Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒളിവിലായ സിഐ ഷിബുകുമാറിനെ തൊടാൻ പൊലീസിന് പേടി; ഒരു ദിവസം മുഴുവൻ കോടതി പരിസരത്തെത്തിയിട്ടും കണ്ടില്ലെന്ന് നടിച്ചു; അന്വേഷണം കണ്ണിൽ പൊടിയിടാൻ

ഒളിവിലായ സിഐ ഷിബുകുമാറിനെ തൊടാൻ പൊലീസിന് പേടി; ഒരു ദിവസം മുഴുവൻ കോടതി പരിസരത്തെത്തിയിട്ടും കണ്ടില്ലെന്ന് നടിച്ചു; അന്വേഷണം കണ്ണിൽ പൊടിയിടാൻ

തിരുവനന്തപുരം: അഴിമതിക്കെതിരായ ജാഗ്രതയാകണം വിജിലൻസിന്റെ കൈമുതൽ. പക്ഷേ കള്ളനെ പിടിക്കുമ്പോൾ പ്രതി പൊലീസാണെന്നറിഞ്ഞാൽ വിജിലൻസും രണ്ട് തവണ ആലോചിക്കും. പൊലീസിലെ സഹപ്രവർത്തകനെ എങ്ങനെ അവർ കേസിൽ കുടുക്കും. ഈ ചിന്തയാണേ്രത കഴക്കൂട്ടം സി.ഐ വി. ഷിബുകുമാറിന് തുണയായത്.

ഇതിന്റെ തുടർച്ച ഇന്നലെയുമുണ്ടായി. തിരുവനന്തപുരത്തെ കോടതി പരിസരത്ത് വി. ഷിബുകുമാർ എത്തി. മുൻകൂർ ജാമ്യമെടുക്കലായിരുന്നു ലക്ഷ്യം. ഇക്കാര്യം വിജിലൻസും അറിഞ്ഞു. പക്ഷേ കസ്റ്റഡിയിൽ എടുത്തില്ല. നിയമപരമായ ഉപദേശമെല്ലാം നേടി ഷിബുകുമാർ കൊച്ചിക്ക് തിരിച്ചുവെന്നാണ് വിവരം. തിരുവനന്തപുരത്ത് ജാമ്യമെടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതാണ് നല്ലതെന്ന നിയമോപദേശം ലഭിച്ചതിനാലാണ് ഇത്. അതിനിടെ കേസിലുൾപ്പെട്ട സിഐ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. ഹർജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.

കൈക്കൂലിക്കേസിൽ ഷിബു കുമാറിനെ പിടികൂടാനുള്ള അവസരം വിജിലൻസിന് നേരത്തേയും ഉണ്ടായിരുന്നു. പക്ഷേ അവർ അന്നും അത് ചെയ്തില്ല. ഇതോടെ ഷിബു കുമാറിന് ഒളിവിൽ പോകാനുമായി. കേസ് ഒതുക്കിത്തീർക്കാൻ കക്ഷിയിൽ നിന്ന് പണം വാങ്ങിയ കേസും കാര്യക്ഷമമായി അന്വേഷിക്കുന്നില്ല. അതുകൊണ്ടാണ് കഴക്കൂട്ടം സി.ഐയായിയരുന്ന ഷിബുകുമാറിനെ പിടികൂടാൻ കഴിയാത്തത് എന്നാണ് വിമർശനം. ഉന്നത ഉടപെടലുകളാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.

ഇക്കഴിഞ്ഞ ആറ് തിങ്കളാഴ്ച രാത്രിയിൽ കൊല്ലം മെഡിസിറ്റിക്ക് സമീപം വച്ചാണ് അര ലക്ഷം രൂപ കൈമാറുന്നതിനിടെ കഴക്കൂട്ടം സി.ഐ ഷിബുകുമാറിന്റെ സുഹൃത്ത് പ്രസാദ് പിടിയിലാവുന്നത്. ഈ സമയത്ത് ഷിബുകുമാർ കണ്ണനല്ലൂരിലെ ഒരു വനിതാ സുഹൃത്തിന്റെ വീട്ടിലുണ്ടായിരുന്നു. അവിടെ മദ്യസൽക്കാരത്തിലിരിക്കെയാണ് പ്രസാദിനെ പണം വാങ്ങാനായി പറഞ്ഞുവിട്ടത്. പ്രസാദിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് വിജിലൻസ് സംഘം കണ്ണനല്ലൂരിലും എത്തി. പക്ഷേ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചില്ല. ഇതോടെ ഷിബു കുമാറിന് ഒളിവിൽ പോകാനുമായി.

സർക്കിൾ ഇൻസ്‌പെക്ടറുടെ കൈക്കൂലിയിടപാട് വിജിലൻസാണ് പൊളിച്ചത്. സിഐ ഷിബു കുമാറിനുവേണ്ടി ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങിയ സുഹൃത്ത പ്രസാദാണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥന്റെവീടുകളിലും ഓഫീസിലും രാത്രിയിൽ വിജിലൻസ് പരിശോധന നടത്തി. രേഖകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് സി.ഐയെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

മംഗലപുരം പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പുകേസ് വിശദ അന്വേഷണത്തിനായാണ് കഴക്കൂട്ടം സർക്കിളിന് കൈമാറിയത്. കേസിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് സഹായിയേയും കൂട്ടി പൊലീസ് ഉദ്യോഗസ്ഥൻ പിരിവിന് ഇരങ്ങി. പ്രതിസ്ഥാനത്തുള്ളവരെ വിളിച്ച് അറസ്റ്റ് ചെയ്യാതിരിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു. പേര് മോശമാകാതിരിക്കാൻ ആദ്യഗഡു നൽകി. അഞ്ചുലക്ഷമാണ് ചോദിച്ചത.് ഒടുവിൽ മൂന്ന് ലക്ഷത്തിൽ ഉറപ്പിച്ചു.

ആദ്യ ഗഡുവായി ഒരുലക്ഷം കഴിഞ്ഞ 29ന് കൈമാറി. ബാക്കി പണത്തിനായി സിഐയുടെ ഭീഷണി മുറുകിയപ്പോഴാണ് പരാതിക്കാർ വിജിലൻസിനെ ബന്ധപ്പെട്ടത്. തുടർന്ന് ഒരുലക്ഷം കൂടി നൽകാമെന്ന് വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം സിഐയെ വിളിച്ചറിയിച്ചു. സിഐ പറഞ്ഞുവിട്ടത് അനുസരിച്ച് പണം ഏറ്റുവാങ്ങാനായി സുഹൃത്ത് പ്രസാദ് എത്തിയപ്പോൾ പണമടക്കം വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

കഴക്കൂട്ടം സി.ഐ ഓഫീസിന്റെ മറവിൽ കൈക്കൂലി, അഴിമതിയും കേസൊതുക്കലും, കള്ളകേസെടുക്കലും നടന്നുവരുന്നത് പരസ്യമായ രഹസ്യമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങൾ അതാത് സമയങ്ങളിൽ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഉന്നതരെ അറിയിച്ചിട്ടുമുണ്ട്. ഇത്തരമൊരു വിവരം ലഭിച്ചതനുസരിച്ച് റൂറൽ എസ്‌പി. രാജ്പാൽ മീണ ഷിബുകുമാറിനെ ഓഫീസിൽ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. നടപടി വരുമെന്ന് താക്കീത് നൽകിയെങ്കിലും ഷിബുകുമാർ കാര്യമായെടുത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP