Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ കാസർകോട് ജനറൽ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ; കണ്ണൂർ ജില്ലയിലെ മൂന്നുപേരിൽ രണ്ടുപേർ തലശ്ശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും കഴിയുന്നു; എറണാകുളത്തെ മൂന്നുപേർ കളമശ്ശേരി മെഡിക്കൽ കോളേജിലും ചികിത്സയിൽ; എടിഎം കൗണ്ടറുകൾക്കു മുന്നിൽ ബ്രേക്ക് ദി ചെയ്ൻ നടപ്പാക്കണം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണ്ണരൂപം

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ കാസർകോട് ജനറൽ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ; കണ്ണൂർ ജില്ലയിലെ മൂന്നുപേരിൽ രണ്ടുപേർ തലശ്ശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും കഴിയുന്നു; എറണാകുളത്തെ മൂന്നുപേർ കളമശ്ശേരി മെഡിക്കൽ കോളേജിലും ചികിത്സയിൽ; എടിഎം കൗണ്ടറുകൾക്കു മുന്നിൽ ബ്രേക്ക് ദി ചെയ്ൻ നടപ്പാക്കണം: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണ്ണരൂപം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ച 12 പേരിൽ കാസർകോട് ജില്ലയിലെ രോഗബാധിതരിൽ അഞ്ചുപേർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരാണെന്ന് മുഖ്യമന്ത്രി. ഇതിൽ ഒരാൾ എറണാകുളം മെഡിക്കൽ കോളേജിലുമാണ് ചികിത്സയിൽ കഴിയുന്നു. കണ്ണൂർ ജില്ലയിലെ മൂന്നുപേരിൽ രണ്ടുപേർ തലശ്ശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്തെ മൂന്നുപേർ എറണാകുളം മെഡിക്കൽ കോളേജിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവർ എല്ലാം ഗൾഫിൽനിന്നു വന്നവരാണെന്നും മുക്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ വിശദാംശങ്ങൾ:

ആകെ 53,013 ആളുകളാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 52,785 പേർ വീടുകളിലും 228 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 70 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3,716 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2,566 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

കൊവിഡ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് നാം ഏവരും. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മനുഷ്യൻ എന്ന ഒറ്റ ചിന്തയിൽ, ഒരുമയോടെയാണ് നാം മുന്നേറുന്നത്.

കൊവിഡിന്റെ സാഹചര്യത്തിൽ മതപരമായ ചടങ്ങുകളിലും പ്രാർത്ഥനകളിലും ആൾക്കൂട്ടം ഒഴിവാക്കണമെന്ന അഭ്യർത്ഥന വിവിധ മത-സാമുദായിക നേതാക്കൾ ഒരു മടിയുമില്ലാതെയാണ് സ്വീകരിച്ചത്. മുസ്ലിം പള്ളികളിൽ വെള്ളിയാഴ്ച നടക്കുന്ന കൂട്ടപ്രാർത്ഥനയിൽ വലിയ നിയന്ത്രണം വന്നു. മറ്റു നേരങ്ങളിലെ നമസ്‌കാരങ്ങളിലും എല്ലാ പള്ളികളിലും ക്രമീകരണങ്ങൾ കൊണ്ടുവന്നു.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ജുമുഅ നമസ്‌കാരം ഉണ്ടാകില്ലെന്ന നോട്ടീസ് പ്രധാന പള്ളികളുടെ മുന്നിൽ പതിപ്പിച്ചിട്ടുണ്ട്.

ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച കുർബാനകളിലും ആൾക്കുട്ടം കുറയ്ക്കാൻ സാധിച്ചു. പൂർണ്ണ മനസ്സോടെ ഈ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ക്ലിമിസ് കത്തോലിക്കാ ബാവ അറിയിച്ചിട്ടുണ്ട്. സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പുമായി പൂർണ്ണമായും സഹകരിക്കണമെന്നും ചൂണ്ടിക്കാട്ടി രൂപതകളിൽ സർക്കുലർ അയച്ചിട്ടുണ്ട്.

തലശ്ശേരി ആർച് ബിഷപ്പ് ഓസ്‌ട്രേലിയൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി സ്വയം ക്വാറന്റൈനിൽ പോയി വിശ്വാസികളോട് കർക്കശ നിയന്ത്രണം പാലിക്കാൻ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. മാതൃകാപരമായ നടപടിയാണിത്.

മാർച്ച് 31 വരെ ഊട്ടു നേർച്ച, ധ്യാനങ്ങൾ, കുടുംബ യൂണിറ്റ് യോഗങ്ങൾ, വിശ്വാസ പരിശീലന ക്ലാസുകൾ, കൺവെൻഷനുകൾ, തീർത്ഥാടനം എന്നിവ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് എറണാകുളം-അങ്കമാലി മേജർ അതിരൂപത ആർച്ച് ബിഷപ്പ് അറിയിച്ചിട്ടുണ്ട്.

യാക്കോബായ സുറിയാനി സഭയിൽ കുമ്പസാരം, കൈവയ്പ് ശുശ്രൂഷ എന്നിവ ഒഴിവാക്കാമെന്ന് ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. പ്രസിദ്ധമായ പരുമല പള്ളിയിൽ തീർത്ഥാടനം നിർത്തിവെച്ചു.

കെസിബിസി, നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സർക്കുലർ ഇറക്കുകയുണ്ടായി. പെന്തകോസ്ത്കാർ പ്രാർത്ഥന വീട്ടിൽ നടത്തുന്നതിനു വേണ്ടി നിർദ്ദേശം നൽകി. സിഎസ്‌ഐ സഭയും ഇതേ രീതിയിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വംബോർഡ് എല്ലാ മേജർ ക്ഷേത്രങ്ങളിലും മാർച്ച് 31 വരെ ഭക്തർക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ചടങ്ങുകൾ മതിൽക്കെട്ടിനകത്ത് മാത്രമാവും. ആന എഴുന്നള്ളിപ്പ് ഒഴിവാക്കി.

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ ആളുകളെ പ്രവേശിപ്പിക്കുന്നില്ല. പതിവ് ചടങ്ങുകൾ മാറ്റമില്ലാതെ നടക്കും. കാടാമ്പുഴ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് നിർത്തിവച്ചു. കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിന് ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കെ രാമവർമ അഭ്യർത്ഥിച്ചു.

ശബരിമല ഉത്സവം ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി ചുരുക്കി. ഈ മാസം 28ന് നടതുറക്കുമെങ്കിലും ഭക്തർക്ക് ദർശനം അനുവദിക്കില്ല. ഏപ്രിൽ എട്ടിന് പമ്പാ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തർക്ക് പ്രവേശനം വിലക്കി.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനം നിർത്തി. പൈങ്കുനി ഉത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണമേർപ്പെടുത്തി. കരസേനയുടെ നിയന്ത്രണത്തിലുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും പാങ്ങോട് ഹനുമാൻ ക്ഷേത്രത്തിലും ശനിയാഴ്ച മുതൽ പ്രവേശനം നിർത്തി.

കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പൻ മഠപ്പുര ക്ഷേത്രത്തിൽ പയംകുറ്റി ഒഴികെയുള്ള എല്ലാ നിത്യപൂജകളും നിർത്തി.

പൊങ്കാല ഉൾപ്പെടെയുള്ള ഉത്സവങ്ങളുടെ സമയമാണെന്നതിനാൽ ആൾക്കുട്ടം ഒഴിവാക്കാൻ സർക്കാർ എടുക്കുന്ന നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് നേരത്തെ അഭ്യർത്ഥിച്ചിട്ടുണ്ട്. സമൂഹത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മതനേതാക്കളും പങ്കാളികളാകണം. സർക്കാർ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളിലും ജാഗ്രതാ നിർദ്ദേശങ്ങളിലും ഇപ്പോഴുള്ള സഹകരണം ക്രിയാത്മകവും വളരെ മെച്ചപ്പെട്ടതുമാണ്. സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി ആരാധനാലയങ്ങളിൽ വലിയ ആൾക്കൂട്ടും ഒഴിവാക്കുന്നതിന് മതനേതാക്കൾ നടത്തിയ ഇടപെടലുകൾക്ക് ഫലമുണ്ടാകുന്നു എന്നാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്.

അതേസമയം സർക്കാർ നിയന്ത്രങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ ഇടപെടുന്ന ചിലരും നമ്മുടെ സഹൂത്തിലുണ്ട്. ചിലർക്ക് വ്യത്യസ്ത നിലപാടാണ് കാണുന്നത്. ചില സ്ഥലത്ത് കൂട്ടപ്രാർത്ഥനകളും ഉത്സവ ആൾക്കൂട്ടങ്ങളുമുണ്ടായി. അത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഈ ഘട്ടത്തിലും അഭ്യർത്ഥിക്കുകയാണ്. ഇത് പാലിക്കാതിരുന്നാൽ ശക്തമായി ഇടപെടും. നിയമനടപടികളും ഉണ്ടാകും. നിരോധനാജ്ഞ ഉൾപ്പെടെ കർക്കശമായ നടപടികൾ ആലോചിക്കേണ്ടിവരും. നിയന്ത്രണം ലംഘിച്ചാൽ ആരാധനാലയങ്ങൾക്കെതിരെയും കർശനമായ നടപടി സ്വീകരിക്കും. ഇത് സമൂഹത്തിന്റെയാകെ രക്ഷയെ കരുതിയുള്ളതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാൻ സർക്കാർ തയ്യാറാവില്ല. ജില്ലാ ഭരണസംവിധാനം ഈ വിഷയത്തിൽ എല്ലാവർക്കും സന്ദേശം നൽകാനും നടപടികൾ സ്വീകരിക്കാനും തയ്യാറാകണമെന്ന് വീണ്ടും നിർദ്ദേശം നൽകി.

നിരുത്തരവാദിത്വത്തിന്റെ ദുരന്തഫലമാണ് കാസർകോട് നാം കാണുന്നത്. രോഗബാധിതൻ തന്റെ ഇഷ്ടപ്രകാരം നാടാകെ സഞ്ചരിച്ചു. പൊതുപരിപാടികളിലും സ്വകാര്യ പരിപാടികളിലുമെല്ലാം പങ്കെടുത്തു.

കാസർകോട് ജില്ലാ ഭരണസംവിധാനം ഇയാൾ സഞ്ചരിച്ച റൂട്ട്മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹയാത്രികരിൽ നിന്നും ശേഖരിച്ച വിവരങ്ങളും സിസിടിവി ദൃശ്യങ്ങളിൽ നിന്നുമുള്ള വിവരങ്ങളും ഉൾപ്പെടുത്തിയതാണ് ഇത് സാധിച്ചത്. ഇദ്ദേഹത്തെ നിരവധി തവണ കൗൺസിലിങ് നടത്തി ഡോക്ടർമാർ വിവരങ്ങൾ ശേഖരിച്ചപ്പോഴും ലഭിക്കുന്ന വിവരങ്ങളിൽ സ്വാഭാവികമായും ഒരു ദുരൂഹത നിലനിൽക്കുന്നു. കൂടുതൽ പരിശോധന ആവശ്യമാണ്. ഇയാളിൽ നിന്ന് റൂട്ട് മാപ്പ് തയ്യാറാക്കാൻ പൂർണ സഹകരണം ലഭിച്ചിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ളവർ സമൂഹത്തെയാണ് വഞ്ചിക്കുന്നത്. ആപത്തുണ്ടാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരക്കാർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കും.

ഇക്കാര്യത്തിൽ മാധ്യമങ്ങളും ജാഗ്രത പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. സർക്കാർ സംവിധാനങ്ങളെ വെട്ടിച്ച് സമൂഹത്തിനാകെ വിപത്ത് പകർന്നുനൽകുന്നവരെ ന്യായീകരിക്കുകയോ അവരുടെ തെറ്റായ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുകയോ ചെയ്യരുത്. അത് നമ്മുടെ പൊതുവായ മുന്നേറ്റത്തിനും താൽപര്യത്തിനുമാണ് വിഘാതം സൃഷ്ടിക്കുക.

കോവിഡ് 19ന്റെ വ്യാപനത്തിനെതിരെ തുടക്കം മുതൽ ജാഗ്രത പുലർത്തിയ സംസ്ഥാനമാണ് കേരളം. ആദ്യം ചൈനയിൽ കണ്ടപ്പോൾ തന്നെ നമ്മൾ പ്രതിരോധ നടപടികളും ബോധവൽക്കരണവും ആരംഭിച്ചിരുന്നു. പിന്നീട് ഇറ്റലിയിലേക്ക് നീങ്ങി. ലോകത്തെ വികസിത രാജ്യങ്ങളിൽ ഒന്നാണ് ഇറ്റലി. സമ്പത്തും സൗകര്യവും ഉള്ള രാജ്യം. ലോകത്തെ മികച്ച പൊതു ആരോഗ്യ സംവിധാനങ്ങളിൽ ഒന്നാണ് ഇറ്റലിയിലേത്. ജിഡിപിയുടെ പത്ത് ശതമാനത്തോളം ആരോഗ്യമേഖലയ്ക്ക് മാറ്റിവെച്ച രാജ്യമാണത്. മികച്ച ആശുപത്രികളും ഇറ്റലിയിലുണ്ട്. ഓരോ ആയിരം പേർക്കും 3.2 ബെഡുകൾ ഉണ്ട് എന്നാണ് റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അവിടെ വളരെ വേഗം കോവിഡ് പടർന്നു പിടിക്കുന്നതായിരുന്നു അനുഭവം. കഴിഞ്ഞ ദിവസം കൊണ്ടുമാത്രം കോവിഡ് കാരണം ഇറ്റലിയിൽ മരിച്ചത് 627 ആളുകളാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യയിൽ ചൈനയെ മറികടക്കുന്ന ദുഃഖകരമായ അനുഭവവും അവർക്കുണ്ടായി. മറ്റ് പല വികസിത രാജ്യങ്ങളിലും ഇതാണ് അവസ്ഥ.

ഈ അനുഭവങ്ങൾ എല്ലാം കണക്കിലെടുത്താണ് കേരളം കോവിഡ് 19ന് എതിരായ നടപടികൾ തീരുമാനിച്ചത്. ഓരോ ഘട്ടവും സൂക്ഷ്മമായി വിശകലനം ചെയ്ത് ഓരോ സമയത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കുകയായിരുന്നു.

ഇങ്ങനെയൊക്കെ മുന്നോട്ടു പോകുമ്പോഴും ചിലർക്ക് ഇപ്പോഴും നേരം വെളുത്തു കാണുന്നില്ല എന്നതാണ് പ്രശ്‌നം. നമ്മളെ ഇതൊന്നും ബാധിക്കില്ല എന്ന ധാരണയിലാണ് അത്തരക്കാർ. അവരോട് അർത്ഥശങ്കക്ക് ഇടയില്ലാതെ ഒരു കാര്യം വ്യക്തമാക്കുകയാണ്. നിങ്ങൾക്കു കൂടി വേണ്ടിയിട്ടാണ് ഈ ക്രമീകരണങ്ങൾ. ഇത് പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ കർശനമായ നടപടികൾ നേരിടേണ്ടതായി വരും.

രോഗബാധ പടരാതിരിക്കാൻ ജനങ്ങളുടെ സമ്പർക്കത്തിൽ കുറവുവരുത്തുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ മുന്നറിയിപ്പ് അവഗണിച്ച് പ്രവർത്തിക്കുന്നവരോട് ക്രമസമാധാന സംരക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഇടപെടുന്ന രീതിയിൽ പൊലീസ് ഇടപെടും. അതനുസരിച്ച് താഴേത്തലം വരെ ക്രമീകരണം സൃഷ്ടിക്കാൻ പൊലീസിനോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ എസ്‌പിമാർക്ക് പ്രത്യേക ചുമതലയുണ്ടാകും.

ഈ സംസ്ഥാനത്തെ സംരക്ഷിക്കാനായി ഉറക്കമൊഴിച്ച് ഇരിക്കുന്ന ഒരു വലിയ വിഭാഗം ഇവിടെ ഉണ്ട്. ഐസൊലേഷൻ വാർഡിലും ആശുപത്രകളിലും രോഗികളുടെ വീട്ടിലും എല്ലാം എത്തുന്ന ആരോഗ്യ പ്രവർത്തകർ, അവർക്ക് പൂർണ്ണ പിന്തുണയുമായി പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങൾ, സാമൂഹ്യ രാഷ്ട്രീയ സംഘടനകളിൽ പെട്ടവർ. എല്ലാവരും ചേർന്ന് ഈ സംസ്ഥാനത്തെ ഒരു പ്രതിസന്ധി ഘട്ടത്തെ മറികടക്കാൻ ശ്രമിക്കുകയാണ്. ഇതിനെയാകെ തുരങ്കം വെക്കുന്ന സമീപനം ഉണ്ടാകരുത്.

ഇന്നത്തെ യോഗം

1.നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ചില വീടുകളിൽ കൂടുതൽ അംഗങ്ങൾ ഉണ്ടാകാം. അവിടെ നിരീക്ഷണത്തിലുള്ളവർ താമസിക്കുന്നത് മറ്റുള്ളവർക്ക് കൂടി പ്രയാസമാണ് ഉണ്ടാക്കുക. വളരെ കൂടുതൽ അംഗങ്ങൾ ഉള്ള വീട്ടിലേക്ക് പോകുന്നതിനു പകരം അവരെ പ്രത്യേക കേന്ദ്രങ്ങളിലാക്കാം.

2.ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ടെസ്റ്റിങ് നടക്കുന്നത്. കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് എത്തുന്നതിനാൽ ഇപ്പോൾ ടെസ്റ്റിങ് സൗകര്യമുള്ള മൂന്ന് മെഡിക്കൽ കോളേജുകളിൽ കൂടുതൽ ഷിഫ്റ്റ് ഏർപ്പെടുത്തി കൂടുതൽ ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

3.അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഹോം സെക്രട്ടറിയും പൊലീസ് മേധാവിയും അംഗങ്ങളായിട്ടുള്ള സമിതി രൂപീകരിച്ചു.

4.ഡാറ്റാ മാനേജ്‌മെന്റ് സന്ദർഭാനുസരണം കൊണ്ടുപോകാൻ പ്രത്യേക കൺട്രോൾ റൂം ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫീസിനോടനുബന്ധിച്ച് പ്രവർത്തിക്കും. റവന്യു സെക്രട്ടറി നേതൃത്വം നൽകും.

5.ട്രാൻസ്‌പോർട്ട് ലോജിസ്റ്റിക് സംവിധാനം - ജിഎഡി സെക്രട്ടറി, ട്രാൻസ്‌പോർട്ട് കമ്മീഷണർ, കെഎസ്ആർടിസി എംഡി എന്നിവർക്ക് ചുമതല.

6.സ്‌ക്രീനിങ്ങിന് സ്വകാര്യ ലാബുകാരെ കൂടി ഉൾപ്പെടുത്തും. ടെസ്റ്റിങ്ങിന് പിസിആർ സാങ്കേതികവിദ്യയുള്ള സ്ഥാപനങ്ങളെയും സഹകരിപ്പിക്കാം. റാപ്പിഡ് ടെസ്റ്റിന് ഐസിഎംആർ അനുമതിക്ക് ശ്രമിക്കും.

7.സംസ്ഥാനത്തേക്കുള്ള ചരക്കുവണ്ടികൾ അതിർത്തിയിൽ തടയുന്ന പ്രശ്‌നം ഉയർന്നുവന്നിട്ടുണ്ട്. ചരക്കുഗതാഗതം തടയുന്നത് വലിയതോതിലുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ അതിനെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് അവിടത്തെ ചീഫ് സെക്രട്ടറി നമ്മുടെ ഓഫീസിൽ വിളിച്ചപ്പോൾ ഒരു ചരക്കുവണ്ടിയും തടയാൻ ഉദ്ദേശിക്കുന്നില്ല എന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്.

8.ബസ്സുകളിലെ ദീർഘദൂര യാത്ര ഈ ഘട്ടത്തിൽ ഒഴിവാക്കാൻ ശ്രദ്ധിക്കണം. ജില്ലകളിൽ യാത്രചെയ്യുന്നത് ഒഴിവാക്കണമന്ന് പറയുന്നില്ല. കാസർകോട്-തിരുവനന്തപുരം പോലെയുള്ള ദീർഘദൂര യാത്രകൾ ഒഴിവാക്കണം. ചെറിയ യാത്രകൾക്ക് പ്രയാസമുണ്ടാവുന്നില്ല.

9.സാധാരണ നിലയിൽ ആശുപത്രിയിൽ വരുന്നവർക്ക് പരിശോധന കൃത്യമായി ഉറപ്പുവരുത്തണം.

10.പുറത്തുനിന്ന് വരുന്നവർ എയർപോർട്ടിലെത്തിയാൽ അവരിൽനിന്ന് ഡിക്ലറേഷൻ വാങ്ങിവെക്കണം. അത് പാലിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പോകും. കൈക്ക് സീൽ ചെയ്യുന്നത് വേണ്ടതില്ല എന്ന് നാം നേരത്തെ തീരുമാനിച്ചതാണ്.

11.കടകൾ അടക്കാൻ പോകുന്നു, സാധനങ്ങൾ കിട്ടില്ല തുടങ്ങിയ അനാവശ്യ പ്രചരണങ്ങൾ ചിലയിടങ്ങളിലുണ്ട്. അത്തരമൊരു സാഹചര്യമേ ഇവിടെയില്ല. നമ്മൾ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നത് സാമൂഹ്യജീവിതം നല്ല നിലയിൽ തുടരുമെന്ന് ഉറപ്പുവരുത്തുമെന്നാണ്. ഒരു പരിഭ്രാന്തിയും വേണ്ടതില്ല. സാധനങ്ങളെല്ലാം എല്ലായിടങ്ങളിലും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം തിങ്കളാഴ്ച വിളിക്കും.

12.സാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന രീതി ശക്തിപ്പെടുത്തും. കടകൾ അത്തരമൊരു സമ്പ്രദായം നടപ്പാക്കാൻ തയ്യാറാകണം.

13.ശാരീരിക അകലം പാലിക്കുന്നത് പ്രധാനമാണ്. അത് ചിലയിടങ്ങളിലെങ്കിലും പാലിക്കുന്നില്ല എന്ന സംശയമുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ അക്കാര്യം ശ്രദ്ധിക്കാൻ നിർദ്ദേശം നൽകി.

14.ക്ലബ്ബുകൾ വിവിധ മത്സരങ്ങൾ നടത്താറുണ്ട്. കായികരംഗത്ത് ചില ടൂർണമെന്റുകൾ ഉണ്ടാകാറുണ്ട്. അവ ഒഴിവാക്കണം.

15.ഹാർബറിലെ മത്സ്യലേലം, കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി വില കണക്കാക്കി ആ വിലയ്ക്ക മത്സ്യം വിൽക്കും. ലേലമുണ്ടാകില്ല.

16.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്രിയാത്മക പങ്കാണ് വഹിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ വീടുകളിൽ ഭക്ഷണമെത്തിക്കാനുള്ള ചുമതല ഇവർക്കാണ്.

നവമാധ്യമങ്ങൾ

നവമാധ്യമങ്ങളിൽ ഇടപെടുന്നവർ രോഗവ്യാപനം തടയുന്നതിന് സഹായകരമായ പ്രചാരണമാണ് ഏറ്റെടുക്കേണ്ടത്. മറ്റൊരു അജണ്ടയും ഈ ഘട്ടത്തിൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നാളെ, ഞായറാഴ്ച എല്ലാവരും വീട്ടിലിരിക്കുന്ന ദിവസമാണ്. നേരത്തേ പറഞ്ഞതുപോലെ വീടും പരിസരവും ശുചിയാക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകണം. നവമാധ്യമങ്ങളിലൂടെ വൈകുന്നേരം ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാനും തയ്യാറാകണം.

വിദേശകാര്യ മന്ത്രിക്ക് കത്ത്

മലേഷ്യയിലെ കോലാലമ്പൂരിൽ 250ഓളം വിദ്യാർത്ഥികൾ വിമാനം കിട്ടാതെ കുടുങ്ങിയിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആ കുട്ടികളെ നാട്ടിലെത്തിക്കാൻ വേണ്ടതു ചെയ്യണമെന്ന് അഭ്യർത്ഥിച്ച് വിദേശമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു.

ബാങ്കുകളിലെ ആൾക്കൂട്ടം

1.സ്വർണ്ണപ്പണയത്തിന്മേൽ 4 ശതമാനം പലിശക്ക് എടുത്ത വായ്പയുടെ തിരിച്ചടവിന് ആളുകൾ കൂട്ടമായി ബാങ്കുകളിൽ വരുന്നുണ്ട്. മാർച്ച് 30നകം തിരിച്ചടച്ചാൽ മാത്രമേ കുറഞ്ഞ പലിശയായ 4 ശതമാനം നിരക്ക് ലഭിക്കുകയുള്ളൂ എന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലറിലുണ്ട്. ഇത് ജൂൺ 30 വരെ ദീർഘിപ്പിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ നടപടിയുണ്ടാകണമെന്ന് കേന്ദ്ര കൃഷിമന്ത്രിയോട് കത്ത് മുഖേന ആവശ്യപ്പെട്ടു.

2.ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ ക്രമീകരണം നടത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കാനായി എസ്എൽബിസിയോട് ആവശ്യപ്പെട്ടു.

3.ബാങ്ക് ശാഖകളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ എടിഎമ്മുകളിൽ പണം മുഴുവനായി ലോഡ് ചെയ്തു എന്ന് ഉറപ്പുവരുത്തണം.

4.എടിഎം കൗണ്ടറുകൾക്കു മുന്നിൽ ബ്രേക്ക് ദി ചെയ്ൻ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ബാങ്കുകൾ തയ്യാറാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP