Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേന്ദ്രമന്ത്രി വീഡിയോയിലൂടെ മറ്റൊരു ട്രെയിന് പച്ചക്കൊടി കാട്ടിയപ്പോൾ എംപിമാരെ എടുക്കാതെ പാലരുവി എക്സ്‌പ്രസ് നീങ്ങി; 100 മീറ്റർ മാറി പിടിച്ചിട്ടെങ്കിലും എംപിമാർ പച്ചക്കൊടി വീശിയപ്പോൾ ട്രെയിൻ വീണ്ടും മുന്നോട്ട്;അതിഥികൾക്ക് കന്നിയാത്ര നടത്താൻ യൂത്ത് കോൺഗ്രസുകാർക്ക് അടുത്ത സ്‌റ്റേഷനിൽ തടയേണ്ടി വന്നു

കേന്ദ്രമന്ത്രി വീഡിയോയിലൂടെ മറ്റൊരു ട്രെയിന് പച്ചക്കൊടി കാട്ടിയപ്പോൾ എംപിമാരെ എടുക്കാതെ പാലരുവി എക്സ്‌പ്രസ് നീങ്ങി; 100 മീറ്റർ മാറി പിടിച്ചിട്ടെങ്കിലും എംപിമാർ പച്ചക്കൊടി വീശിയപ്പോൾ ട്രെയിൻ വീണ്ടും മുന്നോട്ട്;അതിഥികൾക്ക് കന്നിയാത്ര നടത്താൻ യൂത്ത് കോൺഗ്രസുകാർക്ക് അടുത്ത സ്‌റ്റേഷനിൽ തടയേണ്ടി വന്നു

പുനലൂർ: ഉദ്ഘാടനച്ചടങ്ങ് തീരുംമുൻപ് യാത്രക്കാരുമായി തീവണ്ടി സ്റ്റേഷൻ വിട്ടു. അതിഥികളായി തീവണ്ടിയിൽ യാത്ര ചെയ്യേണ്ടിയിരുന്ന എംപിയും കൂട്ടരും ഒടുവിൽ വണ്ടിയിൽ കയറിയ് പിന്നാലെ കാറെടുത്തു പോയി മറ്റു സ്‌റ്റേഷനിൽ ചെന്ന്. കന്നിയാത്രയ്ക്ക് വേണ്ടി യൂത്ത് കോൺഗ്രസുകാർക്ക് ട്രെയിൻതടയിൽ സമരം നടത്തേണ്ടിയും വന്നു. പുനലൂർ- പാലക്കാട് പാലരുവി എക്സ്‌പ്രസിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഉദ്യോഗസ്ഥരുടെ അബദ്ധങ്ങൾ കൊണ്ട് അലങ്കോലമായത്.

ട്രെയിനിന്റെ പിന്നാലെ കാറിൽ വച്ചുപിടിച്ച എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ.കെ.പ്രേമചന്ദ്രനും തൊട്ടടുത്ത സ്റ്റേഷനിൽ വന്നു ട്രെയിനിൽ കയറി യാത്ര ചെയ്തു. ന്യൂഡൽഹിയിൽ നിന്നു വിഡിയോ കോൺഫറൻസിലൂടെ കേന്ദ്രമന്ത്രി സുരേഷ് പ്രഭു ട്രെയിൻ ഫ്‌ലാഗ് ചെയ്യുന്ന അതേ സമയം പുനലൂർ സ്റ്റേഷനിൽ മന്ത്രി കെ.രാജുവും എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ, കെ.സോമപ്രസാദ്, സുരേഷ് ഗോപി എന്നിവരും പച്ചക്കൊടി വീശണമെന്നായിരുന്നു തീരുമാനം.

സോമപ്രസാദും സുരേഷ് ഗോപിയും ചടങ്ങിനെത്തിയില്ല. കേന്ദ്രമന്ത്രിക്കു മൂന്നോ നാലോ ഉദ്ഘാടനങ്ങളാണ് നടത്തേണ്ടിയിരുന്നത്. മറ്റേതോ ട്രെയിനിനു കേന്ദ്രമന്ത്രി ഡൽഹിയിൽ പച്ചക്കൊടി വീശിയപ്പോൾ ഇവിടെ ട്രെയിൻ മുന്നോട്ടെടുത്തു. വേദിയിലുണ്ടായിരുന്ന മന്ത്രിയും എംപിമാരും പച്ചക്കൊടി കാട്ടിയില്ലെങ്കിലും ട്രെയിൻ നൂറു മീറ്ററിലേറെ മുന്നോട്ടു നീങ്ങി. അബദ്ധം മനസ്സിലാക്കിയ റെയിൽവേ ഉദ്യോഗസ്ഥർ ട്രെയിൻ നിർത്തിച്ചു.

പത്തുമിനിറ്റിനകം പാലരുവിക്കു വേണ്ടി കേന്ദ്രമന്ത്രി ഡൽഹിയിലും മന്ത്രി കെ.രാജുവും എംപിമാരും പുനലൂരിലും പച്ചക്കൊടി വീശി. ഇതോടെ ട്രെയിൻ പുറപ്പെട്ടു. ചടങ്ങിനു സമാപനം കുറിച്ചു ദേശീയഗാനം ഉയർന്നപ്പോൾ അതു തീരാതെ എംപിമാർക്കു വേദി വിട്ടിറങ്ങാൻ കഴിഞ്ഞില്ല. കന്നിയോട്ടം നടത്തുന്ന തീവണ്ടിയിൽ കൊല്ലത്തേക്ക് പോകാനായി പ്ലാറ്റ്ഫോമിൽ വന്നപ്പോഴാണ് തീവണ്ടി വിട്ടകാര്യം എംപി.മാർ അറിഞ്ഞത്. ക്ഷോഭിച്ച കൊടിക്കുന്നിൽ സുരേഷ് എംപി. ഡിവിഷണൽ മാനേജർ നീനു ഇട്ടിരേത്തിനോട് കയർത്തു. ഉദ്യോഗസ്ഥർ മറുപടി പറയാനാകാതെ വിയർത്തു.

തൊട്ടടുത്ത സ്റ്റേഷനായ ആവണീശ്വരത്തു ട്രെയിൻ പിടിച്ചിടാനും അവിടെ നിന്നു കയറാൻ സൗകര്യമൊരുക്കാമെന്നും ഡിആർഎം ഉറപ്പു നൽകിയതോടെ എംപിമാർ രണ്ടു കാറുകളിലായി ആവണീശ്വരത്തേക്കു കുതിച്ചു. പത്തു കിലോമീറ്ററോളം ദൂരെ ആവണീശ്വരത്തു ട്രെയിൻ എത്തിയപ്പോഴേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. പതിനഞ്ചു മിനിറ്റിനുള്ളിൽ എംപിമാർ വന്നു ട്രെയിനിൽ കയറിയതോടെ പിരിമുറുക്കം അയഞ്ഞു. കേന്ദ്രമന്ത്രി പച്ചക്കൊടി വീശുമ്പോൾ ഇവിടെ മന്ത്രിയും എംപിമാരും പച്ചക്കൊടി വീശുമെന്നും തുടർന്നു എംപിമാരെയും കയറ്റി വേണം യാത്ര തുടങ്ങാനെന്നുമുള്ള നിർദ്ദേശം ലോക്കോ പൈലറ്റിനു കിട്ടാതിരുന്നതാണ് ആശയക്കുഴപ്പത്തിനു കാരണം. ട്രെയിൻ യാത്രയ്ക്കില്ലെന്നു മന്ത്രി രാജു നേരത്തെ അറിയിച്ചിരുന്നു.

പ്രേമചന്ദ്രൻ മണ്ഡലാതിർത്തിയായ പെരിനാട് വരെയും കൊടിക്കുന്നിൽ ചങ്ങനാശേരി വരെയും യാത്ര െചയ്തു. കരുനാഗപ്പള്ളിയിൽ നിന്നു കയറിയ കെ.സി.വേണുഗോപാൽ എംപി ഓച്ചിറയിൽ ഇറങ്ങി. ഇന്നലെ എറണാകുളത്തു കന്നിയാത്ര അവസാനിപ്പിച്ച പാലരുവി ഇന്നു മുതൽ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP