Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ; പിടിയിലായത് വലിയവിള സ്വദേശിയായ ആനന്ദ്; ഇയാൾ കോർപ്പറേഷൻ ഓഫീസിൽ എത്തിയത് വീട്ടുലോണിന്റെ പേപ്പർ ശരിയാക്കാനെന്ന വാദവുമായി ബിജെപിയുടെ പ്രതിരോധം

തിരുവനന്തപുരം മേയറെ ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ; പിടിയിലായത് വലിയവിള സ്വദേശിയായ ആനന്ദ്; ഇയാൾ കോർപ്പറേഷൻ ഓഫീസിൽ എത്തിയത് വീട്ടുലോണിന്റെ പേപ്പർ ശരിയാക്കാനെന്ന വാദവുമായി ബിജെപിയുടെ പ്രതിരോധം

തിരുവനന്തപുരം: തലസ്ഥാനത്ത് നഗരസഭയിൽവച്ച് മേയർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വലിയവിള സ്വദേശി ആനന്ദിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇയാൾ ബിജെപി പ്രവർത്തകനാണ്. വലിയവിളയിലെ തന്നെ കൗൺസിലറായി ജയിച്ചെത്തിയ ആളാണ് മേയർ വി.കെ പ്രശാന്ത്. നഗരസഭയിൽ വച്ച് കഴിഞ്ഞദിവസം ഉണ്ടായ തർക്കങ്ങൾക്ക് ഒടുവിൽ സി.പി.എം ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.

ഇതിനെ തുടർന്നാണ് മേയർ പ്രശാന്തിന് പരിക്കേറ്റത്. കാലിനും കഴുത്തിനും പരിക്കേറ്റ മേയർ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബിജെപി കൗൺസിലർമാർക്ക് ഒപ്പം പുറത്തുനിന്ന് എത്തിയ ബിജെപി പ്രവർത്തകരും ചേർന്നാണ് മേയറെ ആക്രമിച്ചതെന്ന ആക്ഷേപമാണ് സി.പി.എം ഉയർത്തുന്നത്. ഇതിനിടെയാണ് വലിയവിള സ്വദേശിയായ ബിജെപി പ്രവർത്തകനെ കസ്റ്റഡിയിലെടുക്കുന്നത്.

അതേസമയം ആനന്ദ് നഗരസഭയിൽ എത്തിയത് തന്റെ വീടിന്റെ ലോണപേക്ഷയുടെ പേപ്പറുകൾ ശരിയാക്കാൻ ആയിരുന്നു എന്നാണ് ബിജെപിയുടെ പ്രതികരണം. ഇതോടെ ഈ പൊലീസ് നടപടിയിൽ പ്രതിഷേധിക്കുമെന്നും പ്രതിരോധിക്കുമെന്നും ബിജെപി വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന മേയർ അഡ്വ. വി.കെ. പ്രശാന്തിന്റെ ചികിത്സയ്ക്കായി ഇന്ന് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഓർത്തോപീഡിക്സ്, സർജറി, മെഡിസിൻ വിഭാഗം മേധാവികൾ, ആർ.എം.ഒ., യൂണിറ്റ് മേധാവി എന്നിവരാണ് മെഡിക്കൽ ബോർഡിലുള്ളത്.

പ്രത്യേക മെഡിക്കൽ ബോർഡ് യോഗം കൂടി മേയറുടെ ആരോഗ്യനില വിലയിരുത്തി. ശരീരത്തിനേറ്റ ക്ഷതവും പരുക്കുകളും തുടർ ചികിത്സയും മെഡിക്കൽ ബോർഡ് ചർച്ച ചെയ്തു. കഴുത്തിനേറ്റ പരുക്കിനെപ്പറ്റിയറിയാൻ എം.ആർ.ഐ. സ്‌കാനിങ് നടത്താൻ ബോർഡ് നിർദ്ദേശം നൽകി. രണ്ടാഴ്ചത്തെ തുടർ ചികിത്സയും വിശ്രമമാണ് നിർദ്ദേശിച്ചിട്ടുള്ളത്. 48 മണിക്കൂറിന് ശേഷം വീണ്ടും മേയറെ പരിശോധിച്ച് ആരോഗ്യനില വിലയിരുത്തും. ഡിസ് ചാർജ് ഉടൻ വേണ്ടെന്നും ചികിത്സ തുടരാനും മെഡിക്കൽ ബോർഡ് തീരുമാനിച്ചു.

ശനിയാഴ്ച തന്നെ അക്രമിച്ചവരിൽ കണ്ടാലറിയാവുന്ന ഇരുപത് ബിജെപി കൗൺസിലർമാരെയും മറ്റ് ഏഴ്‌പേർക്കെതിരെയും മേയർ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മേയറെ വകവരുത്തുക എന്നത് തന്നെയാണ് ബിജെപി കൗൺസിലർമാർ ലക്ഷ്യം വെച്ചതെന്നും തലനാരിഴയ്ക്ക് മാത്രമാണ് രക്ഷപ്പെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു.

മേയർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് ബിജെപി നേതാക്കൾ ഡിജിപിയുമായി ചർച്ച നടത്തിയിരുന്നു. അറസ്റ്റുണ്ടായാൽ അതിന് പ്രതിരോധം തീർക്കുക എന്നത് തന്നെയാണ് ബിജെപിയുടെ ലക്ഷ്യം. ഇതോടെ ഇന്ന് ബിജെപി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തത് ചർച്ചാവിഷയമാക്കാൻ ഒരുങ്ങുകയാണ് ബിജെപി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP