Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പായലേ വിട.. പോളയെ വിട.. എന്നന്നേക്കും വിട..; കോട്ടയത്ത് പോളവാരൽ യന്ത്രം എത്തി; തോടുകളിലെ പോള ഭീഷണിയിൽ നിന്ന് മോചനം

പായലേ വിട.. പോളയെ വിട.. എന്നന്നേക്കും വിട..; കോട്ടയത്ത് പോളവാരൽ യന്ത്രം എത്തി; തോടുകളിലെ പോള ഭീഷണിയിൽ നിന്ന് മോചനം

ജോജി തോമസ്

കോട്ടയം: പടിഞ്ഞാറൻ തോടുകൾക്കും ജലാശയങ്ങൾക്കും പോള (കുളവാഴ) ഭീഷണിയിൽനിന്നു മോചനവുമായി ജില്ലാ പഞ്ചായത്തിന്റെ പോളവാരൽ യന്ത്രം എത്തി. 48 ലക്ഷം രൂപ ചെലവഴിച്ചാണു ജില്ലാ പഞ്ചായത്ത് തദ്ദേശിയമായി നിർമ്മിച്ച പോളവാരൽ യന്ത്രം വാങ്ങിയത്.

പോളവാരൽ യന്ത്രങ്ങൾ നിർമ്മിച്ച് രാജ്യാന്തരതലത്തിൽ കയറ്റുമതി ചെയ്യുന്ന ചിങ്ങവനം ആസ്ഥാനമായ കേളചന്ദ്ര എൻജിനീയേഴ്‌സ് ആണ് ജില്ലാ പഞ്ചായത്തിനുവേണ്ടി പോളവാരൽ യന്ത്രം നിർമ്മിച്ചുനൽകിയത്. പൂർണമായും തുരുമ്പുപിടിക്കാത്ത ഉരുക്കിൽ നിർമ്മിച്ച യന്ത്രത്തിന് 3.5 ടൺ ഭാരമുണ്ട്. ഒരുമണിക്കൂർ പ്രവർത്തിപ്പിക്കുമ്പോൾ അഞ്ചുമുതൽ ആറ് ടൺവരെ പോള വാരാൻ യന്ത്രത്തിനു കഴിയും.

ഇന്ധനക്ഷമതയും വളരെ കൂടുതലാണെന്നു നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഒരുമണിക്കൂർ പ്രവർത്തിക്കുന്നതിന് അഞ്ച് ലീറ്റർ ഡീസൽ ആണ് ചെലവ്. ആറ്റിലും തോട്ടിലും കൂടി വളരെ എളുപ്പത്തിൽ ഓടിച്ചുപോകാനും ചെറിയ സ്ഥലത്തുപോലും പെട്ടെന്നു തിരിക്കാനും ഈ യന്ത്രത്തിനു കഴിയും. രണ്ടു വർഷത്തെ ഗാരന്റിയാണ് നിർമ്മാണ കമ്പനി വാഗ്ദാനം ചെയ്യുന്നത്. യന്ത്രം ഓടിക്കുന്ന ഡ്രൈവർക്കുള്ള പരിശീലനവും കമ്പനി തന്നെ നൽകും.

യന്ത്രത്തിന്റെ മുൻഭാഗത്തു ഘടിപ്പിച്ചിട്ടുള്ള ചലിക്കുന്ന ബ്ലെയ്ഡുകൾ വഴി പോള മുറിച്ചുമാറ്റും. കൺവെയർ ബെൽറ്റ് വഴി പോള ശേഖരിക്കും. തുടർന്നു പിന്നിലെ ഡിസ്ചാർജ് കൺവെയർ ബെൽറ്റ് വഴി സംഭരിച്ചിരിക്കുന്ന പോള തോടിന്റെ കരയിലേക്കു നിക്ഷേപിക്കും. ഒരോതവണയും 3.5 ക്യുബിക് മീറ്റർ പോള സംഭരിക്കുന്നതിനുള്ള ശേഷിയാണ് യന്ത്രത്തിനുള്ളതെന്നു കേളചന്ദ്ര അയൺ ആൻഡ് സ്റ്റീൽ വർക്ക് എംഡി പി.പി. തോമസ് പറഞ്ഞു. ജില്ലയിൽ ആദ്യമായിട്ടാണു തദ്ദേശ ഭരണസ്ഥാപനം പോള വാരിമാറ്റുന്നതിനു ബജറ്റിൽ തുക വകകൊള്ളിച്ചു പോളവാരൽ യന്ത്രം വാങ്ങുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിൽ, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ എന്നിവർ താൽപര്യമെടുത്താണു പദ്ധതി തയാറാക്കിയത്.

പടിഞ്ഞാറൻ തോടുകളുടെ ശാപമായ പോള എന്ന പേരിൽ അറിയപ്പെടുന്ന കുളവാഴ ഏറ്റവും പെട്ടെന്നു വളരുന്ന സസ്യം എന്ന പേരിലാണ് അറിയപ്പെടുന്നത്. 10 ദിവസം കൊണ്ട് ഇരട്ടിയാകുന്ന ഇവ പടിഞ്ഞാറൻ മേഖലയിലെ നെൽകൃഷിക്കും ജലഗതാഗതത്തിനും മൽസ്യസമ്പത്തിനും വലിയ ഭീഷണിയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രം വളരുന്ന പോള വെള്ളത്തിൽ തിങ്ങിനിറയുമ്പോൾ സൂര്യപ്രകാശം വെള്ളത്തിലേക്കു കടക്കാതെ തടയും. പോള വളരുന്നതിനായി ജലത്തിലെ ഓക്‌സിജൻ വലിച്ചെടുക്കുന്നതിനാൽ മൽസ്യങ്ങളുടെ ഭക്ഷണമായ ജലത്തിലെ സൂക്ഷ്മ പ്ലവഗങ്ങൾ വളരാൻ കഴിയാതെ നശിക്കുകയും അതുവഴി മൽസ്യസമ്പത്ത് കുറയുകയും ചെയ്യും.

എലി, പാമ്പ് എന്നിവ തിങ്ങി നിറഞ്ഞ പോളയ്ക്ക് മുകളിൽ വാസമുറപ്പിക്കും. എലിമൂത്രം ജലത്തിൽ എത്തുകയും എലിപ്പനിപോലെയുള്ള രോഗങ്ങൾക്കു കാരണമാകുകയും ചെയ്യും. പോള ചീഞ്ഞ് ശുദ്ധജലം മലിനമാകുകയും രൂക്ഷമായ ദുർഗന്ധം വമിക്കുകയും ചെയ്യും. പോളവാരൽ യന്ത്രം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കു വാടകയ്ക്ക് നൽകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് വാങ്ങിയ പോളവാരൽ യന്ത്രം ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ അവശ്യപ്പെടുന്ന മുറയ്ക്ക് വാടകയ്ക്കു നൽകും.

കോടിമതയിൽ കൊടൂരാറ്റിൽ യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം ജോസ് കെ.മാണി എംപി. നിർവ്വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎ‍ൽഎ അധ്യക്ഷതയും വഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP