Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ഞനിക്കര ദയറയിലെത്തുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയെ സ്വീകരിക്കാനെത്തുക തെക്കൻ ഭദ്രാസനങ്ങളായ കൊല്ലം, നിരണം, തുമ്പമൺ എന്നിവിടങ്ങളിലെ മെത്രാപ്പൊലീത്തമാരും വൈദികരും; ഒരു ദിവസം ദയറയിൽ തങ്ങുന്ന ബാവ പ്രാർത്ഥനകളിലും പൊതുസമ്മേളനത്തിലും ദയറ കമ്മിറ്റി യോഗത്തിലും സംബന്ധിക്കും

മഞ്ഞനിക്കര ദയറയിലെത്തുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയെ സ്വീകരിക്കാനെത്തുക തെക്കൻ ഭദ്രാസനങ്ങളായ കൊല്ലം, നിരണം, തുമ്പമൺ എന്നിവിടങ്ങളിലെ മെത്രാപ്പൊലീത്തമാരും വൈദികരും; ഒരു ദിവസം ദയറയിൽ തങ്ങുന്ന ബാവ പ്രാർത്ഥനകളിലും പൊതുസമ്മേളനത്തിലും ദയറ കമ്മിറ്റി യോഗത്തിലും സംബന്ധിക്കും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കേരള സന്ദർശനത്തിനെത്തുന്ന പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ മഞ്ഞനിക്കര ദയറ (സന്ന്യാസ ആശ്രമം) സന്ദർശിക്കും. 24നു വൈകിട്ട് 3.30നു ദയറയിലെത്തുന്ന ബാവയെ തെക്കൻ ഭദ്രാസനങ്ങളായ കൊല്ലം, നിരണം, തുമ്പമൺ എന്നിവിടങ്ങളിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിക്കും.

പരിശുദ്ധ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവായുടെ കബറിടത്തിൽ പ്രാർത്ഥന നടത്തും. തുടർന്നു ദയറയോടു ചേർന്നു നിർമ്മിച്ച ബഹുനില മന്ദിരം കൂദാശ ചെയ്യും. വൈകിട്ട് 5നു ദയറ പള്ളിയിൽ സന്ധ്യാപ്രാർത്ഥന. 6നു നടക്കുന്ന പൊതു സമ്മേളനത്തിൽ പാത്രിയർക്കീസ് ബാവ അധ്യക്ഷത വഹിക്കും. 7നു ദയറ കമ്മിറ്റിയുടെ യോഗത്തിലും അധ്യക്ഷത വഹിക്കും. രാത്രി ദയറയിൽ താമസിക്കും.

25നു രാവിലെ 7 മണിക്കു പ്രഭാത പ്രാർത്ഥനയും തുടർന്നു ബാവയുടെ മുഖ്യകാർമികത്വത്തിൽ കുർബാനയും നടക്കും. വിശ്രമത്തിനു ശേഷം ഉച്ചയ്ക്ക് ഒന്നിന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലേക്കു പോകും. സംസ്ഥാന സർക്കാരിന്റെ അതിഥിയായിട്ടാണ് എത്തുന്നത്.

മഞ്ഞിനിക്കര ദയറ എന്നറിയപ്പെടുന്ന മോർ ഇഗ്‌നേഷ്യസ് ദയറ കേരളത്തിലെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിന് സമീപം മഞ്ഞിനിക്കര കുന്നിലാണ് ഈ ദയറ സ്ഥിതി ചെയ്യുന്നത്. സുറിയാനി ഓർത്തഡോക്‌സ് സഭയുടെ തലവനായിരുന്ന ഇഗ്‌നാത്യോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസിന്റെ കബറിടം ഇവിടെയാണ്.

