Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇസ്രയേലിനോടുള്ള നിലപാടിൽ മോദി മലക്കം മറിഞ്ഞു; നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യം' സമാന്യ യുക്തിക്ക് നിരക്കുന്നതല്ല; ഫലസ്തീൻ ജനതയുടെ പോരാട്ടത്തെയാണ് ഭീകരതയെന്ന് മുദ്രകുത്തുന്നത്: ഇസ്രയേൽ സന്ദർശിക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

ഇസ്രയേലിനോടുള്ള നിലപാടിൽ മോദി മലക്കം മറിഞ്ഞു; നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യം' സമാന്യ യുക്തിക്ക് നിരക്കുന്നതല്ല; ഫലസ്തീൻ ജനതയുടെ പോരാട്ടത്തെയാണ് ഭീകരതയെന്ന് മുദ്രകുത്തുന്നത്: ഇസ്രയേൽ സന്ദർശിക്കുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലിനോടുള്ള ഇന്ത്യയുടെ നിലപാട് മോദിയുടെ കീഴിൽ മലക്കം മറിഞ്ഞുവെന്നാണ് പിണറായി വിജയന്റെ ആരോപണം. നാനാ മതങ്ങളിൽ പെട്ടവർ ഒന്നിച്ചു ജീവിക്കുന്ന ഇന്ത്യയ്ക്ക് ഒരിക്കലും സയണിസത്തിന്റെ വഴി അംഗീകരിക്കാനാവില്ലെന്ന് പിണറായി വിജയൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്നതല്ല. അധിനിവേശത്തിന്റെ ലോക വക്താക്കളായ ഇസ്രയേലിന്റെ തന്ത്രപ്രധാന പങ്കാളിയാക്കി ഇന്ത്യയെ മാറ്റുകയും അമേരിക്ക-ഇസ്രയേൽ-ഇന്ത്യ അച്ചുതണ്ടു സൃഷ്ടിക്കുകയും ചെയ്യുന്ന അപകടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വന്തം മണ്ണിൽ നിർഭയം ജീവിക്കാനുള്ള ഫലസ്തീൻജനതയുടെ പോരാട്ടത്തെയും ചെറുത്തു നില്പിനെയും ഭീകരതയെന്ന് മുദ്രകുത്തി അടിച്ചമർത്തുന്ന ഇസ്രയേലി ക്രൂരതയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മനസ്സ്. യു.എൻ പ്രമേയങ്ങളെയും അന്താരാഷ്ട്രധാരണകളെയും കണക്കിലെടുക്കാതെ ഫലസ്തീൻ ജനതയ്ക്കു പൗരാവകാശങ്ങൾ നിഷേധിക്കുകയും വംശീയ ഉച്ചാടനത്തിനു നിരന്തര ശ്രമങ്ങൾ തുടരുകയും ചെയ്യുന്ന ഇസ്രയേലിന്റെ നയത്തെയാണ് ചേരിരാഷ്ട്രങ്ങൾക്കൊപ്പം ഇന്ത്യ എന്നും എതിർക്കുന്നതെന്നും പിണറായി പറഞ്ഞു.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പൂർണ്ണരൂപത്തിൽ:

നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്കു ദഹിക്കുന്നതല്ല. അധിനിവേശത്തിന്റെ ലോക വക്താക്കളായ ഇസ്രയേലിന്റെ തന്ത്രപ്രധാന പങ്കാളിയാക്കി ഇന്ത്യയെ മാറ്റുകയും അമേരിക്ക-ഇസ്രയേൽ-ഇന്ത്യ അച്ചുതണ്ടു സൃഷ്ടിക്കുകയും ചെയ്യുന്ന അപകടമാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

സ്വന്തം മണ്ണിൽ നിർഭയം ജീവിക്കാനുള്ള ഫലസ്തീൻജനതയുടെ പോരാട്ടത്തെയും ചെറുത്തു നില്പിനെയും ഭീകരതയെന്ന് മുദ്രകുത്തി അടിച്ചമർത്തുന്ന ഇസ്രയേലി ക്രൂരതയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മനസ്സ്. യഹൂദന്മാരുടെതായ ഇസ്രയേൽ കെട്ടിപ്പടുക്കുകയെന്നത് മാത്രമല്ല ഫലസ്തീൻ രാജ്യത്തെ പൂർണമായി ഇല്ലാതാക്കുകകൂടിയാണ് സയണിസ്റ്റ് ലക്ഷ്യം. അത് തിരിച്ചറിഞ്ഞാണ് ഇന്ത്യൻ ജനത എക്കാലത്തും ഫലസ്തീൻ ചെറുത്തുനില്പിനെ പിന്തുണച്ചിട്ടുള്ളത്.

യുഎൻ പ്രമേയങ്ങളെയും അന്താരാഷ്ട്രധാരണകളെയും കണക്കിലെടുക്കാതെ ഫലസ്തീൻ ജനതയ്ക്കു പൗരാവകാശങ്ങൾ നിഷേധിക്കുകയും വംശീയ ഉച്ചാടനത്തിനു നിരന്തര ശ്രമങ്ങൾ തുടരുകയും ചെയ്യുന്ന ഇസ്രയേലിന്റെ നയത്തെയാണ് ചേരിരാഷ്ട്രങ്ങൾക്കൊപ്പം ഇന്ത്യ എന്നും എതിർക്കുന്നത്. ആ നിലപാടിൽ നിന്ന് നരേന്ദ്ര മോദി മലക്കം മറിഞ്ഞിരിക്കുന്നു.

ഇസ്രയേലി സൈന്യത്തിന്റെ തോക്കിന്മുനയ്ക്ക് മുന്നിൽ ജീവിക്കുക, അല്ലെങ്കിൽ പിറന്ന നാട് വിട്ടു പോവുക എന്ന കാടൻ നീതിയോടു ഐക്യപ്പെടാൻ കഴിയുന്നത് സംഘപരിവാറിന്റെ മാനസികാവസ്ഥ ഉള്ളതുകൊണ്ടാണ്. മോദി-നെതന്യാഹു സംയുക്ത പ്രസ്താവനയിൽ പ്രകടമാകുന്ന ഐക്യം സംഘ്പരിവാറിന്റെയും സയണിസത്തിന്റെയും പ്രത്യയ ശാസ്ത്രങ്ങൾ തമ്മിലുള്ള ഐക്യമാണ്. വംശാധിപത്യത്തിന്റെയും വെറുപ്പിന്റെയും പൗരാവകാശ നിഷേധത്തിന്റെയും ഐക്യം ആണത്.

അധിനിവേശരാഷ്ട്രമായ ഇസ്രയേലുമായി അടുപ്പം സ്ഥാപിക്കാൻ ജനാധിപത്യരാഷ്ട്രങ്ങൾ മടിച്ചുനിൽക്കുന്ന പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദർശനം ഇസ്രയേൽ വൻ ആഘോഷമാക്കി മാറ്റുന്നത്. ഇസ്രയേലിന്റെ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന ആറ് യുഎൻ പ്രമേയങ്ങൾ പരിഗണിക്കുന്ന വേളയിൽ വിട്ടുനിന്ന് ഇസ്രയേലിന് പരോക്ഷമായി പിന്തുണനൽകിയതിന്റെ തുടർച്ചയാണ് ഫലസ്തീൻ അഥോറിറ്റിയുടെ ആസ്ഥാനമായ രാമല്ല സന്ദർശിക്കാതെ മോദി പ്രകടമാക്കിയ സയണിസ്റ്റ് അനുഭാവം.

നാനാ മതങ്ങളിൽ പെട്ടവർ ഒന്നിച്ചു ജീവിക്കുന്ന ഇന്ത്യയ്ക്ക് ഒരിക്കലും സയണിസത്തിന്റെ വഴി അംഗീകരിക്കാനാവില്ല. സയണിസ്റ്റ് രാഷ്ട്രത്തിനും ക്രൂരതയ്ക്കും മാന്യത കൽപ്പിക്കാനുള്ള നീക്കം ആർ എസ് എസിന്റെ വർഗീയ അജണ്ടയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കാനുള്ള കുരുട്ടു വഴിയായേ കാണാനാകൂ.

അമേരിക്ക കഴിഞ്ഞാൽ ഇന്ത്യക്ക് ഏറ്റവുംകൂടുതൽ ആയുധങ്ങൾ വിൽക്കുന്ന മുൻനിര രാജ്യമായി ഇന്ന് ഇസ്രയേൽ മാറിയിരിക്കുന്നു. ആയുധവ്യാപാരത്തിൽനിന്നുള്ള ലാഭം ഫലസ്തീൻ ജനതയെ അടിച്ചമർത്താനാണ് ഉപയോഗിക്കപ്പെടുന്നത്. അധിനിവേശ ശക്തികൾക്ക് നരമേധം നടത്താനുള്ള സഹായം നൽകുക എന്നത് അപകടകരമായ സൂചനയാണ്. ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരിൽ ജനങ്ങൾക്ക് രാജ്യത്തിനു പുറത്തേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് അതിലുള്ളത്. ഈ പ്രവണതയ്‌ക്കെതിരെ ജനങ്ങളുടെ ശക്തമായ വികാരം ഉണരേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP