നഷ്ടപരിഹാര തുക 99 ശതമാനം ഇരകൾക്കും നൽകിയില്ല; കേസിൽ വിചാരണയും പറയുന്ന സമയത്ത് തീരുന്നില്ല; ലൈംഗിക അതിക്രമങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള നിയമത്തിൽ നഷ്ടപരിഹാരം ലഭിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും അത് കടലാസിൽ മാത്രം; പോക്‌സോ കേസിൽ കിട്ടിയ റിപ്പോർട്ട് കണ്ട് ഞെട്ടി സുപ്രീംകോടതി
November 20, 2019 | 01:51 PM IST | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലൈംഗിക അതിക്രമങ്ങളിൽനിന്നു കുട്ടികളെ സംരക്ഷിക്കാനുള്ള നിയമത്തിൽ നഷ്ടപരിഹാരം ലഭിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും 99 ശതമാനം കേസുകളിലും അതുണ്ടായിട്ടില്ലെന്ന തിരിച്ചറിവിൽ സുപ്രീംകോടതി. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വസ്തുതകൾ ഉള്ളത്.
കൂട്ടബലാത്സംഗത്തിനു വിധേയയായ പെൺകുട്ടിക്ക് 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിക്കും. അല്ലാതെയുള്ള ബലാത്സംഗമാണെങ്കിൽ ഏഴു ലക്ഷം രൂപ വരെ കിട്ടും. താൽക്കാലിക നഷ്ടപരിഹാരത്തിനും വ്യവസ്ഥയുണ്ട്. കുട്ടികൾക്ക് എതിരായ ലൈംഗിക അതിക്രമങ്ങളെ 14 തരമായി തിരിച്ചു പട്ടിയുണ്ട്. എല്ലാ തരം കുറ്റകൃത്യങ്ങൾക്കും നഷ്ടപരിഹാരത്തിനു കേന്ദ്ര സർക്കാരിന്റെ നിയമമായ പോക്സോയിൽ അർഹതയുണ്ട്. കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതിയുമുണ്ട്.
കുറ്റകൃത്യങ്ങളുടെ അന്വേഷണം, വിചാരണ, അന്തിമവിധി എന്നിവയെ കുറിച്ച് ജില്ലാ ജഡ്ജിയുടെ പദവിയിലുള്ള സുരീന്ദർ എസ്. രാഥി എന്ന ഉദ്യാഗസ്ഥനാണ് വിശദമായ അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നു കോടതി പറഞ്ഞു. 99% കേസുകളിലും നഷ്ടപരിഹാരം നൽകിയതായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടതി നടപടികൾ അനുസരിച്ച് ഓരോ സംസ്ഥാനത്തും ഹൈക്കോടതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയാണു നഷ്ടപരിഹാത്തുക ബാങ്കു വഴി നൽകുന്നത്. അതിനു നടപടിക്രമങ്ങൾ നിലവിലുണ്ട്.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്നു കോടതി കേന്ദ്ര സർക്കാരിനോടു ചോദിച്ചിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ വിചാരണ കോടതി നടപടി പൂർത്തിയാക്കണമെന്നാണ് നിയമത്തിൽ വ്യവസ്ഥ. എന്നാൽ മൂന്നിൽ രണ്ടു ഭാഗം കേസുകളിൽ ഇപ്പോഴും വിചാരണ പൂർത്തിയായിട്ടില്ല. കേസ് അന്വേഷണ രീതികളിൽ പാകപ്പിഴകൾ ഉണ്ട്. കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.