Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഫീസ് സമയത്തിനി ഓണാഘോഷം വേണ്ട; ആവശ്യം പോലെ അവധിയുണ്ട്; ആഘോഷം അപ്പോൾ മതി: സർക്കാർ ജീവനക്കാർക്കു കർശന നിർദേശവുമായി മുഖ്യമന്ത്രി

ഓഫീസ് സമയത്തിനി ഓണാഘോഷം വേണ്ട; ആവശ്യം പോലെ അവധിയുണ്ട്; ആഘോഷം അപ്പോൾ മതി: സർക്കാർ ജീവനക്കാർക്കു കർശന നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കു കർശന നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓഫീസ് സമയത്തെ ആഘോഷം കർശനമായി വിലക്കിയാണു മുഖ്യമന്ത്രിയുടെ നിർദ്ദേശം.

ഓഫീസ് സമയത്തിനി ഓണാഘോഷം വേണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ആവശ്യം പോലെ അവധിയുണ്ട്. ആഘോഷം അപ്പോൾ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

വർഷങ്ങളായി ഓഫീസുകളിൽ ഓണനാളുകളിൽ വിവിധ പരിപാടികൾ ജീവനക്കാർ സംഘടിപ്പിക്കാറുണ്ട്. ഇതിനെയാണ് ഇപ്പോൾ മുഖ്യമന്ത്രി വിലക്കിയിരിക്കുന്നത്. ഓണം മെട്രോഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയത്.

ഓഫീസ് സമയം ഓണക്കച്ചവടവും പൂക്കളമിടലും പാടില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ജീവനക്കാർക്ക് ആവശ്യത്തിന് അവധി കിട്ടുന്നുണ്ട്, അപ്പോൾ മതി ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഫയലുകളിലും ഓരോ ജീവിതമാണെന്നും നെഗറ്റീവ് ഫയൽനോട്ടം അവസാനിപ്പിക്കണമെന്നും നേരത്തെ മുഖ്യമന്ത്രി ജീവനക്കാരെ ഓർമ്മിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓണത്തിന്റെ പേരിൽ ആഘോഷം അതിരുകടക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി വിവിധ തരത്തിലുള്ള ഇടപെടലും ജാഗ്രതയും വേണ്ടതുണ്ട്. ഓഫീസുകളുടെ പ്രവർത്തനം കൃത്യമായി നടക്കുക എന്നാൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ യഥാസമയം തീർപ്പുണ്ടാക്കുക എന്നാണർത്ഥം. ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റിൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലും കുറിച്ചു.

സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോൾ കൃത്യനിഷ്ഠയെക്കുറിച്ചും ഓരോ ഫയലിന്റെയും പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു. ഉത്സവ കാലങ്ങളിൽ സർക്കാർ ഓഫീസുകളിൽ കച്ചവടക്കാർ എത്തുന്നത് പതിവാണ്. ജോലി സമയത്തിന്റെ നല്ലൊരു ഭാഗം അപഹരിക്കുന്നതാണ് ഈ കച്ചവടം. അത് കർക്കശമായി നിയന്ത്രിക്കും.

ഓണാഘോഷം എല്ലാ സർക്കാർ ഓഫീസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഓണം എന്നല്ല, ഏതു ആഘോഷവും ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാത്ത നിലയിലാണ് സർക്കാർ ഓഫീസുകളിൽ നടക്കേണ്ടത്. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP