Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫാർമസി ഡ്യൂട്ടിയിലുള്ള നഴ്‌സിനോട് ബി പി നോക്കാൻ ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ; ജോലിയിലാണെന്നും ബി പി നോക്കേണ്ടത് ഡോക്ടറാണെന്നും ആശ പറഞ്ഞതോടെ ഡോ. ലിനി ശകാരിച്ചത് ഹൃദ്രോഗിയാണെന്ന പരിഗണന പോലും നൽകാതെ; നഴ്‌സ് കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ ഓഫീസർ

ഫാർമസി ഡ്യൂട്ടിയിലുള്ള നഴ്‌സിനോട് ബി പി നോക്കാൻ ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ; ജോലിയിലാണെന്നും ബി പി നോക്കേണ്ടത് ഡോക്ടറാണെന്നും ആശ പറഞ്ഞതോടെ ഡോ. ലിനി ശകാരിച്ചത് ഹൃദ്രോഗിയാണെന്ന പരിഗണന പോലും നൽകാതെ; നഴ്‌സ് കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ ഓഫീസർ

മറുനാടൻ മലയാളി ബ്യൂറോ

നെയ്യാറ്റിൻകര: ഡോക്ടർ ശകാരിച്ചതിനെ തുടർന്ന് ഹൃദ്രോഗിയായ സ്റ്റാഫ് നഴ്‌സ് കുഴഞ്ഞുവീണു. നഗരസഭയുടെ ഓലത്താന്നിയിലുള്ള പെരുമ്പഴുതൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലാണ് മെഡിക്കൽ ഓഫീസറായ ഡോ.ലിനി ശകാരിച്ചതിനെ തുടർന്ന് സ്റ്റാഫ് നഴ്സായ ആശ കുഴഞ്ഞുവീണത്. ആരോഗ്യനില മോശമായതിനാൽ ഇവരെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം. ആശ കഴിഞ്ഞ ദിവസം വീട്ടിൽ വീണ് ഇടത്തെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കൈയിൽ ബാന്റേജുമായാണ് ജോലിക്ക് വന്നത്. ഫാർമസി ഡ്യൂട്ടിയാണ് നോക്കിയത്. രോഗികളെ പരിശോധിച്ച ഡോക്ടർ ഫാർമസിയിലെ ആശയോട് ഒരു രോഗിയുടെ ബി.പി. നോക്കാൻ ആവശ്യപ്പെട്ടു. ഫാർമസി ഡ്യൂട്ടിയിലാണെന്നും ബി.പി. നോക്കേണ്ടത് ഡോക്ടറാണെന്നും ആശ പറഞ്ഞു. തുടർന്നാണ് മറ്റുരോഗികൾക്കും ജീവനക്കാർക്കും മുന്നിൽവെച്ച് ഡോക്ടർ ആശയെ ശകാരിച്ചത്. ഇതിനെ തുടർന്ന് ആശ തളർന്ന് വീഴുകയായിരുന്നു.

ആശയെ സഹപ്രവർത്തകർ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഹൃദയവാൽവ് സംബന്ധമായ രോഗത്തിന് ശ്രീചിത്ര ആശുപത്രിയിൽ ചികിത്സ നടത്തിവരികയാണ് ആശ.

സംഭവത്തെ തുടർന്ന് കേരള ഗവ.നഴ്സസ് അസോസിയേഷൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും ഡിഎച്ച്എസിനും പരാതി നൽകി. ആശയെ മെഡിക്കൽ ഓഫീസർ നിരന്തരം ജോലിസമയത്ത് ശകാരിച്ചിരുന്നതായി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുബ്രഹ്മണ്യവും ജനറൽ സെക്രട്ടറി ഉഷാദേവിയും സെക്രട്ടറി നിഷ ഹമീദും ആരോപിച്ചു.

എന്നാൽ, സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് തെറ്റില്ലെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.ശ്രീകാന്ത് വിശദീകരിച്ചു. ഡോ.ലിനി ഒരു രോഗിയുടെ ബി.പി. നോക്കാൻ ആശയോട് ആവശ്യപ്പെട്ടു. എന്നാൽ അവരത് ചെയ്തില്ല. തുടർന്ന് ആശ തളർന്നുവീഴുകയായിരുന്നു. ഈ സമയം ആശയ്ക്ക് ഡോ.ലിനിയാണ് പ്രാഥമിക ചികിത്സ നൽകിയതെന്നും ഡോ.ശ്രീകാന്ത് പറഞ്ഞു.

സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രീത അറിയിച്ചു. തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ വിജിലൻസ് വിഭാഗവും അന്വേഷണം നടത്തും. ഇതിനു ശേഷമേ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കൂ എന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP