Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംസ്‌കാരത്തിന് ശേഷം പ്രമോദ് ജീവിതത്തിലേക്ക് മടങ്ങിയെത്തി; മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത് ആളു മാറി; പുറ്റിങ്ങൽ ദുരന്തത്തിൽ ജീവൻ തിരിച്ചുകിട്ടിയ കാരാറുകാരന്റെ സഹായിയുടെ കഥ

സംസ്‌കാരത്തിന് ശേഷം പ്രമോദ് ജീവിതത്തിലേക്ക് മടങ്ങിയെത്തി; മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചത് ആളു മാറി; പുറ്റിങ്ങൽ ദുരന്തത്തിൽ ജീവൻ തിരിച്ചുകിട്ടിയ കാരാറുകാരന്റെ സഹായിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ആറ്റിങ്ങൽ: പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിൽ പലരുടേയും ശരീരങ്ങൾ ചിന്നിച്ചിതറി. ആർക്കും ഒന്നും അറിയാത്ത അവസ്ഥ. ഷർട്ടും മറ്റും നോക്കി മൃതദേഹങ്ങൾ പലരും തിരിച്ചറിഞ്ഞു. അവയെ ആചാരപൂർവ്വം ദഹിപ്പിച്ചു. അങ്ങനെ കാണാനില്ലാതയവർ പലരും മരിച്ചെന്ന് ഉറപ്പിച്ചു. അങ്ങനെ മരിച്ചെന്ന കരുതിയ പ്രമോദിനെ ബന്ധുക്കൾക്ക് തിരിച്ചു കിട്ടി. സ്‌ഫോടനത്തിന്റെ പ്രഭവ കേന്ദ്രത്തിലായിരുന്നു പ്രമോദിന്റെ ജോലി. അതുകൊണ്ട് തന്നെ കാണാതായ പ്രമോദിന്റെ ജീവനും ദുരന്തെമടുത്തുവെന്ന് ബന്ധുക്കൾ കരുതി. സാമ്യമുള്ള മൃതദേഹം കണ്ടെതോടെ മരണം ഉറപ്പിച്ചു. അതിന് ശേഷമാണ് പ്രമോദിന്റെ പുനരവതാരം.

വെടിക്കെട്ടിന്റെ മുഖ്യ കരാറുകാരനായ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്റെ സഹായിയായി എത്തിയ പ്രമോദിന്റെ ചുമതല വെടിക്കെട്ട് പുരയിൽ നിന്ന് അമിട്ടുകൾ കമ്പത്തറയിലേക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു. പകുതി പൊട്ടിയ നിലയിൽ താഴേക്ക് പതിച്ച അമിട്ടിൽ നിന്നുള്ള തീപ്പൊരി കമ്പത്തറയിലേക്ക് കൊണ്ടുപോയിരുന്ന അമിട്ടിൽ വീണു തീപിടിക്കുകയും തീപ്പൊരി കമ്പപ്പുരയിലേക്കു ചിതറിത്തെറിക്കുകയും ചെയ്തതിനു പിന്നാലെ ഉഗ്രസ്‌ഫോടനം. കാഴ്ചയും കേൾവിയും നശിച്ചതിനൊപ്പം എന്തോ വന്ന് ശക്തമായി ഇടുപ്പിൽ പതിച്ചതും കമിഴ്ന്നുവീണതും മാത്രമേ പ്രമോദിന് ഓർമ്മയുള്ളൂ.

അബോധാവസ്ഥയിലായ പ്രമോദ് പലകൈ മറിഞ്ഞ് കൊല്ലം മീയണ്ണൂർ അസീസിയ ആശുപത്രിയിലെത്തി. പല ആശുപത്രികളിൽ പലകുറി തിരഞ്ഞിട്ടും പ്രമോദിനെ കാണാതായതോടെ മരിച്ചെന്ന ധാരണയിൽ ബന്ധുക്കളെത്തി. പ്രമോദുമായി രൂപസാദൃശ്യമുണ്ടായിരുന്ന മറ്റൊരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ കണ്ടത്. അതു ഏറ്റുവാങ്ങി വീട്ടിലെത്തിച്ച് ദഹിപ്പിക്കുകയായിരുന്നു. പ്രമോദിന്റെ മുൻവശത്തെ പല്ലുകളിലൊന്ന് നഷ്ടമായിരുന്നതും മൂക്കിന് താഴെയായി കുത്തിക്കെട്ടുകളുടെ പാടുകൾ ഉണ്ടായിരുന്നതുമാണ് അതു പ്രമോദ് തന്നെയെന്ന് ബന്ധുക്കൾ ഉറപ്പിക്കാൻ കാരണമായത്.

എല്ലാം പെട്ടെന്ന് മാറി മറിഞ്ഞു. പ്രമോദിനൊപ്പം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരാണ് പ്രമോദിന്റെ ചിത്രം ഫേസ്‌ബുക്കിലിടുകയും ബന്ധുക്കളെ തേടുകയും ചെയ്തത്. ഇത് കണ്ട ആറ്റിങ്ങൽ പൊലീസ്, വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾ പ്രമോദുമായി ഫോണിൽ സംസാരിച്ചതോടെ ആളു മാറിയാണു സംസ്‌കാരമെന്ന കാര്യം വ്യക്തമായി. ആശുപത്രിയിലെത്തി പ്രമോദിനെ കണ്ട ബന്ധുക്കൾ, ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

വെഞ്ഞാറമൂട് വെള്ളാണിക്കൽ മാമൂട്ടിൽ കുന്നിൽവീട്ടിൽ ഗോപി-ലൈല ദമ്പതികളുടെ മകനായ പ്രമോദ് കോട്ടയത്ത് റബർ ടാപ്പിങ് തൊഴിലാളിയാണ്. ആളു മാറി സംസ്‌കരിച്ച വിവരം ഇനിയും പ്രമോദിനെ ബന്ധുക്കൾ അറിയിച്ചിട്ടില്ല. സംസ്‌കരിച്ച മൃതദേഹം ആരുടേതെന്നതിന് ഇനിയും ഉത്തരമില്ല. പരവൂർ അപകടത്തിൽ കാണാതായവരുടെ ബന്ധുക്കൾ പലരും ഇന്നലെയും പ്രമോദിന്റെ വീട്ടിലെത്തി മൃതദേഹത്തിന്റെ ഫോട്ടോകൾ പരിശോധിച്ചെങ്കിലും തിരിച്ചറിയാനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP