Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മതസൗഹാർദ്ദ റാലിയിൽ പങ്കെടുക്കാൻ എത്തുന്ന പിണറായി വിജയനെ തടയാൻ മംഗളുരൂവിൽ സംഘപരിവാറിന്റെ ഹർത്താൽ ആഹ്വാനം; സംഘപരിവാർ സംഘടനകളുടെ പ്രഖ്യാപനം ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് കോടിയേരി

മതസൗഹാർദ്ദ റാലിയിൽ പങ്കെടുക്കാൻ എത്തുന്ന പിണറായി വിജയനെ തടയാൻ മംഗളുരൂവിൽ സംഘപരിവാറിന്റെ ഹർത്താൽ ആഹ്വാനം; സംഘപരിവാർ സംഘടനകളുടെ പ്രഖ്യാപനം ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയെന്ന് കോടിയേരി

മംഗളൂരു: മംഗളൂരുവിൽ സന്ദർശനത്തിനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ സംഘപരിവാർ ഹർത്താൽ പ്രഖ്യാപിച്ചു. ഫെബ്രുവരി 25ന് മംഗളൂരുവിൽ സിപിഐഎം സംഘടിപ്പിക്കുന്ന മത സൗഹാർദ റാലിയിൽ പങ്കെടുക്കാനാണ് പിണറായി എത്തുന്നത്. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം നടപ്പിലാക്കാൻ സാധിക്കാത്ത കേരള മുഖ്യമന്ത്രിക്ക് മറ്റു സംസ്ഥാനങ്ങളിലെ മത സൗഹാർദ്ദ റാലിയിൽ പ്രസംഗിക്കാൻ അവകാശമില്ലെന്നതാണ് സംഘപരിവാറിന്റെ വാദം. മംഗളൂരു കോർപ്പറേഷൻ പരിധിയിലാണ് ഹർത്താൽ ആഹ്വാനം.

വാർത്ത ഭാരതി കന്നഡ ദിനപത്രത്തിന്റെ പുതിയ ഓഫീസ് കോംപ്ലക്സ് ഉദ്ഘാടനം, മത സൗഹാർദ്ദ റാലി എന്നിവയാണ് മംഗളൂരുവിലെ പിണറായിയുടെ പരിപാടികൾ. പിണറായി വിജയൻ റാലിയിൽ പങ്കെടുക്കുന്നത് തടയുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും പരിപാടികൾ നടത്തുന്നതിൽ പ്രതിഷേധമില്ലെന്നും സംഘപരിവാർ നേതാക്കൾ പറയുന്നു.

കേരളം ഭരിക്കുന്ന ഏകാധിപതിയാണ് പിണറായി വിജയനെന്നും എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിപിഐഎമ്മിന്റെ നേതാവാണ് അദ്ദേഹം. സ്വന്തം സംസ്ഥാനത്ത് ക്രമസമാധാനം പരിപാലിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയെ മറ്റു സംസ്ഥാനങ്ങളിൽ സംസാരിക്കാൻ പ്രസംഗിക്കാൻ അനുവദിക്കരുതെന്ന് വിഎച്ച്പി വർക്കിങ് പ്രസിഡണ്ട് എം.ബി പുരാണിക് പറഞ്ഞു.

അതേസമയം സിപിഐ(എം) ഫെബ്രുവരി 25 ന് മംഗളൂരുവിൽ സംഘടിപ്പിക്കുന്ന മതസൗഹാർദ്ദ റാലിയിൽ പ്രസംഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ അനുവദിക്കില്ലെന്ന സംഘപരിവാർ സംഘടനകളുടെ പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപെട്ടു.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്തെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന ആർഎസ്എസ് - സംഘപരിവാർ സംഘടനകളുടെ പ്രഖ്യാപനം ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയെ തടയാൻ മംഗളൂരു കോർപ്പറേഷൻ പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത നടപടി ആർ.എസ്.എസ്സിന്റെ ഫാസിസ്റ്റ് മുഖമാണ് വെളിവാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ജനാധിപത്യത്തേയും ഫെഡറൽ സംവിധാനത്തേയും വെല്ലുവിളിക്കുന്ന നടപടിയാണ് ആർ.എസ്.എസ്സിന്റെ ഭാഗത്തുനിന്ന് നിരന്തരമുണ്ടായിക്കൊണ്ടിരിക്കുന്നത്. ഹർത്താൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയെ തടയാനുള്ള ആർഎസ്എസ് - സംഘപരിവാർ സംഘടനകളുടെ നീക്കത്തോട് ബിജെപി - ആർഎസ്എസ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം. കേരള മുഖ്യമന്ത്രിയെ മംഗളൂരുവിൽ തടയാനുള്ള നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

നേരത്തെ മദ്ധ്യപ്രദേശിലെ ഭോപ്പാൽ സന്ദർശിക്കാൻ പിണറായി വിജയൻ എത്തിയപ്പോഴും സംഘപരിവാർ തടഞ്ഞിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി കേരളത്തിൽ ശിവഗിരി മഠം സന്ദർശിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP