Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂട്ടുത്തരവാദിത്തം ഇല്ലാത്ത പിണറായി മന്ത്രിസഭയോട് രാജിക്ക് നിർദേശിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഇക്കാര്യം ഹൈക്കോടതി തന്നെ പരാമർശിച്ച സാഹചര്യത്തിൽ പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ലെന്നും പരാതിയിൽ; സിപിഐ-സി.പി.എം തർക്കം മൂന്നാർ വിഷയത്തിലും കത്തിക്കയറുന്നതിനിടെ സർക്കാരിനെ വിഷമവൃത്തത്തിലാക്കി ഹർജി

കൂട്ടുത്തരവാദിത്തം ഇല്ലാത്ത പിണറായി മന്ത്രിസഭയോട് രാജിക്ക് നിർദേശിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഇക്കാര്യം ഹൈക്കോടതി തന്നെ പരാമർശിച്ച സാഹചര്യത്തിൽ പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാൻ അർഹതയില്ലെന്നും പരാതിയിൽ; സിപിഐ-സി.പി.എം തർക്കം മൂന്നാർ വിഷയത്തിലും കത്തിക്കയറുന്നതിനിടെ സർക്കാരിനെ വിഷമവൃത്തത്തിലാക്കി ഹർജി

തിരുവനന്തപുരം: സംസ്ഥാനത്ത് തോമസ് ചാണ്ടി വിഷയത്തിൽ സിപിഐ-സി.പി.എം അഭിപ്രായ ഭിന്നതയുണ്ടാവുകയും തുടർന്ന് മൂന്നാർ വിഷയത്തോടെ അത് കൂടുതൽ വഷളാവുകയും ചെയ്ത സാഹചര്യത്തിൽ വിഷയം ഹൈക്കോടതിയിലും എത്തി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കുമുള്ള ഭരണഘടനാപരമായ അവകാശം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നേമം സ്വദേശി ആർ എസ് ശശികുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്.

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ സർക്കാർ തീരുമാനം വൈകിയതോടെയാണ് വിഷയം എൽഡിഎഫിലെ പ്രധാന പാർട്ടികളായ സിപിഐയും സിപിഎമ്മും തമ്മിലുള്ള ഭിന്നതയിലേക്ക് നീങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച ചേർന്ന എൽഡിഎഫ് യോഗത്തിൽ മന്ത്രിയുടെ രാജിക്ക് തത്വത്തിൽ ധാരണയായിരുന്നു. കോടതി തീരുമാനംവരെ കാത്തശേഷം മുഖ്യമന്ത്രി തീരുമാനമെടുക്കട്ടെയെന്ന ഉപാധിയും ഇതിന് മുമ്പ് എൻസിപിയുടെ സംസ്ഥാന എക്‌സിക്യുട്ടീവിന്റെ തീരുമാനത്തിന് കാക്കാമെന്നുമുള്ള ഉപാധിയും സിപിഐ സമ്മതിച്ചുവെന്നാണ് സിപിഎമ്മിന്റെ നിലപാട്.

എന്നാൽ ഇതിന് വിരുദ്ധമായി ചൊവ്വാഴ്ച കോടതി തീരുമാനം വന്നതിന് പിന്നാലെ പിറ്റേന്ന് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാൻ കാനം സിപിഐ മന്ത്രിമാർക്ക് നിർദ്ദേശം നൽകുകയായിരുന്നു. ബുധനാഴ്ച സിപിഐയുടെ നാല് മന്ത്രിമാർ ക്യാബിനറ്റ് ബഹിഷ്‌കരിച്ചതോടെ വിഷയം സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന നിലയിലേക്ക് ചുവടുമാറുകയും ചെയ്തിരുന്നു.

ഹൈക്കോടതി പരാമർശവും സർക്കാരിന് എതിരായിരുന്നു. സർക്കാരിന്റെ പ്രതിനിധിയായ കളക്ടർക്ക് എതിരെ സർക്കാരിന്റെ ഭാഗമായ മന്ത്രി പരാതി നൽകുന്നത് ഏത് സാഹചര്യത്തിലാണെന്ന ചോദ്യവും ഉയർന്നു. ഇതോടെ സർക്കാരിനെതിരെ കോടതി പരാമർശം ഉണ്ടായെന്ന വാദം സജീവമായി.

ഈ സംഭവങ്ങളുടെ തുടർച്ചയായി സിപിഐയെ സി.പി.എം പൊളിറ്റ്ബ്യൂറോ രൂക്ഷമായി വിമർശിക്കുകയും മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച് തോമസ് ചാണ്ടിയുടെ രാജിയുടെ ക്രെഡിറ്റ് നേടാനുള്ള സിപിഐയുടെ തന്ത്രമായിരുന്നു ക്യാബിനറ്റ് ബഹിഷ്‌കരണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പത്രസമ്മേളനത്തിൽ തന്നെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മൂന്നാർ വിഷയത്തിൽ സിപിഐയുടെ കയ്യിലുള്ള റവന്യൂവകുപ്പിന്റെ നിലപാടുകളെ ചൊല്ലി ഇടുക്കിയിലും ഇരു പാർട്ടികളും രണ്ടുതട്ടിലേക്ക് എത്തിക്കഴിഞ്ഞു.

ഇത്തരത്തിൽ സി.പി.എം സിപിഐ തർക്കം പുരോഗമിക്കുന്നതിനിടെ ആണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രിയുടെ രാജിക്ക് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP