Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിനായി പാക്കിസ്ഥാനിൽ നിന്നും സഹായ ഹസ്തം; പിണറായി വിജയന്റെ സാലറി ചാലഞ്ച് ഏറ്റെടുത്ത് പാക്കിസ്ഥാനി യുവാവ്; ദുബായിൽ ജോലി ചെയ്യുന്ന യുവാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി; തുക ഒരു ടോക്കൺ മാത്രമാണെന്നും ഹുസൈൻ; കേരളത്തിന് സഹായ ഹസ്തം നീട്ടിയത് മലയാളിയായ സുഹൃത്ത് വഴി

കേരളത്തിനായി പാക്കിസ്ഥാനിൽ നിന്നും സഹായ ഹസ്തം; പിണറായി വിജയന്റെ സാലറി ചാലഞ്ച് ഏറ്റെടുത്ത് പാക്കിസ്ഥാനി യുവാവ്; ദുബായിൽ ജോലി ചെയ്യുന്ന യുവാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകി; തുക ഒരു ടോക്കൺ മാത്രമാണെന്നും ഹുസൈൻ; കേരളത്തിന് സഹായ ഹസ്തം നീട്ടിയത് മലയാളിയായ സുഹൃത്ത് വഴി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: പ്രളയക്കെടുതയിൽ നിന്നും കര കയറി വരികയാണ് കേരളം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും കേരളത്തിനായി രക്ഷാ കരങ്ങൾ നീളുകയാണ്. അതിനിടയിലാണ് പാക്കിസ്ഥാനിൽ നിന്നും കേരളത്തിന്റെ കണ്ണീർ തുടയ്ക്കാൻ തന്നാലാവും വിധം ആ യുവാവ് സഹായിച്ചത്. ഗൾഫിൽ ജോലി ചെയ്യുന്ന പാക്കിസ്ഥാനി യുവാവാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് ഏറ്റെടുത്തത്. തന്റെ ഒരു മാസത്തെ ശമ്പളം ഹുസൈൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. താൻ നൽകിയ തുക ഒരു ടോക്കൺ മാത്രമാണെന്നും ഇയാൾ പറഞ്ഞു.

യു.എ.ഇയിൽ കഴിഞ്ഞ ആറ് വർഷമായി ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്യുകയാണ് ഹുസൈൻ. തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മലയാളി കിരൺ കണ്ണൻ വഴിയാണ് കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തെക്കുറിച്ച് ഹുസൈൻ അറിഞ്ഞത്. കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ചർച്ചയിലും ഹുസൈൻ പങ്കെടുത്തിരുന്നു.

നേത്തെ ഫിലിപ്പീൻസിൽ തൈഫൂൺ ചുഴലിക്കാറ്റ് അടിച്ചപ്പോൾ അവർക്ക് വേണ്ടിയും ഹുസൈന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തിയിരുന്നു. താൻ ഒരു പാക്കിസ്ഥാനിയാണെങ്കിലും പ്രകൃതി ദുരന്തം നേരിടുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കേണ്ടത് തന്റെ കർത്തവ്യമാണെന്നും കരുതുന്നുവെന്നും ഹുസൈൻ പറഞ്ഞു.

സാലറി ചാലഞ്ച് പ്രഖ്യാപിച്ച ശേഷം ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നൂറു കണക്കിന് ആളുകളാണ് ഒരു മാസത്തെ ശമ്പളം പ്രളയക്കെടുതിയിലായ കേരളത്തിന് നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നൽകണമെന്ന സാലറി ചാലഞ്ച് ഏറ്റെടുത്ത് സർക്കാർ അനുകൂല സർവീസ് സംഘടനകൾ അറിയിച്ചിരുന്നു. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേർത്ത അദ്ധ്യാപക-സർവീസ് സംഘടകളുടെ യോഗത്തിൽ നേതാക്കൾ അറിയിച്ചു.

ഒരുമാസത്തെ വേതനം നൽകാനുള്ള സർക്കാരിന്റെ നിർദ്ദേശം സ്വാഗതം ചെയ്യുന്നതായി ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ പറഞ്ഞു. സർക്കാർ നിർദേശിക്കുന്ന തരത്തിൽ ഒറ്റത്തവണയായോ ഗഡുക്കളായോ നൽകാൻ ജീവനക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒരുമാസത്തെ ശമ്പളം നൽകുമെന്ന് എഫ്.എസ്.ഇ.ടി.ഒ. ജനറൽ സെക്രട്ടറി ടി.സി. മാത്യുക്കുട്ടി അറിയിച്ചു. ഇതേ നിലപാടാണ് കേരള എൻ.ജി.ഒ. അസോസിയേഷൻ-എസ് സംസ്ഥാന പ്രസിഡന്റ് കെ.വി. ഗിരീഷും അറിയിച്ചത്. ഒരുമാസത്തെ ശമ്പളം നൽകാൻ ജീവനക്കാർ തയ്യാറാകുമെന്ന് എ.കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ഒ.കെ. ജയകൃഷ്ണനും ജനറൽ സെക്രട്ടറി എൻ. ശ്രീകുമാറും പറഞ്ഞു.

ഒരു മാസത്തെ ശമ്പളം നിർബന്ധിതമായി ഈടാക്കരുതെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻസ് (സെറ്റോ) നേരത്തേ വശ്യപ്പെട്ടിരുന്നു. ദുരന്തത്തിനിരയായ സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തുകയോ പ്രത്യേക പാക്കേജ് ഉണ്ടാക്കുകയോ വേണമെന്നാണ് സെറ്റോയുടെ നിർദ്ദേശം.

സംഘടനകളുമായുള്ള ചർച്ചയിൽ സർക്കാരിന്റേത് ജനാധിപത്യവിരുദ്ധ നിലപാടായിരുന്നെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ) കുറ്റപ്പെടുത്തി. ജീവനക്കാരിൽനിന്ന് ഉത്സവബത്തയുൾപ്പെടെ ഈടാക്കിയതിനാൽ ഒരുമാസത്തെ ശമ്പളം പിടിക്കുന്നതിന് അവരുടെ സമ്മതപത്രം വാങ്ങണമെന്ന് കേരള എൻ.ജി.ഒ. സംഘ് ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ആവശ്യപ്പെട്ടു.

നിർബന്ധമായി ശമ്പളം ഈടാക്കുന്നതിൽനിന്ന് നഗരസഭാ ജീവനക്കാരെ ഒഴിവാക്കണമെന്ന് കേരളാ മുനിസിപ്പിൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ, ജനറൽ സെക്രട്ടറി എം. വസന്തൻ എന്നിവർ ആവശ്യപ്പെട്ടു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP