Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപയെ കീഴടക്കിയ പിണറായി സർക്കാറിനും ആരോഗ്യ മന്ത്രിക്കും അഭിനന്ദനങ്ങളുമായി പി കെ കുഞ്ഞാലിക്കുട്ടി; അന്ധമായ രാഷ്ട്രീയവിരോധം പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കിയതെന്നും ലീഗ് നേതാവ്

നിപയെ കീഴടക്കിയ പിണറായി സർക്കാറിനും ആരോഗ്യ മന്ത്രിക്കും അഭിനന്ദനങ്ങളുമായി പി കെ കുഞ്ഞാലിക്കുട്ടി; അന്ധമായ രാഷ്ട്രീയവിരോധം പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കിയതെന്നും ലീഗ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: നിപ വൈറസ് ബാധയെ കീഴടക്കിയ ഇടത് സർക്കാറിന് അഭിനന്ദനവുമായി മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കുഞ്ഞാലിക്കുട്ടി സർക്കാറിനെ അഭിനന്ദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ എടുത്തു പറഞ്ഞു കൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അന്ധമായ രാഷ്ട്രീയ വിരോധം ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് സർക്കാരിന്റെ കാലം മുതൽ പടിക്ക് പുറത്ത് നിറുത്താനായതാണ് കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മികച്ചതാക്കിയതും, ലോക രാജ്യങ്ങൾക്ക് തുല്യമായ വികസനം സാധ്യമാക്കുന്നതിൽ നിർണായകമായതും. പലവട്ടം രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് കേരളം ഒന്നിച്ച് നിന്നിട്ടുണ്ട്. കേരളമെന്ന വികാരത്തിനായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കൈകോർത്തിട്ടുണ്ട്. അതിൽ അവസാനത്തേതാണ് നിപ്പ എന്ന മാരകവ്യാധിയെ പ്രതിരോധിച്ചതിലൂടെ നാം കൈവരിച്ചത്.

സിസ്റ്റർ എന്ന വിളിയുടെ ആഴങ്ങൾ മനസിലാക്കി തന്ന് നമ്മുടെ ഏവരുടേയും ഉള്ളിൽ നീറ്റലായി തീർന്ന പ്രിയ സഹോദരി ലിനി, ഒപ്പം പേരറിയാത്ത ഒട്ടേറെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെയെല്ലാം സേവനം, ആത്മാർഥത ഇതെല്ലാം കേരളം എന്നും ഓർത്തിരിക്കും. ഒപ്പം ഇവരില്ലായിരുന്നെങ്കിൽ ഈ വിപത്തിന്റെ ആഴം ഇനിയും ഏറുമെന്നതും യാഥാർഥ്യമായി നിലനിൽക്കുന്നു.

നിപ്പ ഉയർത്തുന്ന ഭീഷണി മുന്നിൽ കണ്ട് സമുദായ അംഗങ്ങളെ ജാഗരൂകരാക്കുന്നതിനുള്ള ആഹ്വാനവുമായി മുന്നിട്ടിറങ്ങിയ ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, മറ്റ് മത സംഘടനാ നേതാക്കൾ എന്നിവരുടെ ഇടപെടലുകളും ഈ വിപത്തിന് തടയിടുന്നതിൽ നിർണായകമായി.

ഇതുവരെ പുറത്ത് വന്ന വിവരങ്ങൾ പ്രകാരം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. അതിന് പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി ഷൈലജ ടീച്ചർക്കും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, കോഴിക്കോട് മെഡിക്കൽ കോളേജിലേയും, മറ്റ് സർക്കാർ ആശുപത്രികളിലേയും, സ്വകാര്യ ആശുപത്രികളിലേയും ഡോക്ടർമാർക്കും, ജീവനക്കാർക്കും, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രബുദ്ധരായ ജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിപ്പ വിഷയത്തിൽ രാഷ്ട്രീയം കാണാതെ സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല, ഇടത്-വലത് മുന്നണി ഘടകകക്ഷി നേതാക്കൾ, പ്രവർത്തകർ, സാമൂഹിക-സന്നദ്ധ-സാംസ്‌കാരിക നേതാക്കൾ, മാധ്യമ പ്രവർത്തകർ അടക്കം ഏവർക്കും ഈ പേമാരിയെ കീഴടക്കാനായതിൽ അഭിമാനിക്കാം.

പക്ഷേ കേരളം ഇനിയും കരുതിയിരിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഭീതി പരത്തുന്ന രോഗങ്ങൾക്കെതിരെ. കെടുതിയായി നമ്മളെ വേട്ടയാടുന്ന പകർച്ച വ്യാധികൾക്കെതിരെ. ഇനി ഇതിനെതിരെയാകട്ടെ നമ്മുടെ പോരാട്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP