Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാലു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ; 2.7 കിലോ തൂക്കമുള്ള കുഞ്ഞിനെ കിട്ടിയത് മഞ്ചേരി മെഡിക്കൽ കോളേജിലെ അമ്മത്തൊട്ടിലിൽ നിന്ന്; കുഞ്ഞ് ന്യൂബോൺ കെയർ യൂണിറ്റിൽ

നാലു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ; 2.7 കിലോ തൂക്കമുള്ള കുഞ്ഞിനെ കിട്ടിയത് മഞ്ചേരി മെഡിക്കൽ കോളേജിലെ അമ്മത്തൊട്ടിലിൽ നിന്ന്; കുഞ്ഞ് ന്യൂബോൺ കെയർ യൂണിറ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: നാലു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ. 2.7 കിലോ തൂക്കമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ ലഭിച്ചത് മഞ്ചേരിയിലെ അമ്മത്തൊട്ടിലിൽനിന്ന്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിലാണ് ഇന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11.45നാണ് നാലു ദിവസം മാത്രം പ്രായവും 2.7 കിലോ തൂക്കമുള്ള കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിനെ ന്യൂബോൺ കെയർ യൂണിറ്റിലേക്ക് മാറ്റി. വിവരം ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

2009 ജൂലൈയിൽ മഞ്ചേരി ഗവ. ആശുപത്രിയിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ ഇതോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞുങ്ങൾ നാലായി. തിരുവനന്തപുരത്ത് ആരംഭിച്ച അമ്മത്തൊട്ടിൽ പദ്ധതിയുടെ ചുവടുപിടിച്ച് കേരള കൗൺസിൽ ഫോർ ചൈൽഡ്സ് വെൽഫെയറാണ് മഞ്ചേരി ജില്ലാ ആശുപത്രിയിൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചത്. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുഞ്ഞുങ്ങൾക്ക് തിരുവനന്തപുരം ജില്ലാ കളക്ടർ ചെയർമാനായുള്ള ചൈൽഡ് വെൽഫെയർ കൗൺസിൽ സംരക്ഷണം നൽകും. ഇതിനായി തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ ഒരോ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് വയസ്സുവരെയാണ് കുട്ടികളെ ഈ കേന്ദ്രങ്ങളിൽ പാർപ്പിക്കുക. ഇതോടൊപ്പം ഇവർക്ക് വിദ്യാഭ്യാസം നൽകുന്നതിനും ദത്ത് നൽകുന്നതിനും നടപടി സ്വീകരിക്കും.

പിഞ്ചുകുഞ്ഞുങ്ങളെ ചപ്പുചവറുകൾക്കിടയിലും മറ്റും ഉപേക്ഷിക്കുന്നത് ഒഴിവാക്കി അവർക്ക് സംരക്ഷണം നൽകുകയാണ് അമ്മത്തൊട്ടിൽ വ്യാപകമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്. പ്രത്യേക മുറിയിൽ സജ്ജീകരിച്ച അമ്മത്തൊട്ടിലിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മടങ്ങാൻ സൗകര്യമൊരുക്കുന്ന രീതിയിലാണ് അമ്മത്തൊട്ടിൽ പദ്ധതി നടപ്പിലാക്കുന്നത്. അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കുമ്പോൾ ഓഫീസുമായി ബന്ധിപ്പിച്ച ഇലക്ട്രോണിക് സംവിധാനം പ്രവർത്തിക്കുകയും ബെല്ലടിക്കുകയും ചെയ്യും. തുടർന്ന് അധികൃതരെത്തി തൊട്ടിലിൽനിന്ന് കുഞ്ഞിനെ മാറ്റി വേണ്ട സംരക്ഷണം നൽകുന്നു. 24 മണിക്കൂറിനകം ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ മഞ്ചേരിയിലെ അമ്മത്തൊലിന്റെ ഇലക്ട്രോണിക് സംവിധാനം പ്രവർത്തന രഹിതമായിട്ട് വർഷങ്ങളായി.

അമ്മത്തൊട്ടിലിലൂടെ ലഭ്യമാകുന്ന കുഞ്ഞിനെ മൂന്നുമാസം ശിശു ഭവനിൽ സംരക്ഷിക്കും. ഇതിനിടയിൽ മാതാവിന് കുഞ്ഞിനെ തിരികെ ആവശ്യപ്പെടാൻ അവകാശമുണ്ട്. മൂന്നു മാസം കഴിഞ്ഞാൽ മാത്രമെ കുട്ടിയെ ദത്ത് നൽകുന്നതിനായുള്ള നടപടി സ്വീകരിക്കാൻ അധികൃതർക്ക് അനുവാദമുള്ളൂ. കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തുള്ള ആസ്ഥാനത്തു 2007ലാണ് അമ്മത്തൊട്ടിൽ പദ്ധതി ആരംഭിക്കുന്നത്. സമൂഹത്തിന്റെ അംഗീകാരമില്ലാത്ത ബന്ധങ്ങളിലൂടെ ജനിച്ചതിനാലോ മറ്റു കാരണങ്ങളാലോ കുപ്പത്തൊട്ടികൾ പോലുള്ള സ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതിനു പകരം, അത്തരം നവജാതശിശുക്കളെ കൊണ്ടുവെയ്ക്കുന്നതിനു വേണ്ടി പ്രത്യേകം സ്ഥാപിച്ച ഒരു തൊട്ടിൽ ആണു് ഈ പദ്ധതിയിലെ പ്രധാന ഘടകം. യാതൊരു വിവരങ്ങളും നൽകേണ്ട ഉത്തരവാദിത്തമില്ലാതെത്തന്നെ, സ്വന്തം വ്യക്തിത്വം പുറത്താക്കാതെ മാതാവിനോ മറ്റുള്ളവർക്കോ ഈ തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ സാധിക്കും. ഇപ്രകാരം കണ്ടെടുക്കുന്ന കുഞ്ഞുങ്ങളെ ക്ഷേമസമിതി ഏറ്റെടുത്തു് അനാഥാലയങ്ങളിൽ വളർത്തുകയോ ദത്തു നൽകുകയോ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP