Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാണിയുടെ തീരുമാനം രാഷ്ട്രീയ തറവാടിത്തമില്ലാതെന്ന് സുധീരൻ; അധികാരമുള്ളിടത്തേ മാണി നിൽകുകയുള്ളൂവെന്ന് ചെന്നിത്തല; മാണി പോയതോടെ കോൺഗ്രസിന് ശുക്രദശയെന്ന് പ്രതാപനും സതീശനും; മൂന്ന് മാസം മുമ്പ് പോയിരുന്നെങ്കിൽ യുഡിഎഫ് അധികാരത്തിൽ ഇരുന്നേനെയയെന്ന് ഷിബു; തെരുവിൽ നേരിടാൻ ഉറച്ച് യൂത്ത് കോൺഗ്രസ്; വിലപേശൽ രാഷ്ട്രീയത്തിന് ഇറങ്ങിയ മാണി പ്രതിരോധത്തിൽ

മാണിയുടെ തീരുമാനം രാഷ്ട്രീയ തറവാടിത്തമില്ലാതെന്ന് സുധീരൻ; അധികാരമുള്ളിടത്തേ മാണി നിൽകുകയുള്ളൂവെന്ന് ചെന്നിത്തല; മാണി പോയതോടെ കോൺഗ്രസിന് ശുക്രദശയെന്ന് പ്രതാപനും സതീശനും; മൂന്ന് മാസം മുമ്പ് പോയിരുന്നെങ്കിൽ യുഡിഎഫ് അധികാരത്തിൽ ഇരുന്നേനെയയെന്ന് ഷിബു; തെരുവിൽ നേരിടാൻ ഉറച്ച് യൂത്ത് കോൺഗ്രസ്; വിലപേശൽ രാഷ്ട്രീയത്തിന് ഇറങ്ങിയ മാണി പ്രതിരോധത്തിൽ

തിരുവനന്തപുരം: യുഡിഎഫിലെ എല്ലാവർക്കും കേരളാ കോൺഗ്രസ് നേതാവ് കെ എം മാണി ഇതുവരെ മാണിസാർ ആയിരുന്നു. ഉമ്മൻ ചാണ്ടിയും സുധീരനും ചെന്നിത്തലയും അടക്കമുള്ള നേതാക്കളെല്ലാം അങ്ങനെയാണ് മാണിയെ വിളിച്ചതും. എന്നാൽ, യാതൊരു മുന്നണി മര്യാദയും ഇല്ലാതെ പ്രത്യേകിച്ച കാരണവും ഇല്ലാതെ കോൺഗ്രസിനെ തെറിപറഞ്ഞ് മാണി യുഡിഎഫ് മുന്നണി വിട്ടതോടെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പല നേതാക്കളും അതുവരെ സാറെ എന്ന് വിളിച്ചത് മാറ്റി മാണിയെന്നാക്കിയാണ് പ്രതികരിച്ചു തുടങ്ങിയത്. മുന്നണിയെ വഞ്ചിച്ചു മാണി പോയി എന്ന പൊതുവികാരാണ് കോൺഗ്രസിലും മുന്നണിയിലും ഉള്ളത് അഥുകൊണ്ട് തന്നെ മൃദു സമീപനം വെടിഞ്ഞ് രൂക്ഷ വിമർശനവുമായി നേരിടാനാണ് നേതാക്കളുടെ തീരുമാനം. മുതിർന്ന നേതാക്കളെല്ലാം മാണിയെ വിമർശിച്ച് രംഗത്തെത്തിയത്.

യുഡിഎഫ് വിടാനുള്ള കേരളാ കോൺഗ്രസ് എമ്മിന്റെ തീരുമാനം വേദനാജനകമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ബാർ കോഴക്കേസിന്റെ അന്വേഷണത്തിലെ ചില തെറ്റിദ്ധാരണകൾ മാണിക്കുണ്ടായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ബാർ കേസിൽ കേസിൽ വിജിലൻസ് കോടതിക്ക് കൊടുത്ത രണ്ട് അന്വേഷണ റിപ്പോർട്ടിലും മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മാണിക്ക് ഇക്കാര്യത്തിൽ തെറ്റിദ്ധാരണ നിലനിൽക്കുകയാണ്. അതിനാലാണ് ഇത്തരമൊരു നിലപാട് ഉണ്ടാകാൻ ഇടയായതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അതേസമയം, ആത്മാഭിമാനമുണ്ടെങ്കിൽ മാണി രാജി വയ്ക്കണമെന്ന് യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ ആവശ്യപ്പെട്ടു. മുന്നണി വിടുകയും തദ്ദേശ സ്ഥാപനങ്ങളിൽ ധാരണ നിലനിറുത്തുകയും ചെയ്യുന്നത് ശരിയല്ല. മുന്നണി വിട്ടു പോയ സ്ഥിതിക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ മാണി ഗ്രൂപ്പ് രാജി വയ്ക്കണമെന്നും തങ്കച്ചൻ പറഞ്ഞു. കോൺഗ്രസിന് ഇനി മുതൽ ശുക്രദശ ആയിരിക്കുമെന്ന് കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ പറഞ്ഞു. മാണിയെ പിന്തുണച്ചതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്കിടയാക്കിയതെന്നും പ്രതാപൻ ചൂണ്ടിക്കാട്ടി. വി ടി സതീശനും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

മാണിയുടെ തീരുമാനം രാഷ്ട്രീയ തറവാടിത്തമില്ലാതെന്ന് സുധീരൻ

യുഡിഎഫ് വിടാനുള്ള കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനത്തെ വിമർശിച്ച കെപിസിസി പ്രസിഡന്റ് വി എം സുധീരൻ മാണിയുടെ തീരുമാനത്തിൽ അതിയായ ദുഃഖമുണ്ടെന്ന് സുധീരൻ പ്രതികരിച്ചു. ബാധ്യത നിറവേറ്റാതെ ഒളിച്ചോടുന്ന രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് കെഎം മാണി കാട്ടിയത്. അധികാരം കിട്ടിയിരുന്നെങ്കിൽ മാണി മുന്നണി വിടില്ലായിരുന്നു. മുന്നണി വിടാൻ തീരുമാനിച്ച ശേഷം കാരണം കണ്ടെത്തുകയാണ് മാണി ചെയ്തതെന്നും വി എം സുധീരൻ പറഞ്ഞു.

പെട്ടെന്നെടുത്ത തീരുമാനം എന്ന നിലയിലേ കേരള കോൺഗ്രസ് നിലപാടിനെ കാണാനാവൂ. മാണി വിഭാഗം രാഷ്ട്രീയ വിശ്വാസ്യത നഷ്ടപ്പെടുത്തി. യുഡിഎഫിൽ ഒരു വിഷയവും മാണി ഉന്നയിച്ചില്ലെന്നും വി എം സുധീരൻ പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് വി എം സുധീരന്റെ രൂക്ഷമായ വിമർശനം. സമദൂര നിലപാടെന്ന് വിശേഷിപ്പിക്കുന്നതിൽ അർത്ഥമില്ല. അവസരവാദ നിലപാടെന്നേ പറയാനാവൂ. നിലപാട് തെറ്റാണെന്ന് അവർക്ക് ബോധ്യപ്പെടും. അവർ തന്നെ അത് പറയും. മാണി വിഭാഗം വിട്ടതുകൊണ്ട് യുഡിഎഫിനെ ബാധിക്കില്ല. ജനകീയാടിത്തറ തകരില്ല. യുഡിഎഫ് ജയിച്ചിരുന്നെങ്കിൽ അവർ മുന്നണി വിടുമായിരുന്നില്ല. വി എം സുധീരൻ പറഞ്ഞു.

കേരള കോൺഗ്രസിനോട് കോൺഗ്രസിന് എന്നും നീതിപൂർവമാണ് പ്രവർത്തിച്ചത്. അവസരവാദ രാഷ്ട്രീയത്തിന്റെയും ഭാഗ്യാന്വേഷണത്തിന്റെയും സാധ്യത തേടിയുള്ള നീക്കം മാത്രമാണ് കേരള കോൺഗ്രസ് നടത്തുന്നത്. യുഡിഎഫ് പിരിച്ചുവിടണമെന്ന എൽഡിഎഫ് നേതാക്കളുടെ നിലപാടിന് പ്രസക്തിയില്ല. അങ്ങനെയെങ്കിൽ ആദ്യം പിരിച്ചുവിടേണ്ടത് എൽഡിഎഫാണ് എന്നും വി എം സുധീരൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസിൽ വലിയ ഭിന്നിപ്പുണ്ടായി. പ്രമുഖ നേതാക്കളും അണികളും വിട്ടുപോയി. എന്നിട്ടും കോൺഗ്രസ് ഏറ്റവും മാന്യമായി പരിഗണന നൽകി. 15 സീറ്റുകൾ തന്നെ നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധികാരം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കും. എടുത്തുചാടാനില്ലെന്നും വി എം സുധീരൻ പറഞ്ഞു.

അധികാരമുള്ളിടത്ത് മാണി നിൽക്കുമെന്ന് രമേശ് ചെന്നിത്ത

അധികാരം ലഭിച്ചിരുന്നുവെങ്കിൽ കെ.എം മാണി യു.ഡി.എഫ് വിടുമായിരുന്നോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനങ്ങൾ രാജിവെക്കില്ല എന്നാണ് ഇപ്പോൾ മാണി പറഞ്ഞിരിക്കുന്നത്. ഇതിൽ നിന്നും വ്യക്തമാവുന്നത് മാണി അധികാരമുള്ളിടത്ത് നിൽക്കുമെന്നതിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ഒന്നുകിൽ മുന്നണിയിൽ പറയണം, അല്ലെങ്കിൽ നേതൃത്വത്തോട് സംസാരിക്കണം. ഇത് രണ്ടും ചെയ്യാതെ മുന്നണി വിട്ടത് ശരിയായില്ല. ചർച്ചകൾക്ക് വഴിതെളിക്കുക പോലും തയ്യാറാവാതെയാണ് മാണി മുന്നണി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

മാണി യുഡിഎഫ് വിട്ട സാഹചര്യം വിലയിരുത്തും: കുഞ്ഞാലിക്കുട്ടി

കേരള കോൺഗ്രസ് യുഡിഎഫ് വിട്ട സാഹചര്യം പാർട്ടി പരിശോധിക്കുമെന്ന് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെഎം മാണിയുമായി ലീഗ് നേതൃത്വം സംസാരിക്കും. കാര്യങ്ങൾ ലീഗ് വിലയിരുത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെഎം മാണിയുടെ വിഷയം ചർച്ച ചെയ്യാം എന്നാണ് യുഡിഎഫ് എടുത്ത നിലപാട്. രൂക്ഷമായ പ്രതികരണങ്ങളുമായി പോകേണ്ട കാര്യമില്ല. മാണിയുമായി സംസാരിക്കട്ടെ. രാഷ്ട്രീയ ഭിന്നതയുണ്ടെങ്കിൽ എതിർക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫിലേക്ക് തിരിച്ചുവരാനുള്ള സാധ്യത മാണിയാണ് തീരുമാനിക്കേണ്ടത്. മുന്നണി വിട്ടയുടൻ അനുരഞ്ജന ചർച്ച അവർ ഇഷ്ടപ്പെടേണ്ടതില്ല. സാഹചര്യം ലീഗിന് വിലയിരുത്തണം. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസം ചേർന്ന ലീഗ് നേതൃയോഗം എടുത്ത ലീഗിന്റെ നിലപാടാണ് പറഞ്ഞത്. എന്നാൽ പരസ്യ ചർച്ചയ്ക്കില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തീരുമാനം മൂന്ന് മാസം മുമ്പെടുത്തെങ്കിൽ യുഡിഎഫ് അധികാരത്തിൽ ഇരുന്നേനെ: ഷിബു ബേബിജോൺ

അതേസമയം യുഡിഎഫ് വിട്ട കേരള കോൺഗ്രസ് തീരുമാനത്തിന് പിന്നാലെ കെഎം മാണിയെ കണക്കിന് പരിഹസിച്ച് ആർഎസ്‌പി നേതാവും മന്ത്രിസഭയിൽ സഹപ്രവർത്തകനുമായിരുന്ന ഷിബു ബേബി ജോൺ. എന്റെ മാണി സാറെ, ഈ തീരുമാനം ഒരു മൂന്ന് മാസം മുമ്പ് ഒന്ന് എടുത്തുകൂടായിരുന്നോ, എങ്കിൽ ഐക്യ ജനാധിപത്യ മുന്നണി ഇപ്പോൾ അധികാരത്തിൽ ഇരുന്നേനെ. ധാർമികത, തുറന്ന പുസ്തകം, കറ കളഞ്ഞ ജീവിതം, പിന്നിൽ നിന്ന്, മുന്നിൽ നിന്ന് കുത്തുകൾ എല്ലാം ഇപ്പോൾ പാഴായി പോയില്ലേ. എന്നാണ് ഫേസ്‌ബുക് പോസ്റ്റിലൂടെ ഷിബു ബേബി ജോണിന്റെ പരിഹാസം.

മാണിയെ വഴിയിൽ തടഞ്ഞ് കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രതിഷേധം

അതേസമയം യുഡിഎഫ് വിടാനുള്ള തീരുമാനം കൈക്കൊണ്ട കെ എം മാണിയെ ചരൽകുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാണിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മാണിയെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തുവന്നതോടെ പൊലീസിന്റെ അകമ്പടിയോടെയാണ് മാണി പിന്നീട് യാത്ര തുടർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP