Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണം വാരാഘോഷത്തിനു നാളെ സമാപനം; തലസ്ഥാനത്ത് അതീവ സുരക്ഷ; ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കർശന നിർദേശങ്ങൾ

ഓണം വാരാഘോഷത്തിനു നാളെ സമാപനം; തലസ്ഥാനത്ത് അതീവ സുരക്ഷ; ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കർശന നിർദേശങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിനു നാളെ സമാപനം. ആഘോഷങ്ങളുടെ സമാപനം കുറിച്ചുള്ള ഘോഷയാത്ര നാളെ വൈകുന്നേരം നടക്കും.

വൈകിട്ട് അഞ്ചിന് വെള്ളയമ്പലത്തുനിന്നാരംഭിക്കുന്ന ഘോഷയാത്ര കിഴക്കേകോട്ടയിൽ അവസാനിക്കും. തൃശൂർ പൂരം, ഉത്രാളിപൂരം, മാമാങ്കം, അനന്തപുരിയിലെ ആറാട്ട് തുടങ്ങി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഉത്സവ സാംസ്‌കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ പ്രത്യേകതയാണ്. മൂവായിരത്തോളം കലാകാരന്മാർ അണിനിരക്കും.

ജൈവപച്ചക്കറികൃഷിയും അവയവദാനവുമുൾപ്പെടെ ആനുകാലികവിഷയങ്ങളും ഘോഷയാത്രയുടെ ഭാഗമാകുമെന്ന് ടൂറിസം മന്ത്രി എ.പി. അനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഘോഷയാത്ര പ്രമാണിച്ച് 31ന് ഉച്ചക്കുശേഷം മൂന്നുമണി മുതൽ തലസ്ഥാനത്തെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കെൽട്രോൺ ജങ്ഷനിൽ മാനവീയം റോഡിന് സമീപം പ്രത്യേകം തയാറാക്കിയ പവലിയനിൽ ഗവർണർ പി. സദാശിവം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുഖ്യാതിഥിയായിരിക്കും. മന്ത്രിമാരായ എ.പി. അനിൽകുമാർ, വി എസ്. ശിവകുമാർ, ശശി തരൂർ എംപി, കെ. മുരളീധരൻ എംഎ‍ൽഎ, മേയർ കെ. ചന്ദ്രിക എന്നിവർ സന്നിഹിതരായിരിക്കും. 101 പേരുടെ ചെണ്ടമേളവും ആലവട്ടവും വെൺചാമരവുമാണ് സാംസ്‌കാരിക ഘോഷയാത്രയെ ആനയിക്കുക. കേരളീയവേഷമണിഞ്ഞ സ്ത്രീകളും മുത്തുക്കുടയും ഓലക്കുടയുമേന്തിയ പുരുഷന്മാരും അനുഗമിക്കും. കൊമ്പും തായമ്പകയുമായി നാൽപതിൽപരം കലാകാരന്മാരും ആചാരയുദ്ധം പയറ്റി അമ്പതോളം വേലകളിക്കാരും അകമ്പടി സേവിക്കും.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ ഫ്‌ളോട്ടുകൾ കൂടുതലുണ്ടാകും. കാവടികളും താളമേളങ്ങളും ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളതും കേരളത്തിന്റെ തനതുമായ 150ൽപരം കലാരൂപങ്ങളും 100ൽ പരം ഫ്‌ളോട്ടുകളും ഉണ്ടാകുമെന്ന് ആഘോഷകമ്മിറ്റി ചെയർമാൻ വർക്കല കഹാർ എംഎ‍ൽഎ അറിയിച്ചു. ആനുകാലിക പ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്‌ളോട്ടുകളാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇനം തിരിച്ച് ഒന്നും രണ്ടും സ്ഥാനക്കാർക്ക് ടൂറിസം വകുപ്പ് പ്രത്യേക പാരിതോഷികങ്ങൾ സമ്മാനിക്കും. മികച്ചതിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലത്തെുന്നവർക്ക് യഥാക്രമം അരലക്ഷം രൂപയും മുപ്പതിനായിരം രൂപയുമാണ് സമ്മാനം. സമാപന സമ്മേളനം രാത്രി എട്ടിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് ഓണംഘോഷയാത്രയുടെ സമ്മാനദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.

വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ യൂനിവേഴ്‌സിറ്റി കോളജിന് മുന്നിൽ ഘോഷയാത്ര വീക്ഷിക്കുന്നതിന് ഒരുക്കിയിട്ടുള്ള വി.വി.ഐ.പി പവിലിയന് മുന്നിലും പബ്‌ളിക് ലൈബ്രറിയുടെ മുൻവശത്തെ വി.ഐ.പി പവിലിയന് മുന്നിലും മ്യൂസിയം ഗേറ്റിന് സമീപത്തെ പ്രത്യേക സ്റ്റേജിലും അവതരിപ്പിക്കും.

തലസ്ഥാനത്തു കനത്ത സുരക്ഷ

തിരുവനന്തപുരം നഗരത്തിൽ പൊലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സമാപനദിവസത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി 1750 ഓളം പൊലീസുകാരെ വിന്യസിക്കും.

ഓണം ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ സമാപന സ്ഥലമായ ഈസ്റ്റ് ഫോർട്ട്, അട്ടക്കുളങ്ങര വരെ 20 ഡിവിഷനുകളായി തിരിച്ച് ഓരോ ഡിവിഷന്റെയും ചുമതല ഓരോ അസിസ്റ്റന്റ് കമ്മീഷണർക്കാണ്.

ഫ്‌ളോട്ടുകളെയും അതിനോടനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളെയും മൂന്ന് ഡിവിഷനുകളായി തിരിച്ച് ഓരോന്നിന്റെയും ചുമതല അസിസ്റ്റന്റ് കമ്മീഷണർമാരെ ഏൽപ്പിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടമുണ്ടാകും. നിലവിൽ സ്ഥാപിച്ചിട്ടുള്ള 240 ക്യാമറകൾക്കു പുറമെ 75 ക്യാമറകളും 50 ഡിജിറ്റൽ ക്യാമറകളും നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ വിന്യസിക്കും.

സിറ്റി പൊലീസ് കൺട്രോൾ റൂമിലും, കനകക്കുന്നിലെ സ്‌പെഷ്യൽ കൺട്രോൾ റൂമിലും ഇവ നിരീക്ഷിക്കും. വനിതാ പൊലീസ് ഉൾപ്പെടെ 100 ൽ അധികം മഫ്ടി പൊലീസ്‌കാരെയും, ഷാഡോ പൊലീസിനെയും വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് സംശയം തോന്നുന്ന തരത്തിലുള്ള സാധനങ്ങളോ മറ്റു ഉപദ്രവങ്ങളോ, സ്ത്രീകളെ ശല്യപ്പെടുത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ താഴെ പറയുന്ന നമ്പരുകളിൽ അറിയിക്കാം. 100 - പൊലീസ് കൺട്രോൾ റൂം, 0471 2331843 - പൊലീസ് കൺട്രോൾ റൂം, 0471 2321399 - സിറ്റി സ്‌പെഷ്യൽ ബ്രാഞ്ച്, 1090 - ക്രൈം സ്റ്റോപ്പർ, 1091 - വനിതാ ഹെൽപ്പ് ലൈൻ, 1099 - ട്രാഫിക് ഹെൽപ്പ് ലൈൻ.

തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

ണം ഘോഷയാത്രയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നുമുതൽ തിരുവനന്തപുരം നഗരത്തിൽ പൊലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കവടിയാർ മുതൽ കിഴക്കേകോട്ട വരെ എം.ജി. റോഡിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. എം.സി. റോഡിൽ നിന്നും തമ്പാനൂർ/ കിഴക്കേകോട്ട പോകേണ്ട വാഹനങ്ങൾ മണ്ണന്തല, കുടപ്പനക്കുന്ന്, പേരൂർക്കട, പൈപ്പിന്മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, തൈക്കാട് ഫ്‌ളൈ ഓവർ വഴിയും, എൻ.എച്ച്. റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ഉള്ളൂർ, മെഡിക്കൽ കോളേജ്, കണ്ണമ്മൂല, ജനറൽ ഹോസ്പിറ്റൽ അണ്ടർപാസ്, ബേക്കറി, ഫ്‌ളൈ ഓവർ, പനവിള വഴിയും, നെടുമങ്ങാട് നിന്നും വരുന്ന വാഹനങ്ങൾ പേരൂർക്കട, പൈപ്പിന്മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, തൈക്കാട് ഫ്‌ളൈഓവർ വഴിയും, തമ്പാനൂർ ഭാഗത്തു നിന്നും എൻ.എച്ചിലേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി, ഫ്‌ളൈഓവർ, അണ്ടർപാസ്, ജനറൽ ഹോസ്പിറ്റൽ, പേട്ട, കണ്ണമ്മൂല, മെഡിക്കൽ കോളേജ്, ഉള്ളൂർ വഴിയും എം.സി. റോഡിലേക്കു പോകേണ്ട വാഹനങ്ങൾ അണ്ടർപാസ്, ജനറൽ ഹോസ്പിറ്റൽ, പാറ്റൂർ, വടേക്കാട് പൊട്ടക്കുഴി, പട്ടം വഴിയും, നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി, വഴുതക്കാട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിന്മൂട്, പേരൂർക്കട വഴിയും പോകണം.

തിരുവല്ലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര, കിള്ളിപ്പാലം, ചൂരക്കാട്ടുപാളയം വഴി തമ്പാനൂർ ഭാഗത്തേക്ക് പോകണം. കിഴക്കേകോട്ട നിന്നും പേരൂർക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, അട്ടക്കുളങ്ങര, കിള്ളിപ്പാലം, ഫ്‌ളൈഓവർ, മേട്ടുക്കട, സാനഡു, എസ്.എം.സി, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിന്മൂട് വഴി പോകണം. കിഴക്കേകോട്ട നിന്നും പേട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെട്ടിമുറിച്ചകോട്ട, വാഴപ്പള്ളി, മിത്രാനന്ദപുരം, എസ്‌പി.ഫോർട്ട് ആശുപത്രി, കൈതമുക്ക്, ഉപ്പിടാംമൂട്, വഞ്ചിയൂർ, പാറ്റൂർ വഴിയും പോകണം. കവടിയാർ, വെള്ളയമ്പലം, പാളയം, കിഴക്കേകോട്ട മെയിൻ റോഡിലും എ.കെ.ജി സെന്റർ - സ്‌പെൻസർ റോഡിലും വാഹനങ്ങൾ പാർക്കു ചെയ്യാൻ പാടില്ല.

വാഹനം പാർക്കു ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ

ശാൻ സ്‌ക്വയർ ജനറൽ ഹോസ്പിറ്റൽ, പി.എം.ജി ലോ കോളേജ് റോഡ്, പ്രസ് ക്ലബ് റോഡ്, സാഫല്യം ജേക്കബ്‌സ് ജങ്ഷൻ റോഡ്, മ്യൂസിയം സൂര്യകാന്തി റോഡ്, മ്യൂസിയം നന്ദാവനം റോഡ്, വെള്ളയമ്പലം ശാസ്തമംഗലം റോഡ്, കെൽട്രോൺ ആൽത്തറ റോഡ് എന്നിവിടങ്ങളിൽ ഒരു വശത്തു വാഹനങ്ങൾ പാർക്കു ചെയ്യാം. യൂണിവേഴ്‌സിറ്റി ഓഫീസ്, യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, പൂജപ്പുര എൽ.ബി.എസ് കോമ്പൗണ്ട്, ടാഗോർ തീയേറ്റർ കോമ്പൗണ്ട്, സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ട്, ഒളിമ്പിക് അസോസിയേഷൻ ഹാൾ കോമ്പൗണ്ട്, എൽ.എം.എസ്. കോമ്പൗണ്ട്, ഗവ.ആർട്‌സ് കോളേജ് കോമ്പൗണ്ട്, സംഗീത കോളേജ് കോമ്പൗണ്ട്, എസ്.എം വി സ്‌കൂൾ കോമ്പൗണ്ട്, അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ കോമ്പൗണ്ട്, ഫോർട്ട് ഹൈസ്‌കൂൾ കോമ്പൗണ്ട്, ആറ്റുകാൽ ദേവിക്ഷേത്രം പാർക്കിങ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP