Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തലവൻ പാറാട്ട് ജാഫർ പിടിയിൽ; ചാലക്കുടി പൊലീസ് ജാഫറിനെ കുടുക്കിയത് ആദ്യ ഭാര്യയുടെ സഹോദരനെ ഉപയോഗിച്ച്; പിടിയിലായത് പോട്ടി മാർട്ടിന്റെ സംഘത്തിലെ പ്രധാനിയായിരുന്ന സലി ഇക്കാക്ക

കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തലവൻ പാറാട്ട് ജാഫർ പിടിയിൽ; ചാലക്കുടി പൊലീസ് ജാഫറിനെ കുടുക്കിയത് ആദ്യ ഭാര്യയുടെ  സഹോദരനെ ഉപയോഗിച്ച്; പിടിയിലായത് പോട്ടി മാർട്ടിന്റെ സംഘത്തിലെ പ്രധാനിയായിരുന്ന സലി ഇക്കാക്ക

റിയാസ് ആമി അബ്ദുള്ള

തൃശൂർ: കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തലവൻ എറണാകുളം ജില്ലയിലെ കാലടി ഈസ്റ്റ് ഒക്കൽ ചേലാമറ്റം ബദരിയ മസ്ജിദിനു സമീപം പാറാട്ട് ജാഫറിനെ (സലി ഇക്കാക്ക-38) എസ്‌ഐ ജയേഷ് ബാലൻ, ക്രൈം സ്‌ക്വാഡ് എസ്‌ഐ വി എസ്. വത്സകുമാർ എന്നിവർ അറസ്റ്റ് ചെയ്തു. 2003ൽ വിജയരാഘവപുരം അസീസി നഗർ സ്വദേശിയെ വ്യാപാര എതിരാളികളുടെ ക്വട്ടേഷൻ പ്രകാരം ജാഫറിന്റെ നേതൃത്വത്തിലെത്തിയ 20 അംഗ സംഘം ആക്രമിച്ചു മൃതപ്രായനാക്കി 7.5 പവന്റെ മാലയും 15,000 രൂപ വിലയുള്ള വിദേശ നിർമ്മിത വാച്ചും കവർന്ന കേസിലാണ് അറസ്റ്റ്. 2000ൽ സജീവമായിരുന്ന ക്വട്ടേഷൻ സംഘമായ കാലടി സ്വദേശി മാർട്ടിന്റെ (പോട്ടി മാർട്ടിൻ) സംഘത്തിലെ പ്രധാനിയായിരുന്നു സലി ഇക്കാക്ക എന്നറിയപ്പെട്ടിരുന്ന ജാഫർ. ബോംബേറിലെ വൈദഗ്ധ്യമാണു ജാഫറിനെ കുപ്രസിദ്ധനാക്കിയത്. ലഹരി ഉപയോഗിച്ച ശേഷം അതിക്രൂരമായി ആക്രമണം നടത്തുകയാണ് രീതി.

2004ൽ ആലുവ കീഴ്മാട് സ്വദേശി സജീറിനെ ബോംബെറിഞ്ഞു വീഴ്‌ത്തി വടിവാളു കൊണ്ടു വെട്ടിയ സംഭവത്തിലും കാലടിയിലെ പ്രമുഖ വ്യവസായിയെ കാറിൽ സഞ്ചരിക്കുന്നതിനിടെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും ആക്രമണത്തിന് നേതൃത്വം നൽകിയത് ഇയാളാണ്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ബോംബെറിഞ്ഞും വടിവാൾ, ഇടിക്കട്ട, ജാക്കി ലിവർ, സൈക്കിൾ ചെയിൻ എന്നിവ ഉപയോഗിച്ചും ആളുകളെ ആക്രമിച്ചു കൊലപ്പെടുത്തിയത് ഉൾപ്പെടെ 5 കേസുകളിൽ പ്രതിയാണ്. കാലടി, അങ്കമാലി, കൊടകര സ്റ്റേഷനുകളിൽ ദേശീയപാത കേന്ദ്രീകരിച്ചു മാരകായുധങ്ങൾ ഉപയോഗിച്ചു പണം തട്ടിയ കേസുമുണ്ട്. പേരാമ്പ്രക്കേസിൽ ജാമ്യമെടുത്ത ശേഷം അയൽ സംസ്ഥാനത്തേക്ക് മുങ്ങിയവരിൽ ജാഫറൊഴികെയുള്ള സംഘാംഗങ്ങളെയെല്ലാം പലപ്പോഴായി പൊലീസ് പിടികൂടിയിരുന്നു. എഎസ്‌ഐ ജിനുമോൻ തച്ചേത്ത്, സീനിയർ സിപിഒമാരായ സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, ടി.ജി. മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ വി.യു. സിൽജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

രണ്ടു വിവാഹം കഴിച്ച ജാഫർ പിടിക്കപ്പെടാതിരിക്കാൻ അടിക്കടി വീടും സ്ഥലവും മാറി. ക്വട്ടേഷൻ സംഘത്തിലെ തന്നെ അംഗമായിരുന്ന അങ്കമാലി സ്വദേശിയുടെ സഹോദരിയെയാണ് ജാഫർ ആദ്യം പ്രണയിച്ചു വിവാഹം കഴിച്ചത്. ഇയാളുടെ ക്രൂര മർദനം താങ്ങാനാവാതെ വിവാഹബന്ധം വേർപെടുത്തിയിരുന്നു. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, ഓട്ടുപാറ ഭാഗങ്ങളിൽ ഒളിവിൽ കഴിയുന്നതിനിടെ മറ്റൊരു യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചു. ആദ്യ ഭാര്യയുടെ സഹോദരനാണ് ഇയാളെ കുടുക്കാൻ പൊലീസിനു സഹായം ചെയ്തത്. അയാളുമായുള്ള ഫോൺ വിളിയിൽനിന്ന് ജാഫറിന്റെ ഒളിത്താവളത്തെക്കുറിച്ചു സൂചന ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP