Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശബരിമലയിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ; ശബരിമലയെ കലാപത്തിന്റെ കേന്ദ്രമായി മാറ്റാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി; അനിഷ്ടസംഭവങ്ങൾ സംസ്ഥാനത്തിന്റെ യശസിന് കോട്ടമുണ്ടാക്കും; സമാധാനത്തിനായി എല്ലാവരും സഹകരിക്കണമെന്നും പിണറായി വിജയൻ

ശബരിമലയിൽ നടന്നത് ഒരിക്കലും നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ; ശബരിമലയെ കലാപത്തിന്റെ കേന്ദ്രമായി മാറ്റാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി; അനിഷ്ടസംഭവങ്ങൾ സംസ്ഥാനത്തിന്റെ യശസിന് കോട്ടമുണ്ടാക്കും; സമാധാനത്തിനായി എല്ലാവരും സഹകരിക്കണമെന്നും പിണറായി വിജയൻ

തിരുവനന്തപുരം: ലക്ഷക്കണക്കിനു തീർത്ഥാടകർ എത്തിച്ചേരുന്ന ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതു സമാധാനപരമായി ദർശനം നടത്താനുള്ള സൗകര്യം ഒരുക്കാനാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനപരമായ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ഇത്തരം ക്രമീകരണങ്ങളുമായി ജനം സഹകരിക്കണം. ശബരിമലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിലുണ്ടായത്. മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം പൂർത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും പിണറായി വിജയൻ വാർത്താകുറിപ്പിൽ പറഞ്ഞു.


വാർത്താകുറിപ്പിന്റെ പൂർണ്ണ രൂപം

ശബരിമലയിൽ സമാധാനപരമായരീതിയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം പൂർത്തീകരിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. എല്ലാ വിഭാഗങ്ങളുടെയും ആരാധനാ കേന്ദ്രവും രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രവുമായ ശബരിമലയുടെ യശസ് ഉയർത്താൻ കഴിയണമെന്ന് തന്നെയാണ് സർക്കാരിന്റെ ലക്ഷ്യം.

കേരളത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആരാധനയ്ക്കായി എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടെ ഭക്തർക്ക് സമാധാനപരമായി അയ്യപ്പ ദർശനം നടത്തി മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളാണ് ശബരിമലയിൽ സ്വീകരിക്കുന്നത്. അത്തരം നടപടികളുമായി എല്ലാവരും സഹകരിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേർ എത്തിച്ചേരുന്ന തീർത്ഥാടനകേന്ദ്രം എന്ന നിലയിൽ ഇവിടെ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ സംസ്ഥാനത്തിന്റെ തന്നെ യശസിന് കോട്ടമുണ്ടാക്കും. മാത്രമല്ല, തീർത്ഥാടനകേന്ദ്രത്തിന്റെ കീർത്തിക്ക് തന്നെ മങ്ങലേൽപ്പിക്കുന്നതിന് അത് ഇടയാക്കുമെന്ന് ഭക്തജനങ്ങൾ തിരിച്ചറിയണം.

ശബരിമലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് തുലാമാസ പൂജയുടെയും ചിത്തിര ആട്ടപൂജയുടെയും വേളയിലുണ്ടായത്. അതിന് നേതൃത്വം കൊടുത്തവർ തന്നെ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അവിടെ എത്രത്തോളം ജാഗ്രത ഉണ്ടാവണം എന്ന് ഇത് സർക്കാരിനെയും ബഹുജനങ്ങളെയും ഓർമ്മിപ്പിക്കുന്നു. ശബരിമലയെ അക്രമത്തിന്റെയും കലാപത്തിന്റെയും പ്രതിഷേധങ്ങളുടെയും കേന്ദ്രമായി ഒരു കാരണവശാലും മാറ്റാൻ അനുവദിച്ചുകൂട. ശബരിമലയിൽ സംഘർഷം ഉണ്ടാക്കാനും അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്താകമാനം കലാപങ്ങൾ സൃഷ്ടിക്കാനും ചിലർക്ക് താത്പര്യമുണ്ടാകാം. അത്തരം താത്പര്യക്കാരുടെ കൈകളിൽ കേരള ജനത ഒരിക്കലും പെട്ടുപോകരുത്.

ജനങ്ങളിൽ ആശങ്കയും ചേരിതിരിവും ഉണ്ടാക്കുന്നവിധം തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കാതിരിക്കുക എന്ന കാര്യത്തിൽ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നവമാധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിച്ച് ജനജീവിതത്തെ അസ്വസ്ഥമാക്കുന്നതിനുള്ള ഇടപെടലുകളും ചിലരുടെ ഭാഗത്തുനിന്ന് ഉയർന്നുവരുന്നുണ്ട്. അത്തരം പ്രവർത്തനങ്ങൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നതിനും ഇത്തരം പ്രചാരവേലകളെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. ശബരിമലയെയും സംസ്ഥാനത്തെയും സ്‌നേഹിക്കുന്നവരാരും ഇത്തരം പ്രചാരവേലകളിൽ കുരുങ്ങിപ്പോകരുത്.

കേരളം ഇന്നേവരെ കണ്ടതിൽ വച്ച് എറ്റവും വലിയ പ്രളയക്കെടുതിയെയാണ് നാം അതിജീവിച്ചത്. നാടിന്റെ പൊതുവായ താത്പര്യത്തിന് കീഴ്‌പ്പെട്ടുകൊണ്ട് നാം ഉയർത്തിപ്പിടിച്ച യോജിപ്പാണ് അതിനെ മറികടക്കാൻ നമുക്ക് ഈ സാഹചര്യമുണ്ടാക്കിയത്. ആ യോജിപ്പ് ഇക്കാര്യത്തിലും ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകാനാവണം. എല്ലാ വിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങൾ സംരക്ഷിച്ച് ജീവിക്കാനുള്ള അവസരം ഉണ്ടാകേണ്ടതുണ്ട്. അതില്ലാത്തവർക്ക് അങ്ങനെ ജീവിക്കാനും. ഈ പരസ്പര ബഹുമാനമാണ് മതനിരപേക്ഷ ജീവിതത്തിന്റെ അടിത്തറയായി നിലനിൽക്കുന്നത്. ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ട് ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്.

ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന ശബരിമലയിൽ ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളുമായി മുഴുവൻ ഭക്തജനങ്ങളും സഹകരിക്കണം. സമാധാനപരമായി ദർശനം നടത്താനുള്ള സൗകര്യം ഒരുക്കാനാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. സമാധാനപരമായ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ഇത്തരം ക്രമീകരണങ്ങളുമായി മുഴുവൻ ജനങ്ങളും സഹകരിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP