Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗാന്ധിജി ഉയർത്തിപ്പിടിച്ചത് കളങ്കമില്ലാത്ത ആത്മീയതയായിരുന്നുവെങ്കിൽ ഗോഡ്സെയുടേത് വിഷലിപ്തമായ കപട ആത്മീയതയായിരുന്നു; ഗാന്ധിജിയുടെ ആത്മീയതയെ കീഴടക്കാൻ ശ്രമിക്കുന്ന കപട ആത്മീയതയാണ് ഇന്നു കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഗാന്ധിജി ഉയർത്തിപ്പിടിച്ചത് കളങ്കമില്ലാത്ത ആത്മീയതയായിരുന്നുവെങ്കിൽ ഗോഡ്സെയുടേത് വിഷലിപ്തമായ കപട ആത്മീയതയായിരുന്നു; ഗാന്ധിജിയുടെ ആത്മീയതയെ കീഴടക്കാൻ ശ്രമിക്കുന്ന കപട ആത്മീയതയാണ് ഇന്നു കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ ജീവിത സന്ദേശങ്ങൾ പുതുതലമുറയുടെ മനസിൽ കൊളുത്തി വയ്ക്കാനുള്ള കടമ സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തസാക്ഷ്യം 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് നമുക്ക് ജാതിയില്ലാ വിളംബരവും സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് വിവേകാനന്ദ സ്പർശവും സർക്കാർ സംഘടിപ്പിച്ചിരുന്നു. ഇതിന് സമാനമായാണ് ഗാന്ധിജിയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് രക്തസാക്ഷ്യം സംഘടിപ്പിക്കുന്നത്. ഗാന്ധിജിയുടെ ജീവിതവും ജീവത്യാഗവും കൂടുതൽ പ്രസക്തമാവുന്ന കാലമാണിത്. ഗാന്ധിയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയെന്നത് മാനവരാശിയുടെ അതിജീവനം താത്പര്യപ്പെടുന്ന ഏതൊരു ഭരണകൂടത്തിന്റേയും ഉത്തരവാദിത്തമാണ്.

ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പുതുതലമുറ അറിയണം. മതനിരപേക്ഷതയ്ക്കായി നിലകൊണ്ടതിനാലാണ് ഗാന്ധിജി വെടിയേറ്റു മരിക്കേണ്ടിവന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മാനുഷികാവകാശങ്ങൾക്കൊപ്പം ഗാന്ധിജി നിലകൊണ്ടു. മാനവികതയിൽ ഊന്നിയുള്ള അതിവിശാല കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യരാകെ ഒന്ന് എന്ന ബോധമാണ് ഗാന്ധിജിയെ നയിച്ചത്. വ്യക്തി, രാഷ്ട്രം, ലോകം എന്നിവയെ വെള്ളം കടക്കാത്ത അറയായി കാണുന്നതിനു പകരം ലോകം തന്നെ തറവാടെന്ന ദർശനമായിരുന്നു ഗാന്ധിജിയുടേത്. ഗാന്ധിജി ഉയർത്തിപ്പിടിച്ചത് കളങ്കമില്ലാത്ത ആത്മീയതയായിരുന്നുവെങ്കിൽ ഗോഡ്സെയുടേത് വിഷലിപ്തമായ കപട ആത്മീയതയായിരുന്നു. ഗാന്ധിജിയുടെ ആത്മീയതയെ കീഴടക്കാൻ ശ്രമിക്കുന്ന കപട ആത്മീയതയാണ് ഇന്നു കാണുന്നത്.

ദേശീയതയുടെ മുഖാവരണമിട്ട് കപട ആത്മീയത നിറഞ്ഞാടുന്നു. ഇതിനെതിരെ വലിയ ജാഗ്രതയുണ്ടാവണം. കാര്യമായ ബോധവത്കരണം ഇതിന് ആവശ്യമാണ്. മതനിരപേക്ഷതയെന്ന വലിയ സന്ദേശമാണ് സമൂഹത്തിൽ പടരേണ്ടത്. തൊട്ടുകൂടായ്മ ജീവിച്ചുകൂടായ്മയായി മാറിയ അവസ്ഥയാണിന്ന്. അതിനിഷ്ഠൂരമായി ദളിതരെ കൊലപ്പെടുത്തുന്നതും ഭേദ്യം ചെയ്യുന്നതുമായ വാർത്തകളാണ് ഇന്ന് കാണുന്നത്. സാവർദേശീയ ക്ഷേമബോധം വീണ്ടെടുക്കേണ്ടിയിരിക്കുന്നു.

ഗാന്ധിജി എല്ലാ മതങ്ങളെയും സമഭാവനയോടെയാണ് കണ്ടത്. പുതിയ കാലത്തെ പോരാട്ടങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഗാന്ധിജിയുടെ സന്ദേശങ്ങൾക്ക് പ്രാധാന്യം നൽകിയാണ് ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗാന്ധിജി, അംബേദ്കർ, കാറൽ മാർക്സ് എന്നിവരുടെ ആശയങ്ങളുടെ ഏകോപനമാണ് ഇന്നത്തെ ഇന്ത്യയ്ക്ക് ആവശ്യമെന്ന് ഗാന്ധി ദർശനവും സമകാലീന ഭാരതവും എന്ന വിഷയത്തിൽ സംസാരിച്ച തുഷാർ ഗാന്ധി പറഞ്ഞു. ഗോഡ്സെയുടെ ആശയങ്ങളെ നേരിടാൻ ഈ ഏകോപനം ആവശ്യമാണ്. നമ്മുടെയുള്ളിൽ ഗാന്ധിജിയും ഗോഡ്സെയുമുണ്ട്. ഗാന്ധിജിയുടെ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന തലത്തിലേക്ക് മനസുകൾ മാറണം. വെറുപ്പ്, കൊല, അക്രമം എന്നിവയിൽ നിന്ന് മനസിനെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഉണ്ടാവണം. എതിരാളിയെപ്പോലും സ്നേഹിക്കുക എന്ന ഗാന്ധിയൻ ആശയത്തിന് പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP