Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നദീറിനോടു ജനുവരി നാലിനു വീണ്ടും ഹാജരാകണമെന്നു പൊലീസ്; വിട്ടയച്ചതിനു പിന്നാലെ ബാലുശേരിയിലെ വീട്ടിൽ റെയ്ഡ്; തന്നെ മാവോയിസ്റ്റാക്കാൻ പൊലീസ് നിർബന്ധിത ശ്രമം നടത്തിയെന്നു നദീർ

നദീറിനോടു ജനുവരി നാലിനു വീണ്ടും ഹാജരാകണമെന്നു പൊലീസ്; വിട്ടയച്ചതിനു പിന്നാലെ ബാലുശേരിയിലെ വീട്ടിൽ റെയ്ഡ്; തന്നെ മാവോയിസ്റ്റാക്കാൻ പൊലീസ് നിർബന്ധിത ശ്രമം നടത്തിയെന്നു നദീർ

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയും പ്രതിഷേധമുയർന്നതിനെ തുടർന്ന് വിട്ടയയ്ക്കുകയും ചെയ്ത മനുഷ്യാവകാശപ്രവർത്തകൻ നദീറിനോട് വീണ്ടും ഹാജരാകാൻ പൊലീസ് നിർദ്ദേശം. ജനുവരി നാലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് രേഖാമൂലം നിർദ്ദേശം നല്കുകയായിരുന്നു.

അതോടൊപ്പംതന്നെ നിരുപാധികം വിട്ടയച്ച നദീറിന്റെ ബാലുശേരിയിലെ വീട്ടിൽ പൊലീസ് റെയ്ഡും നടത്തി. ഒരു മണിക്കൂർ നീണ്ട റെയ്ഡിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. നിരപരാധിയായ നദീറിനെ വീണ്ടും കുടുക്കാനാണ് റെയ്ഡ് എന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.

തന്നെ മാവോയിസ്റ്റാക്കാൻ പൊലീസ് നിർബന്ധിത ശ്രമം നടത്തിയെന്ന് വിട്ടയക്കപ്പെട്ടശേഷം കോഴിക്കോട് വാർത്താസമ്മേളനത്തിൽ നദീർ ആരോപിച്ചു. താൻ ഒരിക്കൽ പോലും ആറളത്ത് പോയിട്ടില്ല. ചാർജ്ജ് ഷീറ്റിൽ യുഎപിഎ(അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) ചുമത്തിയതായി രേഖപ്പെടുത്തിയിരുന്നതായും നദീർ പറഞ്ഞു. ഇരിട്ടി ഡിവൈഎസ്‌പി ഓഫീസിലെത്തിക്കുകയും ഡിവൈഎസ്‌പി അടക്കമുള്ളവർ ചോദ്യംചെയ്യുകയും ചെയ്തതായും നദീർ പറഞ്ഞു.

ദേശീയഗാനത്തെ അപമാനിച്ച് ഫേസ്‌ബുക് പോസ്റ്റിട്ട കേസിൽ അറസ്റ്റിലായ എഴുത്തുകാരൻ കമൽ സി. ചവറയെ ആശുപത്രിയിൽ സന്ദർശിച്ചപ്പോഴാണ് കോഴിക്കോട് ബാലുശേരി സ്വദേശിയായ സാമൂഹികപ്രവർത്തകനും സ്വതന്ത്ര മാദ്ധ്യമപ്രവർത്തകനുമായ നദീറിനെ കണ്ണൂർ ആറളം പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട് മെഡിക്കൽ കൊളജിലെത്തിയ ഷാഡോ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ മാർച്ച് മൂന്നിന് ആറളം ഫാം സന്ദർശിച്ച മാവോയിസ്റ്റുകൾ പ്രദേശവാസികളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി 'കാട്ടുതീ' എന്ന പ്രസിദ്ധീകരണം വിതരണം ചെയ്തെന്ന സംഭവത്തിൽ ആറളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടിയെന്നാണു പൊലീസ് നല്കിയ വിശദീകരണം. തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇടപെട്ടാണ് നാദിറിനെ മോചിപ്പിച്ചത്. പൊലീസ് നടപടിയിൽ സോഷ്യൽ മീഡിയയിലടക്കം കടുത്ത പ്രതിഷേധവും ഉയർന്നിരുന്നു. മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ്. അച്യുതാനന്ദനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊലീസ് നടപടിയിൽ ശക്തമായ എതിർപ്പുന്നയിക്കുകയുണ്ടായി.

രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ യുഎപിഎ ചുമത്താൻ പാടില്ലെന്നു കോടിയേരി വ്യക്തമാക്കി. എഴുത്തുകാരനും നാടക കലാകാരനുമായ കമൽ സി. ചവറയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ പാടില്ലായിരുന്നു. അദ്ദേഹത്തിനെതിരെ കേസുകളെടുത്തത് പൊലീസിന്റെ തോന്ന്യാസമാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസായിട്ടും അദ്ദേഹത്തിന് ജാമ്യം ലഭിച്ചത് എൽഡിഎഫിന്റെ നയം കാരണമാണെന്നും കോടിയേരി പറഞ്ഞിരുന്നു. ഭരണകൂടത്തിന്റെ മർദ്ദനോപാധിയല്ല പൊലീസെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ഫാസിസത്തിലേക്ക് ഭരണകൂടം നീങ്ങുമെന്ന തോലുളവാക്കുമെന്നും വിഎസും വിമർശിച്ചിരുന്നു.

പൊലീസ് നടപടി വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടു. കമൽ സി. ചവറയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകുകയുണ്ടായി. ഇതിനെത്തുടർന്നാണ് നദീറിനെ പൊലീസ് വിട്ടയച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP