Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാനസികാരോഗ്യം വീണ്ടെടുത്തവരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാവിധ സർക്കാർ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സുഖം പ്രാപിച്ചവർക്കുള്ള പുനരധിവാസപദ്ധതിയുമായി സ്നേഹക്കൂടിന് തുടക്കമായി

മാനസികാരോഗ്യം വീണ്ടെടുത്തവരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാവിധ സർക്കാർ പിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സുഖം പ്രാപിച്ചവർക്കുള്ള പുനരധിവാസപദ്ധതിയുമായി സ്നേഹക്കൂടിന് തുടക്കമായി

തിരുവനന്തപുരം: മാനസികരോഗം മാറിയവരെ പുനരധിവസിപ്പിക്കുന്നതിന് എല്ലാവിധ പിന്തുണയും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാനസികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് സുഖം പ്രാപിച്ചവർക്കുള്ള പുനരധിവാസ പദ്ധതിയായ 'സ്നേഹക്കൂടി'ന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനസികരോഗമെന്നത് മറ്റു രോഗങ്ങൾ പോലെ ആർക്കും വരാവുന്നതാണ്. എന്നാൽ മറ്റേത് രോഗം മാറിയാലും സമൂഹം ശരിയായ നിലയിൽ സ്വീകരിക്കാറുണ്ട്. ചിലരുടെ കാര്യത്തിൽ മാനസികരോഗം മാറിയാലും വേണ്ടപോലെ സ്വീകരിക്കാത്ത ദുഃസ്ഥിതിയുണ്ട്. ഏതു മാനസികാരോഗ്യ കേന്ദ്രത്തിൽ പോയാലും അത്തരക്കാരെ കാണാം. ചിലരുടെ കാര്യത്തിൽ അവർ എവിടുത്തുകാരാണെന്നോ പേര് പോലും അറിയാത്തവരോ ഉണ്ട്.

മാനസികാരോഗ്യകേന്ദ്രങ്ങളിൽ കഴിയുന്ന ഇത്തരക്കാർക്ക് ശരിയായ പുനരധിവാസം പുതിയ പദ്ധതി വഴി സാധിക്കും. കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിൽ ഇത്തരം പുനരധിവാസ പദ്ധതി നേരത്തെ ആലോചിച്ചിരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുനരധിവാസ പദ്ധതിയുടെ ധാരണാപത്രവും ചടങ്ങിൽ കൈമാറി. നാലു കോടി രൂപ സർക്കാർ സഹായം ഉപയോഗിച്ച് നിർമ്മിക്കുന്ന പുരുഷന്മാർക്കുള്ള ആധുനിക ചികിത്സാ-നിരീക്ഷണ വാർഡിന്റെ തറക്കല്ലിടൽ ചടങ്ങും മുഖ്യമന്ത്രി നിർവഹിച്ചു.

ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡിപ്രഷൻ ക്ലീനിക്കുകൾ ആരംഭിക്കുമെന്നും ആർദ്രം മിഷനിൽ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്നുണ്ടെന്നും അ്വർ പറഞ്ഞു. തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രം മെന്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്താൻ നടപടി സ്വീകരിക്കും. കോഴിക്കോട് കേന്ദ്രം പുനരധിവാസ കേന്ദ്രമാക്കും. തൃശൂർ കേന്ദ്രത്തിലും വികസനപ്രവർത്തനങ്ങൾ നടത്തുമെന്നും അവർ പറഞ്ഞു.

മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾക്കായി സാക്ഷരതാ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന സാക്ഷരതാ ക്ലാസിന്റെ പുസ്തകങ്ങളുടെ പ്രകാശനവും ആരോഗ്യമന്ത്രി നിർവഹിച്ചു. പശ്ചിമബംഗാൾ സ്വദേശിനികളായ സിൻഹ, പൂജ എന്നീ പെൺകുട്ടികളുടെ ബന്ധുക്കൾ അവരെ കൂട്ടിക്കൊണ്ടുപോകുന്ന നിമിഷത്തിനും ചടങ്ങ് വേദിയായി.

ദി ഹിന്ദു ദിനപ്പത്രത്തിന്റെ കസ്തൂരി ഗ്രൂപ്പ് ചെയർമാൻ എൻ. റാം റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ ഇത്തരം പുനരധിവാസ പദ്ധതികൾക്ക് മുൻഗണന നൽകുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നീ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് രോഗം ഭേദമായിട്ടും അനാഥരായി കഴിയുന്ന നൂറോളം പേർക്ക് പദ്ധതി സമാശ്വാസം നൽകും. മലപ്പുറത്ത് സജ്ജമാക്കിയ ദി ബന്യാൻ സംഘടനയുടെ സ്നേഹവീട്ടിലേക്കാണ് ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുന്നവരെ മാറ്റുക. തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് 45 പേരും, തൃശൂർ കേന്ദ്രത്തിൽ നിന്ന് 25 പേരും, കോഴിക്കോട് നിന്ന് 60 പേരുമാണുള്ളത്. ഇവർക്ക് മതിയായ തൊഴിലും നൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP