമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്ന് മന്ത്രി പറഞ്ഞു. രത്നഗിരിയിൽനിന്ന് തിരുവനന്തപുരം സ്വദേശികളായ 62 പേരെ കണ്ടെത്തിയിട്ടുണ്ടെന്നും ലക്ഷദ്വീപിൽനിന്ന് മലയാളികളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെയെല്ലാം നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ വലിയ ബോട്ടിൽ പോയവും അപകടത്തിൽപ്പെട്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

അതിനിടെ, ഓഖി ദുരന്തത്തിൽ പെട്ട് ഗോവ തീരത്തെത്തിയ 16 ബോട്ടുകളിൽ നാലെണ്ണം കൂടി ശനിയാഴ്ച കൊച്ചിയിലേക്കു പുറപ്പെടുമെന്ന് ഗോവ വാസ്‌കോ തുറമുഖത്തെത്തിയ കെ.വി.തോമസ് എംപി അറിയിച്ചു.16 ബോട്ടുകളും മത്സ്യത്തൊഴിലാളികളുമാണ് ഗോവൻ തീരത്തെത്തിയത്. ഇതിൽ 12 ബോട്ടുകൾ ഇതിനകം തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നാല് ബോട്ടുകൾ ശനിയാഴ്ച യാത്ര തിരിക്കും.ഓരോ ബോട്ടിനും 750 ലിറ്റർ ഡീസലും 2500 രൂപയും സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഗോവയിലെത്തിയ ഉദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. വാസ്‌കോ സൗത്ത് തുറമുഖത്തു കെ.വി.തോമസ് എംപിക്ക് പുറമേ ജില്ലാ കലക്ടർ നീലാ മോഹൻ, ഗോവ മുഖ്യമന്ത്രിയുടെ സെക്രട്ടറി എ.എ. അശോക്, അഞ്ജലി ഷെഖാവത്ത്, അരുൺ ജേക്കബ് എന്നിവരും ഉണ്ടായിരുന്നു.

ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു മാസത്തെ ശമ്പളവും സ്റ്റാഫ് അംഗങ്ങളുടെ ഒരു ദിവസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുമെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചു. ഇതിനിടെയാണ് ഭരണകൂടങ്ങൾ ദുരന്തമുഖത്ത് എത്തിയില്ലെങ്കിൽ സമരം വിപുലമാക്കുമെന്ന് ലത്തീൻ സഭ അറിയിച്ചത്. കാണാതായവരെ സംബന്ധിച്ച് ലത്തീൻ സഭ നൽകുന്ന കണക്കും പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എട്ടു പേരുടെ കാര്യത്തിലാണ് ആശയക്കുഴപ്പം. ഇവരുടെ ഫോട്ടോയും വിലാസവും നൽകണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ അപമാനിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടു ബിജെപി 28നു ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ചു നടത്തും. മഹിളാ മോർച്ചയുടെ നേതൃത്വത്തിലാകും സമരം. ബിജെപി സംസ്ഥാന ഭാരവാഹി യോഗമാണു തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP