Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എടിഎം തട്ടിപ്പു കേസിൽ ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു പിണറായിയുടെ മറുപടി; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ കഴിഞ്ഞതു പൊലീസിന്റെ കാര്യക്ഷമതയ്ക്കു തെളിവ്

എടിഎം തട്ടിപ്പു കേസിൽ ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു പിണറായിയുടെ മറുപടി; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ കഴിഞ്ഞതു പൊലീസിന്റെ കാര്യക്ഷമതയ്ക്കു തെളിവ്

തിരുവനന്തപുരം: വിദേശികൾക്കു പോലും കൊള്ളയടിക്കാൻ തക്കവണ്ണം കേരളം മാറി എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ കഴിഞ്ഞതു പൊലീസിന്റെ കാര്യക്ഷമതയ്ക്കു തെളിവാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

എടിഎം കവർച്ചയുടെ വിവരം പുറത്തുവന്ന ഉടൻ തന്നെ ''വിദേശക്രിമിനലുകളുടെ താവളമായി കേരളം'' എന്ന് പ്രസ്താവനയിറക്കിയ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തൊട്ടടുത്ത മണിക്കൂറുകളിൽ തന്നെ അവർ പിടിയിലാകും എന്നത് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല. അദ്ദേഹത്തിന് വശമുള്ള പൊലീസ് ഭരണത്തിന്റെ രീതി വച്ചു നോക്കിയാൽ അങ്ങനെ അദ്ദേഹത്തിനു ചിന്തിക്കാൻ കഴിയില്ലല്ലോ എന്നും പിണറായി പരിഹസിച്ചു.

ഏതായാലും മണിക്കൂറുകൾക്കകം ക്രിമിനലുകൾ പിടിക്കപ്പെട്ട സാഹചര്യത്തിൽ പ്രതിപക്ഷനേതാവ് തന്റെ പ്രസ്താവന ന്യായമായും തിരുത്തേണ്ടതാണ്. ''സ്വദേശത്തും വിദേശത്തുമുള്ള കള്ളന്മാർക്ക് കേരളത്തിൽ രക്ഷയില്ലാതായി'' എന്ന രീതിയിൽ ഭേദഗതിപ്പെടുത്തിയാൽ അതിൽ സത്യമുണ്ടെന്ന് നാട്ടുകാർക്ക് മനസ്സിലാകും. എവിടെയെങ്കിലും ഒരു കുറ്റകൃത്യമുണ്ടാകുന്നുണ്ടോ എന്ന് കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന് രാഷ്ട്രീയമുതലെടുപ്പിനായി അതുപയോഗിക്കാൻ വ്യഗ്രതപ്പെടുന്ന ശൈലി ആർക്കും ഗുണകരമല്ല എന്നു മാത്രം പറയട്ടെ.

ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ നടത്തിയ കവർച്ചയിലെ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി അറസ്റ്റ് ചെയ്ത കേരളപൊലീസിനെ അഭിനന്ദിക്കുന്നു. യുക്തിയുടെയും ശാസ്ത്രീയതയുടെയും വഴികളിലൂടെയാണ് പൊലീസ് ടീം ആധുനികസംവിധാനങ്ങളോടെ വന്ന ഈ ക്രിമിനൽ സംഘത്തെ തകർത്തത്. ഇതര സംസ്ഥാനങ്ങൾക്കു പോലും മാതൃകയാവുന്ന തരത്തിലായിരുന്നു കേരള പൊലീസിന്റെ പ്രവർത്തനം. ആത്മാർഥമായും സത്യസന്ധമായും അർപ്പണബോധത്തോടെയും ചുമതല നിർവഹിച്ച പൊലീസ് ടീമിനെ ഹാർദമായി അഭിനന്ദിക്കുന്നു.

പുതിയ ഭരണത്തിൽ കേരളപൊലീസിന്റെ കാര്യക്ഷമത ആവർത്തിച്ചാവർത്തിച്ചു തെളിയിക്കപ്പെടുകയാണ് എന്നതാണ് സത്യം. ജിഷവധക്കേസ്, കിളിമാനൂർ കൊലപാതകം, കാക്കനാട് എടിഎം കവർച്ച-കൊലപാതക കേസ് എന്നിവ മുതൽ റുമേനിയക്കാരുടെ എടിഎം തട്ടിപ്പു വരെ ഉണ്ടായ പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളിലെല്ലാം മണിക്കൂറുകൾക്കുള്ളിലാണ് അറസ്റ്റ് ഉണ്ടായത്. അന്വേഷണത്തെ 'ഇരുട്ടിൽ തപ്പലാക്കി' മാറ്റിയ മുൻ ആഭ്യന്തരമന്ത്രിക്ക് ഈ മാറ്റത്തിൽ അസ്വസ്ഥത ഉണ്ടാവുന്നത് സ്വാഭാവികമാണ്. ഫോറൻസിക്ക് പരിശോധനയ്ക്ക് വിധേയമാക്കേണ്ട ചെരിപ്പ് മരത്തിൽ കെട്ടിത്തൂക്കിയിട്ട് 'ഒന്നിനും തെളിവില്ല' എന്നു പറഞ്ഞ് കൈ കഴുകിയ പൊലീസ് ഭരണത്തിന്റെ കാലം പോയ് മറഞ്ഞു എന്ന് പ്രതിപക്ഷനേതാവ് മനസ്സിലാക്കണമെന്നും പിണറായി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP