പാലിയേക്കര ടോൾ പ്ലാസയിൽ ദുരിതാശ്വാസ സഹായ വാഹനങ്ങളിൽ നിന്ന് ടോൾ ഈടാക്കില്ല; അഞ്ച് ദിവസത്തേക്ക് ടോൾ ഒഴിവാക്കാൻ തീരുമാനിച്ചത് കലക്ടർ വിളിച്ച യോഗത്തിൽ
August 13, 2019 | 08:42 PM IST | Permalink

സ്വന്തം ലേഖകൻ
തൃശ്ശൂർ: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളിൽ നിന്ന് പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ ഈടാക്കില്ല. അടുത്ത അഞ്ച് ദിവസത്തേക്കാണ് ടോൾ ഒഴിവാക്കുന്നത്. തൃശ്ശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റവന്യൂ അധികൃതരുടെയും ടോൾ കമ്പനിയുടെയും യോഗത്തിന്റേതാണ് തീരുമാനം.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരും ക്യാമ്പുകളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളും ടോൾ ബൂത്തിലൂടെ പല തവണ കടന്നു പോകേണ്ടിവരുന്നുണ്ട്. ഈ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഇത്തരം വാഹനങ്ങൽക്ക് ടോൾ ഒഴിവാക്കിയത്. പ്രളയ മേഖലകളിലേക്ക് സഹായവുമായി പോകുന്ന വാഹനങ്ങൾക്കും ഇത് ബാധകമാണ്.
ടോൾബൂത്തിലെ ക്യൂവിൽ നിൽക്കാതെ ഈ വാഹനങ്ങൾ വേഗം കടത്തിവിടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ എസ് ഷാനവാസ്, എഡിഎം റെജി പി ജോസഫ്, ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.