Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദൂരദേശങ്ങളിൽ നിന്നു മെഡിക്കൽ കോളേജിലെത്തി ഭക്ഷണം പോലും കഴിക്കാതെ ഒപി ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുന്ന അവസ്ഥ അവസാനിപ്പിക്കുമെന്നു മുഖ്യമന്ത്രി; എല്ലാ രോഗങ്ങൾക്കും സൗജന്യ ചികിത്സ എന്നതു സർക്കാരിന്റെ ലക്ഷ്യമെന്നും പിണറായി

ദൂരദേശങ്ങളിൽ നിന്നു മെഡിക്കൽ കോളേജിലെത്തി ഭക്ഷണം പോലും കഴിക്കാതെ ഒപി ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുന്ന അവസ്ഥ അവസാനിപ്പിക്കുമെന്നു മുഖ്യമന്ത്രി; എല്ലാ രോഗങ്ങൾക്കും സൗജന്യ ചികിത്സ എന്നതു സർക്കാരിന്റെ ലക്ഷ്യമെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദൂരദേശങ്ങളിൽ നിന്നു മെഡിക്കൽ കോളേജിലെത്തി ഭക്ഷണം പോലും കഴിക്കാതെ ഒപി ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കുന്ന അവസ്ഥ അവസാനിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ രോഗങ്ങൾക്കും സൗജന്യ ചികിത്സ എന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻഫോസിസ് ഫൗണ്ടേഷൻ 5.2 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ഇരുനില ആകാശ ഇടനാഴിയുടെ (സ്‌കൈ വാക്ക്) ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണു മെഡിക്കൽ കോളേജ് ഒ.പി.യിലെ ക്യൂ സമ്പ്രദായം അവസാനിപ്പിക്കാൻ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചത്.

മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായെത്തുന്ന രോഗികളുടെ കണക്ക് ആരേയും അമ്പരപ്പിക്കുന്നതാണ്. ഒരു വർഷം 10 ലക്ഷം പേരാണ് ഒ.പി.യിലെത്തുന്നത്. ഒരു ലക്ഷത്തോളം പേർക്ക് കിടത്തി ചികിത്സയും നൽകുന്നുണ്ട്. ലക്ഷക്കണക്കിനാൾക്കാരാണ് അത്യാഹിത വിഭാഗത്തിലെത്തുന്നത്.

ഇതിൽ ഏറ്റവും പ്രധാനമാണ് ഒ.പി. കൗണ്ടറിലെ ക്യൂ അവസാനിപ്പിക്കുക എന്നത്. വളരെ ദൂര സ്ഥലങ്ങളിൽ നിന്നും അതിരാവിലെ വന്ന് ഒ.പി.യിൽ ദീർഘനേരം ക്യൂ നിൽക്കുന്ന അവസ്ഥ വളരെ സങ്കടകരമാണ്. ഭക്ഷണം പോലും കഴിക്കാതെ രോഗികളും അവരുടെ കൂടെവരുന്നവരും അനുഭവിക്കുന്ന പ്രയാസത്തിന് പരിഹാരം കാണും. പ്രതിദിനം 3000 രോഗികളും അവരുടെ ബന്ധുക്കളുമായി 10,000ലധികം പേരാണ് ഈ ദുരിതമനുഭവിക്കുന്നത്. ഈ ക്യൂ സമ്പ്രദായത്തിന് അവസാനമുണ്ടാക്കും.

ഓൺലൈൻ വഴി ഒ.പി.ടിക്കറ്റെടുത്ത് വരാൻ പറ്റുന്ന സാങ്കേതിക വിദ്യയാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഓൺലൈൻ അറിയാത്ത സാധാരണക്കാർക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലുള്ള സംവിധാനങ്ങളും ഏർപ്പെടുത്തും. ഡൽഹിയിലെ എയിംസ് നടപ്പിലാക്കി വിജയിപ്പിച്ച പദ്ധതിയായിരിക്കും ഇവിടെ അവതരിപ്പിക്കുക. മെഡിക്കൽ കോളേജിന്റെ 65-ാം വർഷത്തിൽ ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികളിൽ ഒന്നാണിത്.

എല്ലാരോഗങ്ങൾക്കും സൗജന്യ ചികിത്സ

ചികിത്സയ്ക്കാണ് ഏറ്റവുമധികം പണം ചെലവഴിക്കേണ്ടി വരുന്നത്. വർധിച്ച ചികിത്സാ ചെലവ് പലരേയും ദാരിദ്ര്യാവസ്ഥയിലേക്ക് തള്ളി വിടുന്നു. ഇതിന് പരിഹാരമായി എല്ലാ രോഗങ്ങൾക്കും സൗജന്യ ചികിത്സയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവൻ രക്ഷാ മരുന്നുകൾക്ക് സൗജന്യ നിരക്കും ഏർപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബങ്ങളുമായി ബന്ധപ്പെടുത്തും. അതിലൂടെ പ്രാഥമികാരോഗ്യ ശൃംഖല ശക്തിപ്പെടുത്താനാകും. റോഡപകടങ്ങളിൽപ്പെടുന്നവർക്കായി ആംബുലൻസ് നെറ്റ്‌വർക്കിങ് സംവിധാനം ഏർപ്പെടുത്തും.
സംസ്ഥാന സർക്കാരിന്റെ നിരവധി സൗജന്യ ചികിത്സാ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ അനേകായിരം നിർദ്ധന രോഗികൾക്ക് ആശ്വാസമായിട്ടുണ്ട്.

മികവിന്റെ 65-ാം വർഷത്തിൽ 65 ഇന കർമ്മപദ്ധതികൾ

ർക്കാരിന്റെ കീഴിൽ നിരവധി വികസന പ്രവർത്തനങ്ങൾ മെഡിക്കൽ കോളേജിൽ ശരിയായ രീതിയിൽ നടക്കുന്നു. മികവിന്റെ 65-ാം വർഷത്തിൽ 65 ഇന കർമ്മപദ്ധതികൾ മെഡിക്കൽ കോളേജിൽ ആരംഭിക്കുന്നു. മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് അക്കാഡമിക് രംഗവും ചികിത്സാ രംഗവും ഏകോപിപ്പിച്ച് യുദ്ധകാലാടസ്ഥാനത്തിൽ ഇവയെല്ലാം പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

മെഡിക്കൽ കോളേജ് ആശുപത്രി, അത്യാഹിത വിഭാഗം, ഒ.പി. ബ്ലോക്ക്, ബ്ലഡ് ബാങ്ക്, ലാബുകൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾ റോഡിന് ഇരുവശത്താണുള്ളത്. പ്രതിദിനം 5000 വാഹനങ്ങളാണ് മെഡിക്കൽ കോളേജിലെ ഈ റോഡിലൂടെ കടന്നു പോകുന്നത്. ഈ തിരക്കേറിയ റോഡിലൂടെയാണ് വീൽചെയറിലും സ്ട്രെച്ചറിലും അത്യാസന്നരായ രോഗികളെക്കൊണ്ടു പോകുന്നത്.

അത്യാഹിത വിഭാഗത്തിലെ രോഗികൾ വിവിധ ടെസ്റ്റുകൾക്കും സ്‌കാനിംഗുകൾക്കുമായി ഈ റോഡ് മുറിച്ച് കടന്നാണ് ബ്ലഡ്ബാങ്കിലേക്കും ഒ.പി. ബ്ലോക്കിലേക്കും വരുന്നത്. 2008ലാണ് പുതിയ ബ്ലഡ് ബാങ്ക് സ്ഥാപിതമായത്. 2010ൽ ആ കെട്ടിടത്തിൽ എം.ആർ.ഐ. സ്‌കാനിങ് തുടങ്ങി. 2011ൽ പുതിയ ഒ.പി. ബോക്ക് ആരംഭിച്ചു. ഇതോടെ റോഡ് മുറിച്ച് കടക്കാൻ വലിയ തിരക്കായി. ഒ.പി.യിലെത്തുന്ന രോഗികൾക്ക് വാർഡിൽ അഡ്‌മിറ്റാകാനും ഈ റോഡ് മറികടന്നുവേണം പോകാൻ. 3000ലധികം രോഗികളും അവരുടെ സഹായികളും ഉൾപ്പെടെ പ്രതിദിനം പതിനായിരങ്ങളാണ് റോഡ് മുറിച്ച് കടക്കുന്നത്. ഇങ്ങനെ നിരന്തരം റോഡ് മുറിച്ച് കടക്കുന്നവർക്ക് വലിയ അനുഗ്രഹമാണ് ഈ ആകാശ ഇടനാഴിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

5.2 കോടി രൂപ ചെലവഴിച്ച് ആകാശ ഇടനാഴി സ്ഥാപിച്ച ഇൻഫോസിസിനെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ സുധാമൂർത്തിക്ക് സർക്കാരിന്റേയും മെഡിക്കൽ കോളേജിന്റേയും വക പ്രത്യേക ഉപഹാരം സമർപ്പിച്ചു.

ആകാശ ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച പ്രമോദ് എസ്. കുമാർ (ഇൻഫോസിസ്), രാജു കരുണാകരൻ (ശോഭ ലിമിറ്റഡ്), ജോൺസൺ ജോസ് (ശോഭ ലിമിറ്റഡ്), ടി. ശ്രീകുമാർ നായർ (മുൻ ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി), ഡോ. സുൽഫിക്കർ എം.എസ്. (മുൻ ക്യാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ട്), എസ്. സച്ചിൻ (സേഫ് മെട്രിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്) എന്നിവർക്കും മുഖ്യമന്ത്രി ഉപഹാരം നൽകി.

വൈദ്യുതി-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ സുധാ മൂർത്തി വിശിഷ്ടാതിഥിയായിരുന്നു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ഇൻഫോസിസ് കേരള ഡെവലെപ്മെന്റ് സെന്റർ മേധാവി സുനിൽ ജോസ്, മേയർ വി.കെ. പ്രശാന്ത്, ആരോഗ്യ വകുപ്പ് അഡീ. ചിഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ എസ്.എസ്. സിന്ധു, മുൻ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാംദാസ് പിഷാരടി, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് എന്നിവർ സംസാരിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP