Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹകരണ മേഖലയുടെ വിശ്വാസ്യതയെന്ന ഏറ്റവും വലിയ മൂലധനത്തെ തകർക്കാനുള്ള ശ്രമമാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉണ്ടായത്; നോട്ട് നിരോധനം സഹകരണ മേഖലക്ക് ഉണ്ടാക്കിയ പ്രയാസം വലുതാണെന്നും പിണറായി വിജയൻ

സഹകരണ മേഖലയുടെ വിശ്വാസ്യതയെന്ന ഏറ്റവും വലിയ മൂലധനത്തെ തകർക്കാനുള്ള ശ്രമമാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉണ്ടായത്; നോട്ട് നിരോധനം സഹകരണ മേഖലക്ക് ഉണ്ടാക്കിയ പ്രയാസം വലുതാണെന്നും പിണറായി വിജയൻ

കണ്ണൂർ: സഹകരണ മേഖലയുടെ വിശ്വാസ്യതയെന്ന ഏറ്റവും വലിയ മൂലധനത്തെ തകർക്കാനുള്ള ശ്രമമാണ് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എട്ടാമത് കേരള സഹകരണ കോൺഗ്രസ് കണ്ണൂർ മുണ്ടയാട് ഇന്റോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനം സഹകരണ മേഖലക്ക് ഉണ്ടാക്കിയ പ്രയാസം വലുതാണ്. അന്നും പിന്നീടും ഇപ്പോഴും നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒട്ടേറെ ദുരൂഹത നിറഞ്ഞ കാര്യങ്ങൾ സഹകരണ മേഖലക്ക് അനുഭവിക്കേണ്ടി വന്നു. ആയിരക്കണക്കിനാളുകൾ നിത്യേന ഇടപാട് നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ കേവലം ഒരു വ്യക്തിയുടെ സ്ഥാനത്തേക്ക് പരിമിതപ്പെടുത്തുന്ന നിലയാണ് ഉണ്ടായത്. സഹകരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന അവസ്ഥയായിരുന്നു അത്. വിശ്വാസ്യത തകർത്താൽ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം ചോർന്നുപോകുന്ന സ്ഥിതിയാണ് സാധാരണ നിലയിൽ ഉണ്ടാവുക. ഇതിനായിരുന്നു ശ്രമിച്ചത്.

മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയായി 2015 ലെ ഇക്കണോമിക് റിവ്യൂവിൽ പരാമർശിച്ച കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ 558 എണ്ണം ഇതോടെ നഷ്ടത്തിലായി. 30 എണ്ണം പൂട്ടിയതുപോലെയായി. 34 എണ്ണം ലിക്വിഡേഷന്റെ വക്കിലെത്തി. 1.5 ലക്ഷം കോടി രൂപയാണ് കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപം. ഇതിനെ വലിയ തോതിൽ പിന്നോട്ടടിപ്പിക്കാനും തകർക്കാനുമുള്ള ശ്രമമാണുണ്ടായത്. എന്നാൽ സഹകാരികൾക്കും സഹകരണ മേഖലക്കും ഒന്നിച്ച് നിൽക്കാൻ കഴിഞ്ഞുവെന്നതാണ് പ്രത്യേകത. എന്നിരിക്കിലും ദുർബലമായ തോതിലുള്ള ചില വ്യത്യസ്ത സ്വരങ്ങൾ ഉയർന്നുവെന്നത് കാണാതിരുന്നുകൂട. എന്തായിരുന്നു അതിന്റെ ഉദ്ദേശ്യമെന്ന് വ്യക്തമല്ല. എന്തായാലും സഹകരണ മേഖലയെ ശരിയായി മുന്നോട്ടു നയിക്കുകയായിരുന്നില്ല എന്ന് വ്യക്തമാണ്.

നേരത്തെ പൊതുവെ സർക്കാരുകൾ സഹകരണ മേഖലക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ആഗോളവൽക്കരണത്തോടെ സഹകരണ മേഖലയോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ പ്രകടമായ മാറ്റം വന്നു. ഇതിനുശേഷം വന്ന സഹകരണ മേഖലയുമായി ബന്ധപ്പെട്ട കമ്മീഷനുകളുടെ റിപ്പോർട്ടുകളും സഹകരണ മേഖലക്ക് വലിയ ആഘാതമേൽപ്പിക്കുന്നവയാണ്. വൈദ്യനാഥൻ കമ്മീഷൻ റിപ്പോർട്ട് ഇതിൽ ഏറ്റവും വലിയതോതിൽ ചർച്ചചെയ്യപ്പെട്ടതാണ്. ഈ റിപ്പോർട്ട് സഹകരണ മേഖലയെ തകർക്കുമെന്ന നിലപാടാണ് കേരളത്തിലെ മാറിമാറി വന്ന സർക്കാരുകൾക്കും സഹകാരികൾക്കും ഉണ്ടായിരുന്നത്. സഹകരണ മേഖലയെ എങ്ങനെ കരുത്തുറ്റതാക്കാം എന്നും അതിന്റെ ഗുണം എങ്ങനെ സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കാം എന്നതിന് മുൻതൂക്കം കൊടുത്താണ് സഹകാരികൾ ഇവിടെ നിലപാട് സ്വകീരിച്ചത്. ഈ നിലപാടാണ് കേരളത്തിലെ സർക്കാരുകൽും പ്രതിഫലിച്ചത്.

ജനങ്ങളുടെ സ്വന്തമായ മേഖലയാണ് സഹകരണ രംഗം. ഇടപാടുകാരെ ചൂഷണം ചെയ്യുകയെന്ന സമീപനം സഹകരണ ബാങ്കുകൾക്കില്ല. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ മിനിമം ബാലൻസ് ഇല്ല എന്ന പേരിൽ 2017 ഏപ്രിൽ മുതൽ നവംബർ വരെ മാത്രം ഈടാക്കിയത് 1771 കോടി രൂപയാണ്. ഇത്തരത്തിലാണ് മാതൃകയാകേണ്ട ദേശസാൽകൃത ബാങ്കുകൾ പോലും പ്രവർത്തിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നതെന്ന് കാണണം.

കേരളത്തിലെ സഹകരണ രംഗത്ത് ഏറ്റവും ശക്തമായി പ്രവർത്തിക്കുന്നത് വായ്പാ സംഘങ്ങളാണ്. സംസ്ഥാന സഹകരണ ബാങ്കിനെ ഒരു പരിവർത്തനത്തിലൂടെ കേരള കോ ഓപ്പറേറ്റീവ് ബാങ്ക് എന്ന നിലയിൽ കൂടുതൽ കരുത്തുള്ള ഒരു സ്ഥാപനമായി മാറ്റുന്നതിനാണ് ഇപ്പോൾ നാം ലക്ഷ്യമിടുന്നത്. നിലവിലുള്ള ത്രിതല സംവിധാനത്തിന് പകരം ദ്വിതല സംവിധാനത്തിലേക്ക് മാറും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നല്ല പുരോഗതി ഉണ്ടായിട്ടുണ്ട്.

സമസ്ത മേഖലയിലും കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്തൃ രംഗത്ത് പൊതുവിൽ മികച്ച പ്രവർത്തനമാണെങ്കിലും താഴെ തട്ടിൽ കൂറേക്കൂടി ശക്തമായ ഇടപെടൽ നടത്തേണ്ടതുണ്ട്. ജനങ്ങൾക്ക് നേരിട്ട് സഹായം നൽകാൻ കഴിയുന്ന മേഖലയെന്ന് കണ്ട് കൂടുതൽ ശ്രദ്ധ ഈ രംഗത്ത് സഹകാരികൾ നൽകണം. മാർക്കറ്റിങ്ങ് സഹകരണ സംഘങ്ങളുടെ കാര്യത്തിൽ ഒരു ഘട്ടത്തിൽ വലിയ ബാധ്യത വന്നതാണ് അലട്ടുന്ന പ്രശ്നമായിട്ടുള്ളത്. സാമ്പത്തിക സഹായം ലഭിച്ചാലേ ഇതിന് പരിപാരിഹാരം ഉണ്ടാക്കാനാകൂ. ഇക്കാര്യത്തിൽ കേന്ദ്രസഹായം ലഭിക്കാൻ കൂടുതൽ ശക്തമായി ഒന്നിച്ച് നിന്ന് ആവശ്യപ്പെടുകയാണ് മാർഗം.

കൈത്തറി സംഘങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിന് പരിഹാരം ഉണ്ടാക്കാനാണ് യുപി സ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ കൈത്തറി യൂനിഫോം നൽകുന്ന പദ്ധതി സർക്കാർ നടപ്പിലാക്കിയത്. ഈ പദ്ധതിയിലൂടെ കൂടുതൽ തൊഴിലാളികെള ആകർഷിക്കാനും ഉള്ള തൊഴിലാളകിൾക്ക് മെച്ചപ്പെട്ട് തൊഴിൽ ലഭിക്കാനും സാഹചര്യമുണ്ടാക്കും. എന്നാൽ ആവശ്യത്തിന് ഉൽപ്പാദനം നടത്താൻ സംഘങ്ങൾക്ക് കഴിയുന്നില്ലെന്നതാണ് സ്ഥിതി. എന്നാൽ വേറെ ഏതെങ്കിലും തുണി കൊണ്ടുവന്ന് സഹായിച്ചുകളയാം എന്ന് ആരും കരുതരുത്. അങ്ങനെ ചില നീക്കങ്ങൾക്ക് ശ്രമം നടക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത് ഒരു തരത്തിലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസ രംഗങ്ങളിലും സഹകരണ സംഘങ്ങൾക്ക് നല്ല സാധ്യതയുണ്ട്. ശേഷിക്കനുസരിച്ചുള്ള ഇടപെടൽ ഈ രംഗങ്ങളിൽ സഹകരണ സംഘങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP