Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയതു പൊലീസ് പറഞ്ഞു പഠിപ്പിച്ച മൊഴി; ബലാത്സംഗം നടന്നില്ല എന്നു മജിസ്‌ട്രേറ്റിനോടു പറഞ്ഞിട്ടില്ല; പരാതി തൽകാലം പിൻവലിക്കുന്നുവെന്നു പറഞ്ഞതു ജീവനു ഭീഷണി ഉള്ളതിനാൽ: യുവതിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

മജിസ്‌ട്രേറ്റിനു മുന്നിൽ നൽകിയതു പൊലീസ് പറഞ്ഞു പഠിപ്പിച്ച മൊഴി; ബലാത്സംഗം നടന്നില്ല എന്നു മജിസ്‌ട്രേറ്റിനോടു പറഞ്ഞിട്ടില്ല; പരാതി തൽകാലം പിൻവലിക്കുന്നുവെന്നു പറഞ്ഞതു ജീവനു ഭീഷണി ഉള്ളതിനാൽ: യുവതിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം

തിരുവനന്തപുരം: വടക്കാഞ്ചേരി നഗരസഭയിലെ സിപിഐ(എം) കൗൺസിലർക്കെതിരായ പരാതി പിൻവലിച്ചതു ജീവനു ഭീഷണിയുള്ളതിനാലെന്നു യുവതി. ബലാത്സംഗം നടന്നിട്ടില്ലയെന്നു മജിസ്‌ട്രേറ്റിനോടു പറഞ്ഞിട്ടില്ല. പൊലീസ് പറഞ്ഞു പഠിപ്പിച്ച മൊഴിയാണു മജിസ്‌ട്രേറ്റിനു മുന്നിൽ പറഞ്ഞതെന്നും യുവതി പറഞ്ഞു.

വടക്കാഞ്ചേരി നഗരസഭയിലെ സിപിഐഎം കൗൺസിലർ പി എൻ ജയന്തനും മറ്റു മൂന്നുപേരുമാണെന്നാണു യുവതി വെളിപ്പെടുത്തിയത്. പരാതി നൽകാനെത്തിയ തങ്ങളോടു പട്ടികളോടെന്നപോലെയാണു പൊലീസ് പെരുമാറിയതെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. യുവതിയും ഭർത്താവും ഇന്നു തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം ഇങ്ങനെ:

പേരാമംഗലം പൊലീസിലാണു പരാതി നൽകിയത്. രണ്ടു വർഷം മുമ്പ് 2014ലെ സ്‌കൂൾ അവധി സമയത്തായിരുന്നു സംഭവം. ജയന്തനെക്കൂടാതെ ജിനീഷ്, ബിനീഷ്, ഷിബു എന്നിവരാണു തന്നെ ബലാത്സംഗം ചെയ്തത്. ഭർത്താവ് മദ്യപാനിയായിരുന്നു. ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഈ സമയത്ത് ഒരു ദിവസം വൈകിട്ട് വീട്ടിലെത്തിയ ജയന്തനും ഷിബുവും ജിനീഷും ബിനീഷും തന്നോട് ഭർത്താവിന്റെ അടുത്തേക്കു പോകണമെന്നും കൂടെ ചെല്ലണമെന്നും ആവശ്യപ്പെടുകയായിരുന്നു. എലൈറ്റ് ഹോസ്പിറ്റലിലേക്ക് എന്നു പറഞ്ഞു കൊണ്ടുപോയിട്ട് കൊടുങ്ങല്ലൂരിലേക്കുള്ള വഴിയിലെവിടെയോ ആളൊഴിഞ്ഞ വീട്ടിലാണു ബലാത്സംഗം ചെയ്തത്.

ഭർത്താവ് ചികിത്സ കഴിഞ്ഞു വന്നശേഷം നാളുകൾ കഴിഞ്ഞാണ് കാര്യം പറഞ്ഞത്. തുടർന്നു ഭർത്താവിന്റെ ആവശ്യപ്രകാരമാണ് പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി നൽകാനെത്തിയ തനിക്കു ക്രൂരമായ മാനസിക പീഡനമുണ്ടായി. ദിവസങ്ങളോളം രാവിലെ മുതൽ രാത്രി വരെ സ്റ്റേഷനിൽ പിടിച്ചിരുത്തി.

ഭാര്യയോടു വളരെ മോശമായാണു പൊലീസ് പെരുമാറിയതെന്നും ചോദ്യങ്ങൾ കേട്ട് താൻ മാനസികമായി തകർന്നെന്നും പട്ടികളോടെന്ന പോലെയായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും ഭർത്താവ് പറഞ്ഞു. 2016 ഓഗസ്റ്റ് പതിനാലാം തീയതിയാണു പരാതി നൽകിയത്. പേരാമംഗലം എസ്‌ഐയും സിഐയും ഇടപെട്ടിരുന്നു. അവർ പ്രശ്‌നം സംസാരിച്ചു റെഡിയാക്കിത്തരാമെന്നും പരാതിയുമായി മുന്നോട്ടു പോകരുതെന്നുമാണ് പറഞ്ഞത്.

പിന്നീട്, മജിസ്‌ട്രേറ്റിന്റെ മുന്നിൽ മൊഴിമാറണമെന്നു പറഞ്ഞു. പൊലീസ് തന്നെ പറഞ്ഞു പഠിപ്പിച്ചമൊഴിയാണ് മജിസ്‌ട്രേറ്റിനു മുന്നിൽ പറഞ്ഞത്. മൊഴി നൽകാൻ പോയപ്പോൾ ഭർത്താവിനെ കാറിൽ പിടിച്ചുവച്ചിരിക്കുകയായിരുന്നു. സംഭവം നടന്നിട്ടില്ല എന്നു താൻ മജിസ്‌ട്രേറ്റിനോടു പറഞ്ഞിട്ടില്ല. പരാതി തൽകാലം പിൻവലിക്കണമെന്നാണു പറഞ്ഞത്. തനിക്കും ഭർത്താവിനും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ ആഗ്രഹമുണ്ടായതിനാലാണു ഭീഷണിക്കു വഴങ്ങി പരാതിയിൽനിന്നു പിന്മാറിയത്.

പൊലീസ് സ്റ്റേഷനിൽ ചില നല്ല പൊലീസുകാരും ഉണ്ടായിരുന്നു. എന്നാൽ ചിലർ പട്ടികളോടെന്നപോലെയാണു തങ്ങളോടു പെരുമാറിയത്. ഇക്കാര്യത്തെ രാഷ്ട്രീയവൽകരിക്കരുത്. തനിക്കും ഭർത്താവിനും മക്കൾക്കും ജീവിക്കണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് പരാതിയിൽനിന്നു പിന്മാറുന്നതെന്നു മജിസ്‌ട്രേറ്റിനോടു പറഞ്ഞു. നടന്ന സംഭവമാണെന്നു പറഞ്ഞിരുന്നു. പക്ഷേ, സമ്മർദത്തിന്റെ പേരിൽ പിന്മാറുകയായിരുന്നു. പരാതി പിൻവലിച്ച ശേഷം വീട്ടിലേക്കു പോയിട്ടില്ല. ഇപ്പോഴും ജീവിക്കുന്നത് കടുത്ത പേടിയോടെയാണ്. സംഭവത്തെക്കുറിച്ചു മാദ്ധ്യമങ്ങളോടു പറയരുതെന്നാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. സംഭവത്തിൽ നടപടിയുണ്ടാകണം. എന്നാൽ, നാടുനീളെ തന്നെ കൊണ്ടുപോയി തെളിവെടുക്കരുതെന്നും അതിനു താൻ നിന്നുകൊടുക്കില്ലെന്നും യുവതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP