കമ്മ്യൂണിസം ഇല്ലാത്ത ഏകാധിപതിയാണ് പിണറായി വിജയനെന്ന് പി സി ജോർജ്ജ്; കേരളത്തിൽ പൊലീസ് രാജാണ് നടപ്പിലാക്കുന്നത്; സർക്കാറിന്റെ കൗണ്ട്ഡൗൺ തുടങ്ങി; സിപിഎമ്മിന്റെ പൊലീസ് ഫ്രാക്ഷൻ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമർത്തുന്നു: പി സി ജോർജ്ജ്
November 19, 2018 | 05:45 PM IST | Permalink

സ്വന്തം ലേഖകൻ
കണ്ണൂർ: കമ്മ്യൂണിസം ഇല്ലാത്ത ഏകാധിപതിയാണ് പിണറായി വിജയനെന്നും സർക്കാറിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുകയാണെന്നും പി.സി ജോർജ് എംഎൽഎ. കേരളത്തിൽ പൊലീസ് രാജ് ആണ് നടപ്പിലാക്കുന്നത്. സിപിഎമ്മിന്റെ പൊലീസ് ഫ്രാക്ഷൻ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചമർത്തുകയാണ്. മർദ്ദകവീരന്മാരായ പൊലീസ് ആണ് ഇതിന് നേതൃത്വം നൽകുന്നത്.
വിജയ് സാക്കറെ, യതീഷ്ചന്ദ്ര ഇവർ അറിയപ്പെടുന്ന മർദ്ദക വീരന്മാരാണ്. ഡി.ജി.പി ബഹ്റയുടെ സെപ്റ്റംബർ 7 മുതൽ 15 വരെയുള്ള ഫേസ്‌ബുക്ക് പോസ്റ്റുകൾ കാണാനില്ല. ഈ ദിവസങ്ങളിൽ ബഹ്റ എവിടെ ആയിരുന്നുവെന്ന് അന്വേഷിക്കണം. കേന്ദ്രം നൽകിയ 100 കോടിയിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ശബരിമലയിൽ യാതൊരു പുനരുദ്ധാരണവും നടത്തിയിട്ടില്ല.
മാലിന്യങ്ങൾ നിറഞ്ഞ് ശബരിമല നേരിടുന്നത് വലിയ പരിസ്ഥിതി പ്രശ്നമാണ്. ക്ഷേത്ര വിളംബര പ്രവേശനം പോലെ ചരിത്രമാകാമെന്നുള്ള പ്രാധാന്യം ആണ് കിട്ടാൻ പോകുന്നതെന്ന് വിചാരിച്ചാണ് ശബരിമല വിധിയിൽ പിണറായി ആവേശം കൊണ്ടത്.അതാണ് ഇപ്പോൾ ഈ ഗതി പിണറായിക്ക് വന്നത്.ആരും ഇപ്പോൾ പിണറായിയുടെ കൂടെ ഇല്ല.
ദൈവ വിശ്വാസം വർദ്ധിക്കുന്തോറും കമ്മ്യൂണിസം തകർന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ യുവതി യുവാക്കളെ ചാക്കിട്ട് പിടിക്കാനാണ് ശ്രമിച്ചത് . പക്ഷെ ഇവിടെ അത് തിരിച്ചടിയായി. സർക്കാരിന് ഇപ്പോൾ കഷ്ടകാലമാണെന്നും അദ്ദേഹം പറഞ്ഞു.കോടതി വിധി എങ്ങനെ വന്നു എന്നത് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കാൻ ഇന്ത്യൻ പ്രസിഡന്റ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