മലങ്കരയിലെ അന്ത്യോഖ്യൻ പ്രതിനിധിയായിരുന്ന മോർ യൂലിയോസ് ഏലിയാസ് ക്വോറോ ആണ് ദയറയുടെ സ്ഥാപകൻ. മലങ്കരയിലെ സഭാതർക്കവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവാ ഇടവകാംഗങ്ങളുടെ ക്ഷണപ്രകാരം മഞ്ഞിനിക്കര ദേവാലയവും സന്ദർശിക്കുവാൻ താത്പര്യപ്പെട്ടു. 1932 ഫെബ്രുവരി 11-ന് ഇവിടെയെത്തിയ ബാവാ 1932 ഫെബ്രുവരി 13-ന് ഇവിടെ വച്ച് മരണമടയുകയും ദയറയിൽ സംസ്‌കരിക്കുകയുമായിരുന്നു.

ഏലിയാസ് തൃതിയൻ ബാവയുടേതിനു പുറമേ മോർ യൂലിയോസ് ഏലിയാസ് ക്വോറോ, മോർ യൂലിയോസ് യാക്കോബ്, മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് എന്നിവരുടെ കബറിടങ്ങളും മഞ്ഞിനിക്കര ദയറയിൽ സ്ഥിതി ചെയ്യുന്നു. ഏലിയാസ് തൃതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളായി ആചരിക്കുന്ന ഫെബ്രുവരി 12,13 തീയതികളിൽ ആയിരക്കണക്കിനു തീർത്ഥാടകർ പദയാത്രാസംഘങ്ങളായി ഇവിടേക്ക് വരാറുണ്ട്. ഈ പെരുന്നാളിൽ സംബന്ധിക്കുവാൻ അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ പ്രതിനിധിയും എല്ലാ വർഷവും എത്തിച്ചേരാറുണ്ട്.

മഞ്ഞനിക്കര ബാവ

സുറിയാനി ഓർത്തഡോക്‌സ് സഭയിലെ നൂറ്റിപ്പത്തൊമ്പതാമത് പാത്രിയാർക്കീസ് ആയിരുന്നു ഇഗ്‌നാത്യോസ് ഏലിയാസ് തൃതീയൻ ബാവയെ മഞ്ഞിനിക്കര ബാവ എന്ന പേരിലും അറിയപ്പെടുന്നു. കേരള സന്ദർശന സമയത്ത് മഞ്ഞനിക്കര ദേവാലയം സന്ദർശിക്കവെ ഇവിടെ വച്ച് മരണമടയുകയും ഇവിടെ തന്നെ കബറടക്കുകയുമായിരുന്നു.

പുരാതനമായ ശാക്കിർ കുടുംബത്തിൽ മർദ്ദിനിലായിരുന്നു ബാവയുടെ ജനനം. നസ്രി എന്നയിരുന്നു ജ്ഞാനസ്‌നാന നാമം. പ്രാഥമിക വിദ്യാഭ്യാസതിനുശേഷം പത്രോസ് നാലാമൻ ബാവയുടെ നിർദ്ദേശപ്രകാരം ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 1887-ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു. സന്യാസി എന്ന നിലയിൽ ഏലിയാസ് എന്ന നാമവും സ്വീകരിച്ചു. 1892-ൽ പത്രോസ് നാലാമൻ ബാവായിൽ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു.1908-ൽ ഏലിയാസ് കശ്ശീശ അമീദിലെ മെത്രാനായി വഴിക്കപ്പെട്ടു. 1912-ൽ മൊസ്സൂളിലെ മെത്രാനായി. 1917-ൽ ഇഗ്‌നാത്യോസ് ഏലിയാസ് മൂന്നാമൻ ബാവ എന്ന പേരിൽ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ തലവനായി.

മലങ്കര സഭയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 1931-ൽ ഇർവിൻ പ്രഭുവിന്റെ ക്ഷണപ്രകാരം ഇദ്ദേഹം കേരളം സന്ദർശിച്ചു. രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തെ അക്കാലത്ത് അലട്ടിയിരുന്നു. 1932 ഫെബ്രുവരി 13-ന് മഞ്ഞനിക്കരയിൽ വച്ച് മരണമടഞ്ഞ അദ്ദേഹത്തെ മഞ്ഞനിക്കര ദയറയിൽ അടക്കം ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP