Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിത ഭാരവുമായി എത്തുന്ന തടിലോറികൾ കേരളത്തിന്റെ നിരത്തുകളിൽ ഉണ്ടാക്കുന്നത് വൻ അപകടങ്ങൾ; അഞ്ചിരട്ടിയോളം ഭാരംകയറ്റി ദേശീയപാതയിലൂടെ പായുന്ന ലോറികൾ കാൽ നടയാത്രക്കാർക്കും പേടിസ്വപ്നം; ഭൂരിഭാഗം ലോറികളും കാലപ്പഴക്കം ഏറിയവ

അമിത ഭാരവുമായി എത്തുന്ന തടിലോറികൾ കേരളത്തിന്റെ നിരത്തുകളിൽ ഉണ്ടാക്കുന്നത് വൻ അപകടങ്ങൾ; അഞ്ചിരട്ടിയോളം ഭാരംകയറ്റി ദേശീയപാതയിലൂടെ പായുന്ന ലോറികൾ കാൽ നടയാത്രക്കാർക്കും പേടിസ്വപ്നം; ഭൂരിഭാഗം ലോറികളും കാലപ്പഴക്കം ഏറിയവ

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: അമിത ഭാരം കയറ്റിയെത്തുന്ന തടിലോറികൾ കേരളത്തിന്റെ നിരത്തുകളിൽ തുടർച്ചയായ നിരവധി അപകടങ്ങളാണ് ഉണ്ടാക്കുന്നത്. അഞ്ചിരട്ടിയോളം ഭാരംകയറ്റി ദേശീയപാതയിലും ഇടറോഡുകളിലൂടെയും ഇടതടവില്ലാതെ സഞ്ചരിക്കുന്ന ലോറികൾ വാഹന, കാൽനട യാത്രക്കാരെ ഭയപ്പാടിലാഴ്‌ത്തുന്നുണ്ട്. അപകട മുന്നറിയിപ്പ് പതിപ്പിക്കണമെന്ന നിർദ്ദേശം പാലിക്കാതെയാണു ലോറികൾ പായുന്നത്. സമീപത്ത് എത്തുന്ന വാഹനങ്ങൾക്കു പോലും ലോറിയിൽനിന്നു നീണ്ടുനിൽക്കുന്ന തടി കാണാൻ കഴിയാത്ത സ്ഥിതിയാണ്. ലോറിക്കു തൊട്ടടുത്ത് എത്തുമ്പോഴാണ് ഇത്തരം വാഹനങ്ങൾ മറ്റ് വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുന്നത്. പലപ്പോഴും ഇത്തരം ലോറികൾ കാണുന്നതോടെ എല്ലാവരും വണ്ടി റോഡിൽ ഒതുക്കുകയോ വഴി മാറി നടന്ന് പോകുകയോ ചെയ്യാറുണ്ട്.

ഇന്നലെ ഏഴു വയസുകാരന്റെ മരണത്തിനിടയാക്കിയ അപകടത്തിനു കാരണമായ ലോറിയിലും അമിത ലോഡായിരുന്നു. നാലംഗ കുടുംബം സഞ്ചരിച്ച കാറിൽ ലോറിയിടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി കിഴക്കേതലക്കൽ തോമസ് ജോർജിന്റെ മകൻ ജോഹനാണ് അപകടത്തിൽ മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും പുറത്തെടുത്തത്. ഇത്തരത്തിൽ നിരവധി അപകടങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നത്. തെക്കൻ ജില്ലകളിൽനിന്നും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പെരുമ്പാവൂരിലെ വ്യവസായ മേഖലയിലേക്കു നിരവധി ലോറികളാണു ദിവസേന തടിയുമായി പോകുന്നത്.

നിരന്തരമായി ലോറികൾ ഇങ്ങനെ വരുന്നതിന് പിന്നിൽ വൻ ലോബിയുണ്ട്. തടികയറ്റുന്ന ലോറികളിൽ ഭൂരിഭാഗവും കാലപ്പഴക്കം ഏറിയവയാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെ തിരക്കേറിയ ദേശീയപാതയിലൂടെ രാത്രികാലങ്ങളിൽ ഇത്തരം വാഹനങ്ങൾ നിരനിരയായി കടന്ന് പോയിട്ടും അധികാരികൾ നോക്കുകുത്തിയാകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗവും റോഡിന്റെ വശങ്ങൾ താഴ്ന്നു നിൽക്കുന്നതും വഴിവിളക്കുകൾ തെളിയാത്തതും അപകട സാധ്യത വർധിപ്പിക്കുകയാണ്. പൊലീസും മോട്ടോർ വാഹന വകുപ്പും രാത്രികാല പരിശോധന കർശനമാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നുള്ള പരാതിയും പല ഭാഗത്ത് നിന്നും ഉയർന്ന് വരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP