കന്യാസ്ത്രീയെ അവഹേളിച്ചെന്ന പരാതി: അന്ത്യശാസന നൽകിയിട്ടും വനിതാ കമ്മീഷന് മുന്നിൽ ഹാജരാകില്ലെന്ന നിലപാടിലുറച്ച് പി.സി ജോർജ്; കമ്മീഷൻ അധ്യക്ഷ ഇന്ന് നിലപാട് വ്യക്തമാക്കാനിരിക്കേ കമ്മീഷനും ജോർജും തമ്മിൽ കൊമ്പു കോർക്കൽ ശക്തം; സമാന പരാതിയിൽ ക്രിമിനൽ കേസുള്ളതിനാൽ മറ്റാർക്കും വിശദീകരണം നൽകാനാവില്ലെന്നും ജോർജിന്റെ അഭിഭാഷകൻ
November 13, 2018 | 10:50 AM IST | Permalink

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി : വനിതാ കമ്മീഷനും പി.സി ജോർജ് എംഎൽഎയും തമ്മിലുള്ള കൊമ്പു കോർക്കൽ ശക്തമാകുന്നു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ ജോർജ് അവഹേളിച്ചെന്ന് പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെ വനിതാ കമ്മീഷനും ജോർജും തമ്മിൽ ശക്തമായ പോരാട്ടമാണുണ്ടായത്. താൻ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് പലതവണ ജോർജ് അറിയിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അന്ത്യശാസന നൽകിയിട്ടും കമ്മിഷനു മുമ്പിൽ താനെത്തില്ലെന്ന നിലപാട് ആവർത്തിച്ച് ജോർജ് കത്തു നൽകിയത്. വാറന്റടക്കമുള്ള നടപടികൾക്ക് അധികാരമുണ്ടെന്നിരിക്കെ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ ഇന്നു നിലപാടു വ്യക്തമാക്കും.
സമാന പരാതിയിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ടെന്നും അതു നിലനിൽക്കെ, ഇക്കാര്യത്തിൽ മറ്റാർക്കും വിശദീകരണം നൽകാനാവില്ലെന്നും ജോർജിന്റെ അഭിഭാഷകനായ അഡോൾഫ് മാത്യു കമ്മിഷനെ അറിയിച്ചു.രണ്ടു തവണ സമയം അനുവദിച്ചിട്ടും ജോർജ് ഒഴിഞ്ഞുമാറിയതിൽ കമ്മിഷനു കടുത്ത അതൃപ്തിയുണ്ട്. അന്ത്യശാസന എന്ന നിലയിലാണ് ഇന്നു കൂടി സമയം അനുവദിച്ചത്.
