Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓഖി ദുരന്തം: കേന്ദ്രസംഘം കൊച്ചിയിലെ തീരമേഖലയിൽ സന്ദർശനം നടത്തി; കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുലിമുട്ട് നിർമ്മിക്കണമെന്നും നാട്ടുകാർ; കേന്ദ്രസംഘം ഇനി ആലപ്പുഴയിലേക്ക്

ഓഖി ദുരന്തം: കേന്ദ്രസംഘം കൊച്ചിയിലെ തീരമേഖലയിൽ സന്ദർശനം നടത്തി; കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുലിമുട്ട് നിർമ്മിക്കണമെന്നും നാട്ടുകാർ; കേന്ദ്രസംഘം ഇനി ആലപ്പുഴയിലേക്ക്

മറുനാടൻ മലയാളി ഡസ്‌ക്

കൊച്ചി : ഓഖി ചുഴലിക്കാറ്റിനെ തുടർന്നുള്ള കടൽക്ഷോഭത്തിൽ ദുരിതം നേരിട്ട തീരമേഖലകളിലും ഹാർബറുകളിലും കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേകസംഘം സന്ദർശനം നടത്തി. മുനമ്പം, തോപ്പുംപടി ഫിഷിങ് ഹാർബറുകൾ, കണ്ണമാലി, ചെല്ലാനം, വൈപ്പിൻ എന്നിവിടങ്ങളാണ് സെൻട്രൽ വാട്ടർ കമ്മീഷനിലെ ബീച്ച് ഇറോഷൻ വിഭാഗം ഡയറക്ടർ ആർ. തങ്കമണി, കേന്ദ്ര കുടിവെള്ള മന്ത്രാലയത്തിലെ അസി. അഡൈ്വസർ സുമിത് പ്രിയദർശി എന്നിവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തിയത്. ജില്ലയിലെ സന്ദർശനം പൂർത്തിയാക്കിയ സംഘം ഇനി ആലപ്പുഴയിലേക്ക് പോകും.

തീരമേഖലകളിലെ സന്ദർശനത്തിന് മുന്നോടിയായി കേന്ദ്രസംഘം രാവിലെ നെടുമ്പാശ്ശേരിയിൽ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളുമായി കൂടിക്കാഴ്‌ച്ച നടത്തി. ഓഖിയെ തുടർന്ന് ജില്ലയിലുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് കളക്ടർ കെ. മുഹമ്മദ് വൈ സഫിറുള്ള സംഘത്തിന് മുന്നിൽ അവതരണം നടത്തി. കടലാക്രമണം തടയുന്നതടക്കം അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും കളക്ടർ സംഘത്തെ ധരിപ്പിച്ചു. വീടുകൾക്കും മത്സ്യബന്ധനയാനങ്ങൾക്കുമുണ്ടായ നാശം, കൃഷിനാശം, റോഡ്, ജലസേചനം, കുടിവെള്ള വിതരണം തുടങ്ങിയവയ്ക്കുണ്ടായ നാശം, ജീവഹാനി എന്നിവ സംബന്ധിച്ച് സ്ഥിതിവിവരക്കണക്കുകളടങ്ങിയ റിപ്പോർട്ടും കളക്ടർ സംഘത്തിന് കൈമാറി.

നെടുമ്പാശ്ശേരിയിൽ നിന്നും തോപ്പുംപടി ഫിഷറീസ് ഹാർബറിലെത്തിയ സംഘം പ്രൊഫ. കെ.വി. തോമസ് എംപി, കെ.ജെ. മാക്‌സി എംഎ‍ൽഎ, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ, ബോട്ടുടമാ സംഘം ഭാരവാഹികൾ എന്നിവരുമായി ആശയവിനിമയം നടത്തി. കടൽക്ഷോഭത്തിൽ നിന്നും രക്ഷപ്പെട്ടെത്തിയ തൊഴിലാളികളോടും സംഘം സംസാരിച്ചു. തുടർന്ന് കണ്ണമാലി, ചെല്ലാനം വേളാങ്കണ്ണിപ്പള്ളി, കമ്പനിപ്പടി, ബസാർ എന്നിവിടങ്ങളിൽ കടൽഭിത്തി തകർന്ന പ്രദേശങ്ങളും വീടുകളിലേക്ക് കടൽ കയറിയ മേഖലകളും സന്ദർശിച്ചു. ഉച്ചയ്ക്കു ശേഷമാണ് വൈപ്പിനിൽ സന്ദർശനം നടത്തിയത്. എസ്. ശർമ എംഎ‍ൽഎയും ജനപ്രതിനിധികളും സംഘത്തിന് വിശദീകരണം നൽകി. മുനമ്പം ഹാർബർ ചൊവ്വാഴ്‌ച്ച സംഘം സന്ദർശിച്ചിരുന്നു.

ഞാറക്കൽ, ഐസിഎആർ എന്നിവിടങ്ങളിൽ കടൽ ഭിത്തി തകർന്ന ഭാഗങ്ങളും വെളിയത്താംപറമ്പിൽ വീടുകൾ തകർന്ന പ്രദേശങ്ങളും സംഘം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. കടലാക്രമണഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നും പുലിമുട്ട് നിർമ്മിക്കണമെന്നും നിലവിലുള്ള കടൽഭിത്തി ശക്തിപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. എടവനക്കാട് അണിയിൽ കടപ്പുറത്തും തകർന്ന വീടുകൾ സംഘം സന്ദർശിച്ചു.

ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ സഫിറുള്ള, ഫോർട്ടുകൊച്ചി സബ് കളക്ടർ ഇമ്പശേഖർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ. കബീർ, ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ ഷീലാദേവി, അസി. കളക്ടർ ഈശപ്രിയ, കൊച്ചി തഹസിൽദാർ കെ.വി. അംബ്രോസ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ്, ജലസേചനം, പൊതുമരാമത്ത്, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഓഖിയെ തുടർന്നുള്ള കടൽക്ഷോഭത്തിൽ വിവിധ ഇനങ്ങളിലായി 3015.55 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ജില്ലയിൽ കണക്കാക്കിയിരിക്കുന്നത്. പത്തു വീടുകളും ആറ് കുടിലുകളും പൂർണമായി തകർന്നു. 464 വീടുകൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചു. വീടു നഷ്ടപ്പെട്ടവർക്കും കേടുപാടു പറ്റിയവർക്കും നഷ്ടപരിഹാരം നൽകാൻ 2376 ലക്ഷം രൂപ വേണ്ടി വരും.

രണ്ടു മരണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 40 പേർക്ക് പരിക്കേറ്റു. കടലിൽ നിന്നും കൊച്ചിയിലെത്തിച്ച അഞ്ചു മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. 32 പേരെ കാണാതായി. ഇതിൽ 30 പേർ തമിഴ്‌നാട് സ്വദേശികളും രണ്ടു പേർ ആസാം സ്വദേശികളുമാണ്. കൃഷിനാശം മൂലം 31.40 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തുന്നു. 368.90 ലക്ഷം രൂപയുടെ നാശനഷ്ടമാണ് മത്സ്യബന്ധന അനുബന്ധ മേഖലകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 132 മത്സ്യബന്ധന യാനങ്ങൾക്ക് കേടുപാടു സംഭവിച്ചതിലുള്ള നഷ്ടം 327.2 ലക്ഷം രൂപ. മത്സ്യബന്ധനവലകൾക്കുണ്ടായ നഷ്ടം 27 ലക്ഷം രൂപ. തീരമേഖലയിൽ പൊതുമരാമത്ത് വകുപ്പിന്റെ പത്ത് കിലോമീറ്ററോളം റോഡിന് കേടുപാടുണ്ടായി. ഉപ്പുവെള്ളം കയറി ഉപയോഗശൂന്യമായ 25 കിണറുകൾ വീണ്ടെടുക്കാൻ 12.50 ലക്ഷം രൂപയും പഞ്ചായത്ത് റോഡുകൾ ഗതാഗതയോഗ്യമാക്കാൻ ഒൻപതു ലക്ഷം രൂപയും ചെലവിട്ടു. ദുരിതബാധിതരായ കുടുംബങ്ങൾക്ക് 88 ലക്ഷം രൂപയുടെ സൗജന്യ റേഷൻ നൽകി. ഖരമാലിന്യ സംസ്‌കരണം, ശുചിമുറി മാലിന്യം നീക്കൽ എന്നിവയ്ക്കായി 4.44 ലക്ഷം രൂപയും ചെലവഴിച്ചു.

മുനമ്പം മുതൽ ചെല്ലാനം വരെയുള്ള തീരമേഖലയിൽ കടലാക്രമണം തടയുന്നതിന് കടൽഭിത്തി, ജിയോ ടെക്‌സ്റ്റൈൽ ട്യൂബ് എന്നിവ സ്ഥാപിക്കുന്നതിന് 8594.50 ലക്ഷം രൂപ ചെലവു വരുമെന്ന് കേന്ദ്രസംഘം മുമ്പാകെ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ചെല്ലാനത്ത് 5134.50 ലക്ഷവും വൈപ്പിനിൽ 3460 ലക്ഷവുമാണ് ചെലവു കണക്കാക്കിയിരിക്കുന്നത്.

ചെല്ലാനത്ത് വേളാങ്കണ്ണി പള്ളി, കമ്പനിപ്പടി, ചെറിയകടവ്, വാച്ചാക്കൽ മേഖലകളിൽ കടലാക്രമണം പ്രതിരോധിക്കുന്നതിന് ജിയോ ടെക്‌സ്റ്റൈൽ ട്യൂബ്, പുത്തൻതോട് ഫിഷിങ് ഗ്യാപ്പിൽ 110 മീറ്റർ നീളത്തിൽ ജിയോ ടെക്‌സ്‌റ്റൈൽ ബാഗുകൾ, കണ്ടക്കടവിലും പഞ്ചായത്തിലെ മറ്റ് മേഖലകളിലും കടൽഭിത്തി നിർമ്മാണം, കടൽഭിത്തി സംരക്ഷണം എന്നിവയാണ് റിപ്പോർട്ടിൽ മുന്നോട്ടുവച്ചിരിക്കുന്നത്. വൈപ്പിനിൽ എടവനക്കാട് അണിയിൽ, ചാത്തങ്ങാട്, പഴങ്ങാട്, നായരമ്പലം പഞ്ചായത്തിലെ വെളിയത്താംപറമ്പ്, ഐസിഎആറിനു സമീപമുള്ള പ്രദേശങ്ങൾ, എളങ്കുന്നപ്പുഴ പഞ്ചായത്തിലെ ചാപ്പ എന്നീ പ്രദേശങ്ങളിലെ കടൽഭിത്തി സംരക്ഷണം, വൈപ്പിനിൽ കടലാക്രമണഭീഷണി നേരിടുന്ന മറ്റ് പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മാണം എന്നിവയും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP