Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ട കേസ്; പോസ്റ്റുമോർട്ടം വിവാദം, റിപ്പോർട്ട് വീണ്ടെടുക്കണമെന്ന് ആവശ്യം ശക്തം; ഡോ. ഉന്മേഷിനെ സർക്കാർ കുറ്റവിമുക്തനാക്കിയതോടെ കേസ് പുനഃപരിശോധിക്കാനുള്ള സാധ്യത വർദ്ധിച്ചു; റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തമല്ല

ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെട്ട കേസ്; പോസ്റ്റുമോർട്ടം വിവാദം, റിപ്പോർട്ട് വീണ്ടെടുക്കണമെന്ന് ആവശ്യം ശക്തം; ഡോ. ഉന്മേഷിനെ സർക്കാർ കുറ്റവിമുക്തനാക്കിയതോടെ കേസ് പുനഃപരിശോധിക്കാനുള്ള സാധ്യത വർദ്ധിച്ചു; റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തമല്ല

തൃശൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഗോവിന്ദച്ചാമി പ്രതിയായ കേസിൽ ഡോ.ഉന്മേഷിനെ സർക്കാർ ഏഴ് വഷത്തിന് ശേഷം കുറ്റവിമുക്തനാക്കിയതോടെ കേസ് പുനപരിശോധിക്കാനുള്ള സാധ്യത തെളിയുന്നു. ഡോ. ഉന്മേഷും ഡോ രാജേന്ദ്രപ്രസാദുമാണ് യഥാർത്ഥത്തിൽ പോസ്റ്റുമോർട്ടം നടത്തിയതെന്ന് സർക്കാർ റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ഉന്മേഷ് തയ്യാറാക്കിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല. അതേ കുറിച്ച് സർക്കാർ ഒന്നും പറയുന്നുമില്ല. സുപ്രീംകോടതി വരെയെത്തിയ ഈ കേസിൽ യഥാർത്ഥ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതു വരെ ഹാജരാക്കപ്പെട്ടിട്ടില്ലെന്നത് നിയമവൃത്തങ്ങളെ വലയ്ക്കും. ഇതോടെ യഥാർഥ പോസ്റ്റുമോർട്ടം റിപ്പോർട്ട് വീണ്ടെടുക്കണമെന്ന് ആവശ്യം ശക്തമാകുന്നു. അന്ന് റിപ്പോർട്ട് തയാറാക്കാൻ ഡോ. ഉന്മേഷ് ഉപയോഗിച്ച കമ്പ്യൂട്ടറും ഹാർഡ് ഡിസ്‌കും അടക്കമുള്ളവ അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം സീൽ ചെയ്ത് മാറ്റിവെച്ചിട്ടുണ്ടെങ്കിലും അതിലെ റിപ്പോർട്ടുകൾ കണ്ടെത്താനാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

യഥാർഥ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ കേസിൽ തുടർവിചാരണ അടക്കമുള്ള സാധ്യതകളുണ്ടെന്ന് ഫോറൻസിക് വിദഗ്ധരും നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അതിനുള്ള നീക്കത്തിലാണ് ഫോറൻസിക് വിദഗ്ദ്ധർ.

പോസ്റ്റുമോർട്ടം നടത്തിയ ഫോറൻസിക് സർജന്മാർക്ക് കോടതിയിൽ മൊഴി നൽകാൻ കഴിയാതിരുന്നത് കേസിന് വലിയ തിരിച്ചടിയായി. പ്രതി ഗോവിന്ദച്ചാമി വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതും ഫോറൻസിക് പിഴവ് കാരണമായിരുന്നു. റിപ്പോർട്ട് കണ്ടെടുക്കാനായാൽ കേസിൽ പുതിയ വഴിത്തിരിവുണ്ടായേക്കുമെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു.ഡോ. ഉന്മേഷിന്റെ നേതൃത്വത്തിൽ ഡോ. രാജേന്ദ്രപ്രസാദ് അടക്കമുള്ള സംഘമാണ് പോസ്റ്റ്‌മോർട്ടം നടത്തി റിപ്പോർട്ട് കൈമാറിയത്.

ഈ റിപ്പോർട്ടിൽ ഭേദഗതി വരുത്തി ഡോ. ഷേർളി വാസു റിപ്പോർട്ട് സമർപ്പിച്ചുവെന്നാണ് പറയുന്നത്. ഷേർളി വാസുവിന്റെ വ്യാഖ്യാനങ്ങളെയും കണ്ടെത്തലുകളെയും കോടതിയിൽ തന്നെ എതിർത്തതിനാലാണ് പ്രതിഭാഗം ചേർന്നുവെന്ന് ആരോപിച്ച് ഉന്മേഷിനെ പ്രോസിക്യൂഷൻ പ്രതിയാക്കിയത്. താൻ അന്ന് തയാറാക്കിയ റിപ്പോർട്ട് ഇപ്പോൾ ഉണ്ടോയെന്ന് അറിയില്ലെന്നും അത് പിന്നീട് കണ്ടിട്ടില്ലെന്നും ഡോ. ഉന്മേഷ് പറഞ്ഞു. അന്ന് താൻ ആവശ്യപ്പെട്ടതനുസരിച്ച് മാറ്റിവെച്ച കമ്പ്യൂട്ടർ ഇപ്പോഴും ഉണ്ടായേക്കുമെങ്കിലും അതിലെ വിശദാംശങ്ങൾ കണ്ടെടുക്കാനാവുമോയെന്ന് അറിയില്ലെന്നും ഉന്മേഷ് പറയുന്നു.

ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയതായിരുന്നു ഡോ. ഉന്മേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോർട്ടെന്നാണ് ഫോറൻസിക് വിദഗ്ധരുടെ പക്ഷം. അത് പുറത്ത് വരുന്നത് പല നിഗമനങ്ങളെയും ബാധിക്കും. ഡോ. ഉന്മേഷിനെ കുറ്റവിമുക്തനാക്കിയ സർക്കാർ നടപടിയിൽ ഫോറൻസിക് വിദഗ്ധരുടെ സംഘടനയായ കേരള മെഡിക്കോ ലീഗൽ സൊസൈറ്റി സന്തോഷത്തിലാണ്.

ഇത് തങ്ങൾക്ക് സത്യം തുറന്നു പറയാനുള്ള സാഹചര്യം ഒരുക്കുമെന്ന് സെക്രട്ടറി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. ഡോ. ഉന്മേഷിനെ കുറ്റമുക്തനാക്കി സർക്കാർ ഉത്തരവിറക്കിയെങ്കിലും യഥാർഥ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് എന്ത് സംഭവിച്ചുവെന്ന് അറിയാൻ പൊതുസമൂഹത്തിന് ആഗ്രഹമുണ്ടാകുമെന്നും അത് വീണ്ടെടുക്കാനുള്ള നടപടി ആലോചിക്കുമെന്നും ഹിതേഷ് ശങ്കർ പറഞ്ഞു. തുടർ നടപടി ആലോചിക്കാൻ ഈയാഴ്ച സൊസൈറ്റി യോഗം വിളിച്ചിട്ടുണ്ട്.
അതിനിടെ പോസ്റ്റ്‌മോർട്ടം വിവാദ കേസ് തിങ്കളാഴ്ച പരിഗണിച്ച കോടതി ജൂണിൽ പരിഗണിക്കാനായി മാറ്റി വെച്ചു.

സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നടപടി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത് നിയമവിദഗ്ധരുമായി ആലോചിക്കുമെന്ന് ഡോ. ഉന്മേഷ് പറഞ്ഞു.2016 ഫെബ്രുവരി രണ്ടിനാണ് ഗോവിന്ദച്ചാമി പെൺകുട്ടിയെ ട്രെയിനിൽ നിന്ന് ആക്രമിക്കുന്നതും തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുന്നതും. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പെൺകുട്ടി ആറിന് മരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP