Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫയാസ് പുറത്തിറങ്ങയപ്പോൾ സഹോദരൻ അകത്ത്; സ്വർണ്ണകള്ളക്കടത്തിൽ ഇന്നും ഒത്തുകളി തന്നെ; കടത്തിനെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമം വരും

ഫയാസ് പുറത്തിറങ്ങയപ്പോൾ സഹോദരൻ അകത്ത്; സ്വർണ്ണകള്ളക്കടത്തിൽ ഇന്നും ഒത്തുകളി തന്നെ; കടത്തിനെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ നിയമം വരും

തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു നടത്തുന്ന രാജ്യാന്തരലോബിയുമായി കേരളാ പൊലീസിലെ ചില ഉന്നതർക്കു അവിശുദ്ധബന്ധമെന്ന് കേന്ദ്ര രഹസ്യാന്വേഷണ റിപ്പോർട്ട്. കള്ളക്കടത്തുകാർക്ക് എല്ലാ സഹായവും പൊലീസുകാർ ചെയ്യുന്നുവെന്നാണ് ആക്ഷേപം. ഫയാസിന്റെ സഹോദരന്റെ അറസ്റ്റ് ഇതിന് ഏറ്റവും വലിയ തെളിവായും വിലയിരുത്തുന്നു.

സ്വർണക്കടത്തിനു ഭംഗം വരാതെ നയിക്കാൻ പകരക്കാരൻ പുറത്തുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമേ മറ്റൊരാളെ അകത്താക്കൂവത്രം. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഫയാസിന്റെ കാര്യത്തിലുണ്ടായത്. ഒരുവർഷം മുമ്പു പിടിയിലായ രാജ്യാന്തര സ്വർണക്കള്ളക്കടത്തുകാരൻ ടി.കെ. ഫയാസ് ജാമ്യത്തിലിറങ്ങിയതിന്റെ തൊട്ടടുത്തദിവസം സഹോദരൻ ടി.കെ. ഫൈസലിനെ പിടികൂടി. സഹോദരങ്ങളിലൊരാൾ പുറത്തുണ്ടെങ്കിലേ സംസ്ഥാനത്തെ സ്വർണക്കള്ളക്കടത്തുശൃംഖല സജീവമാക്കി നിർത്താൻ കഴിയൂവെന്ന വിദേശ കള്ളക്കടത്തുകാരുടെ വിശ്വാസം പൊലീസ് കാത്തതായാണു കേന്ദ്ര ഇന്റലിജൻസ് നിഗമനം. ആഡംബരക്കാറിലാണ് ഇയാളെ പൂജപ്പുര ജയിലിലെത്തിച്ചത്. ജയിലിലും ഫൈസൽ വി.ഐ.പി തന്നെയെന്നാണ് സൂചന.

കേന്ദ്ര രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടലുകൾക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത് വന്നിട്ടുണ്ട്. സ്വർണക്കടത്ത് ഉൾപ്പെടെ കോഫെപോസ കേസിൽ ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നിയമനിർമ്മാണത്തിനു നിർദ്ദേശം സമർപ്പിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കു മന്ത്രി രമേശ് ചെന്നിത്തല ഉത്തരവു നൽകി. സ്വർണക്കടത്തിനു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനും നിയമത്തിൽ വ്യവസ്ഥയുണ്ടാകും. കള്ളക്കടത്തുകാരെ പിടിക്കാൻ പ്രത്യേക സംഘത്തേയും നിയോഗിച്ചേക്കും.

ഫയാസ് ജയിലിലായിരിക്കെത്തന്നെ സഹോദരൻ ഫൈസലിന്റെ സ്വർണക്കടത്തിനെക്കുറിച്ചു പൊലീസ് ഉന്നതർക്കു വ്യക്തമായ വിവരമുണ്ടായിരുന്നു. എന്നിട്ടും നടപടികളോ അറസ്‌റ്റോ ഉണ്ടായില്ല. ഫയാസ് ജാമ്യത്തിലിറങ്ങുന്നതുവരെ ഫൈസലിനെ അറസ്റ്റ് ചെയ്യേണ്ടെന്ന് ഒരു പൊലീസ് ഉന്നതൻ നിർദേശിച്ചിരുന്നു. അറസ്റ്റ് വിവരം ചോരാതിരിക്കാനും ലോക്കൽ പൊലീസ് ശുഷ്‌കാന്തി കാട്ടി.

രാജ്യാന്തര സ്വർണക്കള്ളക്കടത്തു കേസിലെ മുഖ്യപ്രതി, ബീമാപള്ളി സ്വദേശി എച്ച്. നാസറുദീനും ഭാര്യയും തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തിയത് ഏഴുതവണയാണ്. ഇതേക്കുറിച്ചു ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിച്ചുവരുകയാണ്.
സംസ്ഥാനത്തെ സ്വർണക്കള്ളക്കടത്തിനു ചുക്കാൻ പിടിക്കുന്ന, രണ്ടു വനിതകളടക്കമുള്ളവരുടെ വിശദാംശങ്ങളും കേന്ദ്ര അന്വേഷണ ഏജൻസികൾ സംസ്ഥാന പൊലീസിനു കൈമാറിയിട്ടുണ്ട്.

ഫയാസ്-ഫൈസൽ സഹോദരങ്ങൾക്കു പുറമേ, കോഴിക്കോട് സ്വദേശികളായ നബിൽ അബ്ദുൾ ഖാദർ, അബുലിയാസ്, കണ്ണൂർ സ്വദേശികളായ കെ. അഷറഫ്, ഷഹബാസ് മുഹമ്മദ്, കെ.കെ. അബ്ദുള്ള, പി.കെ.ഷഫീഖ്, എച്ച്. നാസറുദീൻ, സംഘത്തിലെ വനിതകളായ ഹീറോമാസ സെബാസ്റ്റ്യൻ, റാഹില ചിറായ് എന്നിവരുടെ വിവരങ്ങളാണു കേന്ദ്ര ഏജൻസികൾ കൈമാറിയത്.

ഇവരിൽ വയനാട് സ്വദേശികളായ വനിതകൾ രണ്ടുപേരും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ്. മറ്റുള്ളവർ ദുബായിലും. ഫയാസിന്റെ ബോസ് അധോലോകബന്ധമുള്ള തലശേരി സ്വദേശി അഷറഫാണെന്നും ഐ.ബി. റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP