Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വളപട്ടണം പുഴ കരകവിഞ്ഞ് ഒഴുകിയതോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ വെള്ളം കയറി; സമീപത്തെ ഹോട്ടലുകളിലും നൂറിലേറെ കടകളിലും വെള്ളം കയറി

വളപട്ടണം പുഴ കരകവിഞ്ഞ് ഒഴുകിയതോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ വെള്ളം കയറി; സമീപത്തെ ഹോട്ടലുകളിലും നൂറിലേറെ കടകളിലും വെള്ളം കയറി

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പേമാരി തുടരുകയാണ്. അതോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ കണിച്ചിയാർ ടൗണിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഡോ. പൽപ്പു സ്മാരക യു.പി. സ്‌ക്കൂളിന്റെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി. ബാവലി, വളപട്ടണം പുഴകൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഈ പുഴകളുടെ ഓരത്ത് താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്ത് മാറ്റിപാർപ്പിച്ചു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകിയതോടെ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെള്ളം കയറി. പുഴയിലെ ജലനിരപ്പ് ഉയർന്ന് തുടങ്ങിയതോടെ തീർത്ഥാടകരെ മാറ്റുകയായിരുന്നു. മലയോരത്തുണ്ടായ ഉരുൾ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വെള്ളമുയർന്നതാണ് വളപട്ടണം പുഴ കരകവിഞ്ഞൊഴുകിയത്. മുത്തപ്പൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പകുതിയോളം ഭാഗം വരെ വെള്ളത്തിലായി. തീർത്ഥാടകരെ നാട്ടുകാർ തോണികളിലാണ് പുറത്തെത്തിച്ചത്.

മടപ്പുരയുടെ സമീപത്തുള്ള ഫാൻസികടകളും ഹോട്ടലുകളുമുൾപ്പെടെ നൂറിലേറെ കടകളിൽ വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ ഉപയോഗ ശൂന്യമായി. കഴിഞ്ഞ 12 വർഷത്തിനു ശേഷമാണ് മടപ്പുരയിൽ ഇത്രയും വെള്ളക്കെട്ടുണ്ടായത്. ശ്രീകണ്ഠാപുരം മേഖലയിലും വെള്ളക്കെട്ടുണ്ടായി. ചേങ്ങളായി ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പുറം ലോകത്തു നിന്നും ഒറ്റപ്പെട്ടു. വാഹനഗതാഗതം പൂർണ്ണമായും നിലച്ചിരിക്കയാണ്. ബസ്സ് സ്റ്റാൻഡിലേയും പരിസരത്തേയും കടകളിൽ നിന്നും വ്യാപാരികൾ സാധനങ്ങൾ മാറ്റിയെങ്കിലും നാശനഷ്ടങ്ങൾ ഏറെയാണ്.

പൊലീസും അഗ്‌നിശമന സേനയും നാട്ടുകാർക്കൊപ്പം രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു. ചെങ്ങളായിയിൽ നിന്നും 82 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കൊയ്യം, തവറൂൽ ഭാഗത്തെ വീട്ടിനുള്ളിൽ കുടുങ്ങി പോയവരെ കണ്ണൂരിൽ നിന്നും ഫിഷറീസ് ബോട്ട് എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മലയോരത്തെ ഭീതിയിലാഴ്‌ത്ത് ഇടക്കിടെ ചുഴലിക്കാറ്റും നാശനഷ്ടം വിതക്കുകയാണ്.  ആലക്കോട് മേഖലയിൽ നിരവധി വീടുകളും കൃഷിയിടങ്ങളും കാറ്റിൽ തകർന്നു. വീടുകളുടെ മേൽക്കൂരകൾ കാര്യമായ കേടുപാടുകൾ സംഭവിച്ചിരിക്കയാണ്.

ഇന്നലെ രാത്രി മുതൽ ജില്ലയിലെ പകുതിയിലേറെ പ്രദേശങ്ങളും വൈദ്യുത വിതരണം സ്തംഭിച്ചു. കാറ്റിൽ വൈദ്യുത പോസ്റ്റുകൾ തകർന്നതും മരങ്ങൾ മുറിഞ്ഞ് വീണതുമാണ് വിവിധ പ്രദേശങ്ങളെ കൂരിരുളിലാഴ്‌ത്തിയത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ശ്രീകണ്ഠാപുരം, ചെങ്ങളായി, കുറുമാത്തൂർ, മയ്യിൽ തുടങ്ങിയ പ്രദേശങ്ങളിൽ ആളുകളെ രക്ഷിക്കാൻ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി 10 ബോട്ടുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ മറ്റ് പത്ത് ബോട്ടുകൾ ഒരുക്കി വച്ചിട്ടുമുണ്ട്. ജില്ലയിലെ വിവിധ താലൂക്കുകളിലായി 115 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചുവെന്നാണ് ഔദ്യോദിക വിവരം. കൊട്ടിയൂർ മേഖലയിൽ ചപ്പമലയിലും നെല്ലിയോടി മലയിലും മലവെള്ളപ്പാച്ചിൽ ശക്തമായത് ഉരുൾ പൊട്ടൽ ഉണ്ടാകുമോ എന്ന ഭയത്തിലാണ് നാട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP