Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കേരളത്തിന് ഇത്തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഇല്ല; ആഭ്യന്തര വകുപ്പിലെ ഗുരുതര വീഴ്‌ച്ചക്ക് ഇടയാക്കിയത് വിജിലൻസ് ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള പടലപ്പിണക്കം; ജേക്കബ് തോമസിനൊപ്പം ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാൻ മടി കൊണ്ട് ചീഫ് സെക്രട്ടറി യോഗം നീട്ടിയപ്പോൾ സമയപരിധി കഴിഞ്ഞത് തിരിച്ചടിയായി

കേരളത്തിന് ഇത്തവണ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഇല്ല; ആഭ്യന്തര വകുപ്പിലെ ഗുരുതര വീഴ്‌ച്ചക്ക് ഇടയാക്കിയത് വിജിലൻസ് ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള പടലപ്പിണക്കം; ജേക്കബ് തോമസിനൊപ്പം ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാൻ മടി കൊണ്ട് ചീഫ് സെക്രട്ടറി യോഗം നീട്ടിയപ്പോൾ സമയപരിധി കഴിഞ്ഞത് തിരിച്ചടിയായി

തിരുവനന്തപുരം: റിപബ്ലിക് ദിനത്തിൽ വിശിഷ്ട സേവനത്തിനു മെഡൽ ലഭിക്കാനുള്ള അവസരം സംസ്ഥാന പൊലീസിലെ മികച്ച ഉദ്യോഗസ്ഥർക്ക് നഷ്ടമാകാൻ കാരണം ഉന്നതഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കം. കേന്ദ്രത്തിന് അയച്ചുകൊടുക്കേണ്ട മെഡൽ പട്ടിക തയാറാക്കുന്നതിനായി ഒന്ന് ഒരുമിച്ചിരിക്കാനുള്ള മനസുപോലും ഇല്ലാത്ത വിധത്തിലുള്ള പടലപ്പിണക്കമാണ് കേരളത്തിന്റെ എക്‌സിക്യൂട്ടീവ് മേധാവികൾക്കിടയിൽ ഉണ്ടായിരിക്കുന്നത്. അതോടൊപ്പം വൈകി തയാറാക്കിയ മെഡൽ പട്ടിക കേന്ദ്രത്തിനു സമർപ്പിക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ചയുണ്ടായി.

കേന്ദ്രം വിശിഷ്ട സേവനത്തിനുള്ള മെഡൽ ഇന്നു പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന പൊലീസിലെ ഒരു ഉദ്യോഗസ്ഥർപോലും ഇടംപിടിച്ചിട്ടില്ല. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ചേരിപ്പോരാണ് കേരളത്തിലെ മികച്ച പൊലീസുകാർക്ക് മെഡൽ ലഭിക്കാനുള്ള അവസരം നഷ്ടമാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

സംസ്ഥാന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയാണ് സംസ്ഥാന പൊലീസിലെ വിശിഷ്ട സേവനത്തിന് അർഹരായവരുടെ പട്ടിക തയാറാക്കിയത്. ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, വിജിലൻസ് മേധാവി ജേക്കബ് തോമസ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. ഒക്ടബോറിലായിരുന്നു കേന്ദ്രത്തിന് മെഡലിന് അർഹരായവരുടെ പട്ടിക അയച്ചുകൊടുക്കേണ്ടിയിരുന്നത്. എന്നാൽ ജേക്കബ് തോമസിനൊപ്പം ഒരുമിച്ചിരിക്കാനുള്ള മടികൊണ്ട് ചീഫ് സെക്രട്ടറി വിജയാനന്ദന് യോഗം നീട്ടിക്കൊണ്ടുപോയതോടെ മെഡൽ പട്ടിക സമയത്തു തയാറാക്കാനായില്ല.

ഒക്ടോബറിൽ കേരളം പട്ടിക സമർപ്പിക്കാത്തതിനെത്തുടർന്നു കേന്ദ്രം ഇക്കാര്യം രേഖാമൂലം അറിയിക്കുകയും തീയതി നീട്ടി നൽകുകയും ചെയ്തു. ഇതിനു ശേഷമാണ് ഉന്നതതല സമിതി യോഗം ചേരണമെന്ന് ആഭ്യന്തര വകുപ്പ് ചീഫ് സെക്രട്ടറി വിജയനാനന്ദിന് കർശന നിർദ്ദേശം നല്കുന്നത്. തുടർന്നു ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ യോഗം ചേർന്നു പട്ടിക തയാറാക്കി. സമിതി അംഗമായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് അസൗകര്യം ചൂണ്ടിക്കാട്ടി പങ്കെടുക്കാൻ തയാറായില്ല.

ശിപാർശ ചെയ്ത പട്ടിക കേന്ദ്ര സർക്കാരിനു യഥാസമയം അയച്ചു കൊടുക്കുന്നതിലും ആഭ്യന്തരവകുപ്പിനു വീഴ്ചയുണ്ടായി. പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഓൺലൈൻ വഴി കേരളം പട്ടിക നൽകിയതെന്നു കണ്ടെത്തിയിട്ടുണ്ട്. സൂഷ്മ പരിശോധന പൂർത്തിയായ സാഹചര്യത്തിൽ ഇനി പട്ടിക പരിഗണിക്കാൻ കഴിയില്ലെന്നു കേന്ദ്രം കേരളത്തെ അറിയിക്കുകയായിരുന്നു.

പട്ടിക ഒരു മാസം മുമ്പെങ്കിലും കേന്ദ്രസർക്കാരിന് അയച്ചു കൊടുത്താൽ മാത്രമേ വിശദ പരിശോധന നടത്തിയ കേന്ദ്രത്തിന് അന്തിമ പട്ടിക തയാറാക്കാൻ കഴിയുകയുള്ളൂ. എന്നാൽ, സംസ്ഥാനം ഓൺലൈനായി പട്ടിക അയച്ചതു ഡിസംബറിനു ശേഷമാണെന്നാണു കണ്ടെത്തൽ. ഇതിനാൽ കേരളം സമർപ്പിച്ച പട്ടിക കേന്ദ്രം തള്ളുകയായിരുന്നു.

രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിക്കേണ്ട മികച്ച പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ ഉദ്യോഗസ്ഥരുടെ അവസരമാണ് ആഭ്യന്തര വകുപ്പിലെ കെടുകാര്യസ്ഥത മൂലം നഷ്ടമായത്. എന്നാൽ പട്ടിക അയയ്ക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തിയില്ലെന്നും ഡിസംബർ 30നകം പട്ടിക അയച്ചുകൊടുത്തിരുന്നുമെന്നുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP