Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏഷ്യാനെറ്റ് ന്യൂസിന് മറുപടിയുമായി പിണറായി വിജയൻ; താൻ ചെണ്ടയല്ല, ചാനലിലിരുന്ന് ആക്രോശിക്കുന്നവർ വിധി കർത്താക്കളാകരുത്; ഇരിക്കുന്ന സ്ഥാനത്തെ ഓർത്ത് കൂടുതൽ പറയുന്നില്ല; തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ് ചാനലുകളല്ല; കെവിന്റെ മരണത്തിൽ ഗാന്ധിനഗർ എസ്ഐ വരുത്തിയത് ഗുരുതര വീഴ്‌ച്ച; ഇത് അസാധാരണ കൃത്യവിലോപം: കൊല്ലത്ത് പൊതുവേദിയിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസിന് മറുപടിയുമായി പിണറായി വിജയൻ; താൻ ചെണ്ടയല്ല, ചാനലിലിരുന്ന് ആക്രോശിക്കുന്നവർ വിധി കർത്താക്കളാകരുത്; ഇരിക്കുന്ന സ്ഥാനത്തെ ഓർത്ത് കൂടുതൽ പറയുന്നില്ല; തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ് ചാനലുകളല്ല; കെവിന്റെ മരണത്തിൽ ഗാന്ധിനഗർ എസ്ഐ വരുത്തിയത് ഗുരുതര വീഴ്‌ച്ച; ഇത് അസാധാരണ കൃത്യവിലോപം: കൊല്ലത്ത് പൊതുവേദിയിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം:കെവിന്റെ മരണത്തിൽ ഗാന്ധിനഗർ എസ്‌ഐയ്ക്ക് ഗുരുതരവീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പുലർച്ചെ വിവരം ലഭിച്ചിട്ടും എസഐ ഒന്നും ചെയ്തില്ല. ഇത് അസാധാരണമായ കൃത്യവിലോപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ചാനലുകാർക്ക് കൊട്ടാനുള്ള ചെണ്ടയല്ല താൻ. ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യത പുലർത്തേണ്ടതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും പിണറായി പറഞ്ഞു.

തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്ന് പുലർച്ചെയും രാവിലെയും ഗാന്ധിനഗർ എസ്‌ഐക്ക് അറിവുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ഒരു നടപടിയും എടുത്തില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എസ്‌ഐക്ക് ചുമതലയുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. കൊല നടന്ന വിവരം അറിഞ്ഞാൽ സംഭവത്തെ അപലപിക്കാനാണ് ശ്രമിക്കുക. എന്നാൽ ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ദിവസം ആയതുകൊണ്ട് ഇതെങ്ങനെ എൽഡിഎഫിനെതിരെ തിരിച്ചുവിടാമെന്നായിരുന്നു ചിലർ ശ്രമിച്ചതെന്നും പിണറായി ആരോപിച്ചു. കൊല്ലത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസിന് വീഴ്ചയുണ്ടായാൽ സംരക്ഷിക്കില്ല. ചീത്തക്കാര്യം ചെയ്താൽ നടപടിയും നല്ല കാര്യം ചെയ്താൻ അംഗീകാരവും ഉണ്ടാകും. കെവിന്റെ മരണം നാട്ടിൽ നടക്കാൻ പാടില്ലാത്തതാണ്. സംഭവം രാഷ്ട്രീയവൽകരിക്കാനും പൊലീസിനെതിരെ തിരിക്കാനും ശ്രമം നടത്തുകയാണ്. പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അത് അവർ ഓർക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.കാലത്തിന്റെ മാറ്റം പെൺകുട്ടിയുടെ വീട്ടുകാർക്ക് മനസ്സിലായില്ല.

ചാനലുകൾക്ക് കൊട്ടാനുള്ള ചെണ്ടയല്ല താൻ. തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണ് ചാനലുകളല്ലെന്നും അദ്ദേഹം രോഷംകൊണ്ടു.ചാനലിരുന്ന് ആക്രോശിക്കുന്നവർ വിധികർത്താക്കളാകരുതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരിപാടി നടത്താതരിക്കാൻ സാധിക്കുമോ. കോട്ടയത്ത് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ എസ്‌ഐ ഇല്ല. വിവരം അറിഞ്ഞിട്ടും എസ്‌ഐ നടപടി സ്വീകരിച്ചില്ല. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ ചോദിച്ചതിന് മാത്രമാണ് മറുപടി നൽകിയത്. ചാനലുകൾ നടത്തുന്ന പ്രചരണത്തിന് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. ഇരിക്കുന്ന സ്ഥാനത്തെ ഓർത്ത് ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെ ആഞ്ഞടിച്ചു.

 

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ വച്ച് മുഖ്യമന്ത്രി ഇന്നലെ കെവിൻ കേസിലെ പൊലീസ് വീഴ്‌ച്ചയെ കുറിച്ച് വിശദീകരണം നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ പോകാൻ ഉള്ളതു കൊണ്ടാണ് ഗാന്ധിനഗർ എസ്ഐ എം എസ് ഷിബുവിന് കെവിന്റെ തട്ടിക്കൊണ്ടുപോകൽ കേസ് ഉടൻ അന്വേഷിക്കാൻ സാധിക്കാതെ പോയത്. ഇക്കാര്യം പൊലീസ് തന്നോട് പറഞ്ഞുവെന്ന് വ്യക്തമാക്കിയത് കെവിന്റെ ഭാര്യ നീനു ചാക്കോ തന്നെയായിരുന്നു. എന്നാൽ, ചോദ്യംമുഖ്യമന്ത്രിയോട് ചാനൽ പ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹത്തിന് ദേഷ്യം വന്നു. ഇഷ്ടപ്പെടാത്ത ചോദ്യത്തിലെ നീരസം പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം മറുപടി നൽകിയത്.

മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കുന്ന തിരക്കുണ്ടെന്ന ഒഴികഴിവു പൊലീസ് പറഞ്ഞല്ലോ എന്ന് ഏഷ്യാനെറ്റ് ചാനൽ റിപ്പോർട്ടർ പി ആർ പ്രവീണയാണ് ചോദിച്ചത്. പൊലീസിനെ കുറിച്ചുള്ള ചോദ്യം മുഖ്യമന്ത്രിക്കു തീരെ ഇഷ്ടപ്പെട്ടില്ല. മാധ്യമപ്രവർത്തകയുടെ ചാനൽ ഏതെന്നു തിരിച്ചു ചോദിക്കുകയാണ് പിണറായി ആദ്യം ചെയ്തത്. എന്നാൽ, മുഖ്യമന്ത്രിയുടെ ചോദ്യത്തിൽ വിരളാതിരുന്ന മാധ്യമപ്രവർത്തക ഏഷ്യാനെറ്റ് ന്യൂസിൽ നിന്നാണെന്ന് മറുപടി നൽകിയത്. തുടർന്ന് ചോദ്യവും പശ്ചാത്തലവും വീണ്ടും ആവർത്തിച്ചു. അപ്പോൾ മുഖ്യമന്ത്രി ലേഖികയോട് പറഞ്ഞത് ഉപദേശിച്ചത്. ബേജാറാവേണ്ടയെന്ന്. മാത്രമല്ല, മുഖ്യമന്ത്രിയുടെ സുരക്ഷയെന്ന പ്രശ്നചോദ്യം ഏഷ്യാനെറ്റ് സൃഷ്ടിച്ചതാക്കി മാറ്റാനും മുഖ്യമന്ത്രി ശ്രമിച്ചു. പി.ആർ. പ്രവീണ ആവർത്തിച്ചപ്പോൾ അസഹിഷ്ണുത കാട്ടേണ്ടതില്ലെന്നും മറുപടി പറയാമെന്നുമായി രോഷാകുലനായുള്ള മുഖ്യമന്ത്രിയുടെ മറുപടി.

പൊലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സാധാരണഗതിയിൽ പൊലീസ് കാണിക്കേണ്ട ജാഗ്രത എല്ലായിപ്പോഴും ഉണ്ടാകണം അതിന് മുഖ്യമന്ത്രിയുടെ യാത്രയോ സുരക്ഷയോ ഒരു പ്രശ്നമായി വരുന്നില്ല. സാധാരണ ഗതിയിൽ നമ്മുടേതു പോലൊരു സംസ്ഥാനത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. വലിയ കാലതാമസമില്ലാതെ പ്രതിയെ പിടിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. പൊലീസ് കാണിക്കേണ്ട ജാഗ്രത പൊലീസ് കാണിക്കണമെന്നും അതിലേക്ക് മുഖ്യമന്ത്രിയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി പരാതിയുമായെത്തിയ കെവിന്റെ ഭാര്യ നീനുവിനെ, ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുള്ള വിവരം ചൂണ്ടിക്കാട്ടിയാണ് പൊലീസ് അവഗണിച്ചതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് ഇതിലേക്ക് മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴയ്ക്കേണ്ടതില്ലെന്ന് പിണറായി പറഞ്ഞത്.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതുകൊണ്ട് ഗുണ്ടകൾക്ക് അഴിഞ്ഞാടാമെന്നാണ് ചില മാധ്യമങ്ങളുടെ കണ്ടുപിടിത്തം. ഇത് അത്യന്തം ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളിൽ പൊലീസ് കാട്ടേണ്ട ജാഗ്രത അവർ തന്നെ കാട്ടണം. അല്ലാതെ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇതിൽ ഒരു കാര്യവുമില്ല. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല എസ്ഐയ്ക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്ഐ ഷിബുവിന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടി, തെളിവു പുറത്തുവിട്ട് ചാനലിന്റെ മറുപടി

അതേസമയം മുഖ്യമന്ത്രിയു വാദം തെറ്റാണെന്ന് ചാനൽ തന്നെ വ്യക്തമാക്കി. എസ്ഐ ഷിബുവിന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടി ഉണ്ടെന്ന തെളിവുകൾ ചാനൽ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് തെളിയിക്കുകയാണ് ചാനൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് പുറത്തുവിട്ടതിലൂടെ ചെയ്തത്. കെവിന്റെ ഭാര്യ നീനു ചാക്കോയുടെ വാദങ്ങളെ ശരിവെക്കുന്നതാണ് പുറത്തുവന്ന രേഖകളും.

കെവിന്റെ വീട്ടിൽ കയറി അതിക്രമം നടത്തി നീനുവിന്റെ സഹോദരന്മാരും ഗുണ്ടാസംഘവും തട്ടിക്കൊണ്ടുപോയ വേളയിൽ പരാതിയുമായി ഭാര്യ നീനു ചാക്കോ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അന്വേഷിക്കാൻ തടസമായി ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരിപാടിയുണ്ട്, അദ്ദേഹം പോയ ശേഷം അന്വേഷിക്കാം എന്നായിരുന്നു. ഈ അനാസ്ഥായാണ് യുവാവിന്റെ ജീവൻ എടുത്തതും. തന്റെ സഹോദരനാണ് തട്ടിക്കൊണ്ടു പോയതെന്ന് നീനു പൊലീസിൽ പറയുകയും സഹോദന്റെ നമ്പർ നൽകുകയും ചെയ്തിരുന്നു. ഈ സമയം പൊലീസ് കൃത്യമായ ഇടപെടിൽ നടത്തിയിരുന്നെങ്കിൽ ആ യുവാവിന്റെ ജീവൻ രക്ഷിക്കാമായിരുന്നു. എന്നാൽ അതുണ്ടായില്ല.

ഗാന്ധിനഗർ പൊലീസിന് കൃത്യനിർവഹണം നടത്തുന്നതിൽ വീഴ്‌ച്ച വന്നതിൽ ആ അർത്ഥത്തിൽ ഒരു പങ്ക് മുഖ്യമന്ത്രി പിണറായി വിജയനുമുണ്ട്. വിവാദ സുവിശേഷകനായ തങ്കു പാസ്റ്ററുടെ പരിപാടിയിൽ ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. വിവാദ സുവിശേഷകന്റെ ഈ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ വലിയ തോതിൽ പൊലീസ് സന്നാഹവും ഒരുക്കേണ്ടി വന്നു. അതുകൊണ്ട് 'എന്റെ ഭർത്താവിനെ അവർ കൊല്ലു'മെന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞ 23കാരിയുടെ കണ്ണൂനീർ കാണാൻ പൊലീസ് കൂട്ടാക്കിയില്ല.

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ വീഴ്‌ച്ച വരുത്തിയാൽ നടപടി കടുത്തതാകുമെന്ന ഭയം തന്നെയാണ് പൊലീസുകാരെ പിന്തിരിപ്പിച്ചതെന്ന് കരുതേണ്ടി വരും. തട്ടിക്കൊണ്ട് പോയ യുവാവ് സഞ്ചരിച്ച വാഹനം നിരവധി പൊലീസ് സ്റ്റേഷൻ അതിർത്തികളിലൂടെയാണ് കടന്ന പോയത്. ആ സമയത്ത് വയർലസ് വഴി ഇടപെടൽ നടത്തിയെങ്കിൽ വണ്ടി പിടിക്കാനെങ്കിലും സാധിക്കുമായിരുന്നു.

തങ്കു പാസ്റ്റർ എന്ന വിവാദ സുവിശേഷകന്റെ നേതൃത്വത്തിലുള്ള റിച്ച് വേൾഡ് വൈഡ് എന്ന സംഘടനയുടെ സംസ്ഥാനതല സൗജന്യ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയത്. മുഖ്യമന്ത്രിയെ കൂടാതെ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ജെ തോമസ്, ജില്ലാ സെക്രട്ടറി വി.എൻ വാസവൻ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പരിപാടിയിൽ പങ്കെടുത്ത് തങ്കുവിന്റെ സേവനങ്ങളെ മുഖ്യമന്ത്രി വാനോളം പുകഴ്‌ത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP