Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ്എസ്എൽസി ചോദ്യപേപ്പറിൽ ലീഗ് ചിഹ്നം വന്നത് ആരുടെയും നിർദ്ദേശപ്രകാരമല്ല; അടയാളമായി ചന്ദ്രക്കലയും നക്ഷത്രവും തിരഞ്ഞെടുത്തത് പുറത്തുള്ള പ്രസ്സുകാർ; വിവാദത്തിൽ നിന്നും കൈകഴുകി വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം

എസ്എസ്എൽസി ചോദ്യപേപ്പറിൽ ലീഗ് ചിഹ്നം വന്നത് ആരുടെയും നിർദ്ദേശപ്രകാരമല്ല; അടയാളമായി ചന്ദ്രക്കലയും നക്ഷത്രവും തിരഞ്ഞെടുത്തത് പുറത്തുള്ള പ്രസ്സുകാർ; വിവാദത്തിൽ നിന്നും കൈകഴുകി വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നലെ നടന്ന എസ്എസ്എൽസി പരീക്ഷയിൽ മുസ്ലിംലീഗിന്റെ ചിഹ്നമായ ചന്ദ്രക്കലയും നക്ഷത്രവും വന്നത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് രംഗത്തെത്തി. ചോദ്യപേപ്പറിൽ ചിഹ്നം വന്നത് ആരുടെയും നിർദ്ദേശപ്രകാരമല്ലെന്ന് പി കെ അബ്ദുറബ്ബ് വിശദീകരിച്ചു. ഇക്കാര്യത്തിൽ പിഴവു പറ്റിയത് പേപ്പർ അച്ചടിച്ച പ്രസ്സിനാണെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ആരുടെയും നിർദ്ദേശപ്രകാരമല്ല എസ്എസ്എൽസി പരീക്ഷയുടെ സോഷ്യൽ സയൻസ് ഉൾപ്പെടെയുള്ള ഏതാനും ചോദ്യപ്പേപ്പറുകലിൽ ചന്ദ്രക്കല അടയാളം വന്നത്. ചോദ്യപേപ്പർ അച്ചടി തികച്ചും രഹസ്യസ്വഭാവമുള്ളതിനാൽ സംസ്ഥാനത്ത് പുറത്തുള്ള പ്രസുകളിലാണ് അച്ചടി നടത്തുന്നത്. ചോദ്യപ്പേപ്പർ അവസാനിച്ചു എന്നതിന്റെ അടയാളമായി ചിഹ്നം തെരഞ്ഞെടുക്കുന്നത് പ്രസ്സുകാർ തന്നെയാണ്. വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ നിർദ്ദേശം നൽകാറില്ല. ഇത്തരത്തിലുള്ള പിഴവുകൾ ആവർത്തിക്കാതിരിക്കാൻ അടുത്തവർഷം മുതൽ ചോദ്യപേപപറിന്റെ അവസാനത്തിൽ ചിഹ്നങ്ങൾ ഒന്നും നൽകേണ്ടെന്ന് നിർദ്ദേശിച്ചതായും മന്ത്രി അബ്ദുറബ്ബ് അറിയിച്ചു.

വിവാദമാകുന്ന തരത്തിൽ ചോദ്യപേപ്പറിന്റെ അച്ചടി നടത്തിയ പ്രസ്സിനോട് വിശദീകരണം ചോദിക്കുകയും പ്രസിനെ കരിമ്പട്ടികയിൽ പെടുത്തി ഒഴിവാക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നലെ നടന്ന സോഷ്യൽ സയൻസ് ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറിന്റെ അവസാന ഭാഗത്താണ് ലീഗിന്റെ കൊടിയടയാളമായ ചന്ദ്രക്കലയും നക്ഷത്രവും നൽകിയിരുന്നത്. ഇതേ വിഷയത്തിന്റെ മലയാളം ചോദ്യപ്പേപ്പറിന്റെ അവസാന ഭാഗത്ത് മൂന്ന് വട്ടവും ചേർത്തിരുന്നു. ഇതാണ് വിവാദത്തിന് ഇടയാക്കിയത്.

വിദ്യാഭ്യാസ വകുപ്പിനെ ലീഗ് വൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന വിധത്തിൽ വ്യാപകമായി ആക്ഷേപം ഇതോടെ ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ ചോദ്യപേപ്പറിന്റെ ഭാഗങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസമേഖലയെ വർഗീയവത്കരിക്കാനാണ് ഇത്തരം ചിഹ്നങ്ങൾ ചോദ്യപ്പേപ്പറിൽ ചേർക്കുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എൻ.ടി.യു. സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ, എ.കെ.എസ്.ടി.യു. ജനറൽ സെക്രട്ടറി എൻ.ശ്രീകുമാർ എന്നിവർ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ യുവമോർച്ചയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച പൊതു വിദ്യാഭ്യാസ ഡയറക്ടറെ ഉപരോധിച്ചു. സംഭവം വിവാദമായതിനെത്തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ പരീക്ഷ ചുമതലയുള്ള ഡയറക്ടറോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, എസ്എസ്എൽസി പരീക്ഷയുടെ ചോദ്യപേപ്പറിൽ ലീഗിന്റെ ചിഹ്നം വന്നത് അച്ചടിച്ചവരുടെ പിഴവുമൂലമെന്ന് വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം എസ്എസ്എൽസി പരീക്ഷയുടെ സോഷ്യൽ സ്റ്റഡീസ് ചോദ്യപേപ്പറിലാണു ലീഗിന്റെ ചിഹ്നം അച്ചടിച്ചത്. നാലു പേജുള്ള ചോദ്യപേപ്പറിന്റെ ആദ്യ പേജിലും അവസാന പേജിലുമാണു വിവാദ ചിഹ്നം വന്നത്. അടുത്തു നടക്കുന്ന പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളിലും ചിഹ്നം വരാൻ സാധ്യതയുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP