Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങൾക്കു രാജ്യാന്തര നിലവാരമില്ല; വികസിത രാജ്യങ്ങളിൽ സമൂഹത്തെ നയിക്കുന്നത് വിദ്യാസമ്പന്നർ; നാനാത്വത്തെ അംഗീകരിക്കലും സഹിഷ്ണുതയും ഉൾപ്പെട്ടതാണു വിദ്യാഭ്യാസമെന്നും രാഷ്ട്രപതി

രാജ്യത്തെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങൾക്കു രാജ്യാന്തര നിലവാരമില്ല; വികസിത രാജ്യങ്ങളിൽ സമൂഹത്തെ നയിക്കുന്നത് വിദ്യാസമ്പന്നർ; നാനാത്വത്തെ അംഗീകരിക്കലും സഹിഷ്ണുതയും ഉൾപ്പെട്ടതാണു വിദ്യാഭ്യാസമെന്നും രാഷ്ട്രപതി

കോട്ടയം: രാജ്യത്തെ പ്രധാന വിദ്യാഭ്യാസകേന്ദ്രങ്ങൾ രാജ്യാന്തര നിലവാരത്തിൽ എത്താത്തതിൽ ദുഃഖമുണ്ടെന്നു രാഷ്ട്രപതി പ്രണബ് മുഖർജി. കോട്ടയം സിഎംഎസ് കോളജ് 200-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യവെയാണ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു രാഷ്ട്രപതി പറഞ്ഞത്.

വികസിത രാജ്യങ്ങളിൽ സമൂഹത്തെ നയിക്കുന്നത് വിദ്യാസമ്പന്നരാണ്. വിദ്യാഭ്യാസം എന്നാൽ നാനാത്വത്തെ അംഗീകരിക്കലും സഹിഷ്ണുതയും കൂടി ഉൾപ്പെട്ടതാണെന്നും രാഷ്ട്രപതി പറഞ്ഞു.

ജെഎൻയു, ഹൈദരാബാദ് സർവകലാശാല വിഷയങ്ങൾ പാർലമെന്റിന്റെ പ്രക്ഷുബ്ധമാക്കിയിരിക്കുമ്പോഴാണു കോട്ടയത്ത് രാഷ്ട്രപതിയുടെ പരാമർശം. സ്വഭാവ രൂപീകരണം, സഹിഷ്ണുത, ബഹുസ്വരത എന്നിവ പുലർത്തുന്നവയാകണം ഉന്നത വിദ്യാഭ്യാസം. തക്ഷശിലയുടെ കാലം മുതലേ ഇന്ത്യ ഇക്കാര്യത്തിൽ മാതൃകയാണ്. ഒരൊറ്റ ഇന്ത്യയിലേക്ക് യുവജനതയെ നയിക്കാൻ വിദ്യാഭ്യാസത്തിന് കഴിയണമെന്നും രാഷ്ട്രപതി പറഞ്ഞു.

രണ്ടു ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി പ്രണബ് മുഖർജി ഇന്നാണു കേരളത്തിലെത്തിയത്. കൊച്ചിയിൽനിന്നു കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലെത്തിയ രാഷ്ട്രപതി റോഡ്മാർഗമാണു സമ്മേളനവേദിയായ സി.എം.എസ്. കോളജ് മൈതാനത്തെത്തിയത്. പൂർവവിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ 12 കോടി രൂപ മുടക്കി നിർമ്മിക്കുന്ന ദ്വിശതാബ്ദിസ്മാരക കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാഷ്ട്രപതി നിർവഹിച്ചു.

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എറണാകുളത്തും തൃശൂരും കോട്ടയത്തും അതീവ സരുക്ഷയാണുള്ളത്.

സിഎംഎസ് കോളേജിലെ പരിപാടിക്കുശേഷം കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെത്തുന്ന രാഷ്ട്രപതി ഗുരുവായൂരിലേക്കു പോകും. വൈകിട്ട് ശ്രീകൃഷ്ണകോളേജിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന രാഷ്ട്രപതി ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. ക്ഷേത്ര ദർശനം നടത്തി ഗുരുവായൂരിൽനിന്നു മടങ്ങും. തുടർന്ന് ബോൾഗാട്ടി പാലസ് കൺവെൻഷൻ സെന്ററിൽ സംസ്ഥാന ഗവൺമെന്റ് ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ പീനൽകോഡിന്റെ 155ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. വിലിങ്ടൺ ഐലൻഡിലെ ടാജ് വിവാന്റ ഹോട്ടലിലാണു രാഷ്ട്രപതിയുടെ താമസം.

ശനിയാഴ്ച രാവിലെ കൊടുങ്ങല്ലൂരിലേക്ക് പോകുന്ന രാഷ്ട്രപതി പുല്ലൂറ്റ് കെ.കെ.ടി.എം കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ വന്നിറങ്ങും. തുടർന്ന് മുസ് രിസ് പൈതൃക പദ്ധതി ഒന്നാം ഘട്ടം ഉദ്ഘാടനംചെയ്യും. ഇതിന് ശേഷം കോഴിക്കോട്ടത്തെി സൈബർ പാർക്ക് ഉദ്ഘാടനവും നിർവഹിച്ചശേഷം ഡൽഹിക്ക് മടങ്ങും. രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി എറണാകുളം നഗരത്തിൽ രണ്ടുദിവസം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ശക്തമായ സുരക്ഷാസന്നാഹവും ഒരുക്കിയിട്ടുണ്ട്.

സിഎംഎസ് കോളേജിനു പൈതൃക പദവി

തിനിടെ, സിഎംഎസ് കോളജിന് യുജിസിയുടെ പ്രത്യേക പൈതൃക പദവി ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. പ്രത്യേക പൈതൃക പദവി ലഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ കോളജാണ് സിഎംഎസ് കോളജ്. തലശേരി ബ്രണ്ണൻ കോളേജാണു പൈതൃക പദവി ലഭിച്ച കേരളത്തിലെ ആദ്യ കോളേജ്. നൂറുവർഷം പൂർത്തിയാക്കുന്ന കോളജുകൾക്കാണ് യുജിസി പ്രത്യേക പൈതൃക പദവി നൽകുന്നത്. ഇതുപ്രകാരം പ്രത്യേക സാമ്പത്തിക സഹായവും കോളജുകൾക്കു ലഭിക്കും. പൈതൃക സ്മാരകങ്ങളായ കെട്ടിടങ്ങളുടെ പഴയ തനിമ നിലനിർത്തി ബലപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനുമാണ് സാമ്പത്തിക സഹായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP