Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

1980ലെ ആ പത്താം ക്ലാസുകാരൻ മോഹൻ ഇന്ന് 17 രാജ്യങ്ങളിൽ അനുയായികളുള്ള ആത്മീയാചാര്യൻ ! ചൊവ്വ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ 'നീളൻ മൂക്കുകാരനെ' കണ്ടുപിടിച്ച സന്തോഷത്തിൽ സഹപാഠികൾ; 38 വർഷത്തിന് ശേഷം നടന്ന ആ ഒത്തുചേരലിങ്ങനെ

1980ലെ ആ പത്താം ക്ലാസുകാരൻ മോഹൻ ഇന്ന് 17 രാജ്യങ്ങളിൽ അനുയായികളുള്ള ആത്മീയാചാര്യൻ ! ചൊവ്വ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ 'നീളൻ മൂക്കുകാരനെ' കണ്ടുപിടിച്ച സന്തോഷത്തിൽ സഹപാഠികൾ; 38 വർഷത്തിന് ശേഷം നടന്ന ആ ഒത്തുചേരലിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ജനമനസുകളിൽ ഇടം നേടിയ 96 എന്ന സിനിമയെ സ്മരിപ്പിക്കും വിധം ഒരു ഒത്തുചേരൽ. എന്നാൽ സഹപാഠികൾ കാത്തിരുന്ന ആ നീളൻ മൂക്കുകാരൻ ഒരു സന്യാസിയായി തിരിച്ചെത്തുമെന്ന് അവർ സ്വപ്‌നത്തിൽ പോലും കരുതി കാണില്ല. ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ 38 വർഷങ്ങൾക്ക് ശേഷം 1980ലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒത്തു കൂടിയപ്പോൾ പ്രകാശിച്ചത് ആഴമേറിയ സുഹൃത്ത് ബന്ധത്തിന്റെ കിരണമാണ്. സ്‌കൂളിൽനിന്ന് എസ്.എസ്.എൽ.സി. പാസായി ഇറങ്ങിയ, ഇപ്പോൾ കോഴിക്കോട് വനിതാക്ഷേമ ഓഫീസറായ പി.എം. സൂര്യയ്ക്കും ബെംഗളൂരുവിലുള്ള രോഹിതിനും വീണ്ടും മോഹം.

പഴയ കൂട്ടുകാരെ ഒന്നിപ്പിക്കാൻ. പഴയ രജിസ്റ്ററിൽ നിന്നും വിലാസം തേടിപ്പിടിച്ചും സമൂഹ മാധ്യമങ്ങൾ വഴിയും എല്ലാവരേയും ഒരുവിധം കണ്ടെത്തി. അഞ്ചു പേർ ഇപ്പോൾ ജീവിച്ചരിപ്പില്ലെന്ന ദുഃഖ വാർത്തയും ഇതിനിടെ അറിയേണ്ടി വന്നു. എന്നാൽ എത്ര അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ആ നീളൻ മൂക്കുകാരൻ മോഹനാണ് ആ സംഗമത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹൻ എന്ന പേരിനുപകരം മോഹൻജി എന്ന് ഇന്റർനെറ്റിൽ തിരഞ്ഞപ്പോൾ ഒരു നിമിത്തമെന്നോണം കണ്ടത് അതേയാളെ.

മുടിയും താടിയും നീട്ടിവളർത്തി സ്‌നേഹം വഴിയുന്ന കണ്ണുകളോടെ ഒരു സന്ന്യാസിവേഷധാരി. മെസഞ്ചറിൽ, ഓർമയുണ്ടോ എന്ന ചോദ്യത്തിന് 'യെസ്' എന്ന് മറുപടി. മൂന്ന് ഭൂഖണ്ഡങ്ങളിൽ 17 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അനുയായികളുള്ള ആത്മീയാചാര്യനാണ് തങ്ങളുടെ പഴയ മോഹൻ എന്ന് തിരിച്ചറിയാൻ ഏറെ വൈകിയില്ല.

മകളുടെ മരണം മോഹനെ പിടിച്ചുലച്ചപ്പോൾ

കണ്ണൂരിലെ പ്രശസ്തനായ ഓർത്തോ ഫിസിഷ്യൻ ഡോ. പി.കെ. നമ്പൂതിരിയുടെയും ശ്രീദേവിയുടെയും മകനാണ് മോഹൻ. എസ്.എസ്.എൽ.സി.ക്കുശേഷം ഒരുവർഷം മാത്രം കണ്ണൂർ എസ്.എൻ. കോളേജിൽ പഠിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. 1990 മുതൽ ദീർഘകാലം ഗൾഫിൽ ഷിപ്പിങ് കമ്പനിയിൽ. ഇതിനിടെ വിവാഹം. മകൾ നാലരവയസ്സുകാരി അമ്മു ഗൾഫിൽവെച്ച് കൺമുന്നിൽ ട്രക്കിടിച്ച് മരിക്കുന്നിടത്താണ് മോഹനിൽനിന്ന് മോഹൻജിയിലേക്കുള്ള പരിണാമത്തിന്റെ തുടക്കം.

പിന്നീട് ഷിർദി ഭക്തനായി ആത്മീയപാതയിൽ. ഇന്ന് മോഹൻജി ഫൗണ്ടേഷനുകീഴിൽ നടക്കുന്നത് വിവിധ ആത്മീയ പ്രവർത്തനങ്ങൾ. വിവിധ രാജ്യങ്ങളിലായി ധ്യാനപരിശീലനവും ആശ്രമങ്ങളും. ധ്യാനപരിശീലനം 90 ശതമാനവും സൗജന്യം. വ്യക്തിവികാസത്തിനുള്ള കർമപദ്ധതികളാണ് ഇദ്ദേഹം ആവിഷ്‌കരിച്ചിരിക്കുന്നത്. മലയാളത്തിലുൾപ്പെടെ ഒട്ടേറെ ആത്മീയ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മൂന്നരപ്പതിറ്റാണ്ടിനുശേഷം ശനിയാഴ്ച വൈകുന്നേരമാണ് മോഹൻജി കണ്ണൂരിലെത്തിയത്.

ഇൻഡൊനീഷ്യയിൽനിന്നായിരുന്നു വരവ്. സഹപാഠികൾക്കൊപ്പം കണ്ണൂർ ചുറ്റിക്കറങ്ങി. കണ്ണൂർ കോട്ടയും ബർണശ്ശേരിയും സെയ്ന്റ് മൈക്കിൾസ് സ്‌കൂൾ പരിസരവും പയ്യാമ്പലവും കണ്ടു. തളാപ്പിലെ പഴയ തറവാട് വീട് സന്ദർശിച്ചു. ഞായറാഴ്ച സഹപാഠികൾക്കും കുടുംബങ്ങൾക്കുമൊപ്പം ഓർമകൾ ഉറങ്ങിക്കിടക്കുന്ന വിദ്യാലയം വീണ്ടും കണ്ടു. ഇനിയും കാണാമെന്ന ഉറപ്പോടെ മടക്കയാത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP