Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർഎസ്എസ് രക്തദാഹം അവസാനിപ്പിക്കുന്നില്ല, കൊലപാതകം നടത്തി കള്ളം പ്രചരിപ്പിക്കുന്നു; 'കേന്ദ്ര ഭരണത്തിന്റെ പിന്തുണയോടെ ആക്രമണോത്സുകത' കാട്ടുന്നു; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി; ബിജെപി ഹർത്താലിന് പിന്നിൽ ഗൂഢരാഷ്ട്രീയ ലക്ഷ്യമെന്ന് കോടിയേരി

ആർഎസ്എസ് രക്തദാഹം അവസാനിപ്പിക്കുന്നില്ല, കൊലപാതകം നടത്തി കള്ളം പ്രചരിപ്പിക്കുന്നു; 'കേന്ദ്ര ഭരണത്തിന്റെ പിന്തുണയോടെ ആക്രമണോത്സുകത' കാട്ടുന്നു; കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി; ബിജെപി ഹർത്താലിന് പിന്നിൽ ഗൂഢരാഷ്ട്രീയ ലക്ഷ്യമെന്ന് കോടിയേരി

ചേർത്തല: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ആർഎസ്എസിനെയും കേന്ദ്ര സർക്കാറിനെയും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ആർഎസ്എസ് ആക്രമണം പെരുകുകയാണെന്ന് പിണറായി വിജയൻ ചേർത്തലയിൽ പറഞ്ഞു. കേന്ദ്ര ഭരണത്തിന്റെ പിന്തുണയോടെ ആർഎസ്എസ് ആക്രമണോത്സുകത കാണിക്കുകയാണ്. കണ്ണൂരിലെ ആർഎസ്എസ് ആക്രമണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാട്ടിൽ സമാധാനം ഉണ്ടാകരുതെന്നാണ് ആർഎസ്എസ് ആഗ്രഹിക്കുന്നത്. മുൻകൂട്ടി തയാറാക്കിയ ആക്രമണമാണ് ആർഎസ്എസ് നടത്തുന്നതെന്നും അവർ രക്തദാഹം അവസാനിപ്പിക്കുന്നില്ല. കള്ളപ്രചരണമാണ് അവർ നടത്തുന്നത്. സംസ്ഥാനത്ത് ആർ.എസ്എസ് കൊലപാതകങ്ങൾ നടത്തുകയും കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണെനനാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

ചില ശക്തികൾ നാടിനെയാകെ കുരുതിക്കളമാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. വർഗീയ ശക്തികളാണ് ഇതിന് പിന്നിൽ. രാജ്യത്താകെ വർഗീയ സംഘർഷം സൃഷ്ടിച്ച് തങ്ങൾക്കനുകൂലമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു. നാട്ടിൽ സമാധാനം ഉണ്ടാകരുതെന്നാണ് ആർ.എസ്.എസിന്റെ തീരുമാനം. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയാണ് ആർഎസ്എസ് അക്രമോത്സുകത കാണിക്കുന്നത്. അവർ രക്ത ദാഹം അവസാനിപ്പിക്കുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേ സമയം കണ്ണൂരിൽ നടക്കുന്ന കൊലപാതകങ്ങൾ മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെയാണെന്ന് ബിജെപി ദേശീയ വക്താവ് ജി.വി.എൽ നരംസിംറാവു ആരോപിച്ചു. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമങ്ങളിൽ മുഖ്യമന്ത്രിക്ക് ധാർമികപരാമായ ഉത്തരവാദിത്വമുണ്ടെന്ന് ഒ.രാജഗോപാൽ എംഎ‍ൽഎയും പറഞ്ഞു.

അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പിന്നിൽ ആരാണെന്ന ചോദ്യം ഉയരുന്നുണ്ട്. നിയമന വിവാദത്തിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന സി പി എമ്മിനെ തൽക്കാലത്തേക്ക് രക്ഷിക്കാൻ വേണ്ടി സിപിഐ(എം) പ്രവർത്തകർ തന്നെയാണോ സി പി എം പ്രവർത്തകനായ മോഹനനെ ഞായറാഴ്ച കൊന്നതെന്നാണ് ആർഎസ്എസുകാർ ഉന്നയിക്കുന്ന ചോദ്യം.

ഇന്ന് കണ്ണൂർ പിണറായിയിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചപ്പോൾ, സോഷ്യൽ മീഡിയയിലെ സിപിഐ(എം) അനുകൂലികൾ പ്രതികരിക്കുന്നത് ഇതേ സ്വരത്തിലാണ്. സിപിഐ(എം) പ്രതികാരം തീർത്തു എന്ന് വരുത്തിത്തീർക്കാൻ വേണ്ടി, രമിത് എന്ന ആർഎസ്എസ് പ്രവർത്തകനെ ആർഎസ് എസുകാർ തന്നെ കൊല്ലുകയായിരുന്നു എന്നാണ് പ്രചരണം. ഈ പ്രചരണം ശക്തമായി നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായിയും ആർഎസ്എസിനെയു കേന്ദ്രസർക്കാറിനെയും കുറ്റപ്പെടുത്തി രംഗത്തുവന്നത്.

  •  ബിജെപി ഹർത്താലിനു പിന്നിൽ ഗൂഡലക്ഷ്യമെന്ന് കോടിയേരി

കണ്ണൂരിലെ പ്രാദേശിക സംഭവത്തിന്റെ പേരിൽ സംസ്ഥാനതല ഹർത്താൽ നടത്തുന്ന ബിജെ.പിക്ക് ഗൂഢരാഷ്ട്രീയ ലക്ഷ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

'മാർകിസ്റ്റ് അക്രമ മുറവിളി' കോഴിക്കോട് നടന്ന ബിജെപിയുടെ ദേശീയ സമ്മേളനത്തിൽ പ്രാധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത്ഷായും ഉയർത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരിക്കാനുള്ള അവരുട ആഹ്വാനം ചെവികൊണ്ടാണ് ബിജെപിയും ആർ.എസ്.എസും സംസ്ഥാനത്ത് എൽഡിഎഫ് പ്രവർത്തകർക്കെതിരെ, വിശിഷ്യാ സിപിഐ എം പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന് വരുത്താനുള്ള ആസൂത്രതിത നീക്കമാണ് നടത്തുന്നതെന്ന് കോടിയേരി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് രണ്ടു നാൾ മുമ്പ് കണ്ണൂരിൽ സിപിഐ എം ലോക്കൽ കമ്മിറ്റിയംഗമായ മോഹനനെ നിഷ്ഠൂരമായി വകവരുത്തിയത്. എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്ത് 5 സിപിഐ എം പ്രവർത്തകരെയാണ് ആർഎസ്എസ്സുകാർ കൊലപ്പെടുത്തിയത്.

സിപിഐ എം ന്റെ 300 ലേറെ പ്രവർത്തകരെ അക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. 80 ൽ അധികം വീടുകൾ തകർത്തു. 35 പാർട്ടി ഓഫീസുകൾ അക്രമിച്ചു. ഈ ആക്രമണങ്ങളെല്ലാം ബോധപൂർവ്വം സംഘടിപ്പിച്ചതാണ്. കേരളത്തിൽ എൽ.ഡി.എഫ് അധികാരത്തിൽ വന്ന ശേഷം ആർഎസും എസും ബിജെപിയും നടത്തുന്ന ആസൂത്രിതമായ അക്രമണത്തോട് മൗനം കൊണ്ട് പിന്തുണ നൽകുകയാണ് കോൺഗ്രസും യുഡി.എഫും. അതുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ കണ്ണൂരിൽ മോഹനനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയിട്ടും ഇതിനെതിരെ പ്രതികരിക്കാൻ കെപിസിസി തയ്യാറാകാത്തത്. ആർഎസ്എസ് അക്രമണത്തെ വെള്ളപൂശുകയാണ് ഈ നിലാപാടിലൂടെ കോൺഗ്രസ് ചെയ്യുന്നത്.

കേരളത്തിലെ ഒരു പ്രദേശത്തും സമാധാനത്തിന് ഭംഗമുണ്ടാകരുതെന്നതാണ് സിപിഐ എം ന്റെ ഉറച്ച നിലപാട്. സമാധാനം പരിപാലിക്കുന്നതിന് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നതിന് സിപിഐ. എം എല്ലാ പിന്തുണയും നൽകും. സമാധാനത്തിനാണ് പാർട്ടി മുൻഗണന നൽകുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP