Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിഠായിതെരുവ് പരിപാലനത്തിന് സ്വകാര്യ ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനം; പരസ്യതെരുവാക്കരുതെന്ന് യു.ഡി.എഫ്

മിഠായിതെരുവ് പരിപാലനത്തിന് സ്വകാര്യ ഏജൻസികളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കാൻ തീരുമാനം; പരസ്യതെരുവാക്കരുതെന്ന് യു.ഡി.എഫ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മിഠായിതെരുവ് പരിപാലനത്തിന് സ്വകാര്യ ഏജൻസികളിൽ നിന്ന് താൽപര്യപത്രം സ്വീകരിക്കാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. മിഠായിതെരുവ് നവീകരണം പൂർത്തിയായി രണ്ടുവർഷത്തിനകം തന്നെ നശിച്ചുകൊണ്ടിരിക്കുകയാണ്. വിളക്കുകൾ കത്തുന്നില്ല. ശൗചാലയങ്ങളുടെ നിർമ്മാണവും നടന്നില്ല. ഇത്തരം സാഹചര്യത്തിലാണ് തെരുവിന്റെ പരിപാലനത്തിന് സ്വകാര്യ ഏജൻസികളിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുന്നത്. പദ്ധതി ഏറ്റെടുക്കുന്നവർക്ക് നിശ്ചിത സ്ഥലങ്ങളിൽ പരസ്യം സ്ഥാപിക്കാൻ അനുമതിയുണ്ടായിരിക്കും. എന്നാൽ, ഇത്തരത്തിൽ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് യു.ഡി.എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. മിഠായിതെരുവ് പരസ്യങ്ങളുടെ തെരുവായി മാറുമെന്ന് അഡ്വ.പി.എം നിയാസ് പറഞ്ഞു. സ്വകാര്യ ഏജൻസികളെ ക്ഷണിക്കുന്നതിൽ ദുരൂഹതയുണ്ട്.

ഏഴുകോടി രൂപ ചെലവഴിച്ചിട്ടും മിഠായിതെരുവിന്റെ പഴയ പ്രൗഢി വീണ്ടെടുക്കാൻ സാധിച്ചില്ല എന്നത് ഖേദകരമാണെന്ന് മുസ്ലിംലീഗ് അംഗം സയ്യിദ് മുഹമ്മദ് ഷമീൽ പറഞ്ഞു.അജണ്ടയിൽ പറയുന്നത് കോർപറേഷൻ ഭരണാധികാരികളുടെ കുറ്റസമ്മതമായി മാത്രമെ കാണാനാവു. അദ്ദേഹം ചൂണ്ടിക്കാട്ടി. പൈതൃകമായ പദ്ധതിയെ പരസ്യകമാനങ്ങളുടെ കേന്ദ്രമായി മാറ്റരുതെന്ന് യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. അലങ്കാരവിളക്കുകൾ മാത്രമല്ല, സാധാരണ തെരുവ് വിളക്കുകൾപോലും ഇവിടെ കത്തുന്നില്ല. വാഹനം പ്രവേശിക്കുന്നത് തടഞ്ഞതിനാൽ കച്ചവടമാന്ദ്യം അനുഭവിക്കുന്നതായി കെ.ടി ബീരാൻകോയ(ലീഗ്) പറഞ്ഞു.

മിഠായിതെരുവിൽ പരീക്ഷണമെന്ന നിലയിൽ വാഹനഗതാഗതം നിരോധിച്ചത് ആറുമാസത്തേക്കായിരുന്നു. എന്നാൽ ഇപ്പോൾ ഒരു വർഷം പിന്നിട്ടിട്ടും നിരോധനം നീക്കിയിട്ടില്ല. കെ.ടി ബീരാൻകോയ പറഞ്ഞു. ആയിരത്തിലേറെ ജീവനക്കാരും ജനപ്രതിനിധികളും മറ്റും ഉണ്ടായിട്ടും മിഠായിതെരുവിനെ സംരക്ഷിക്കാൻ സാധിക്കാതെ പോയത് ശരിയായില്ലെന്ന് എം. കുഞ്ഞാമുട്ടി(ലീഗ്) പറഞ്ഞു. സ്വകാര്യ ഏജൻസികളെ ഏ്ൽപിക്കുന്നതിന് പകരം കോർപറേഷൻ നേരിട്ട് തന്നെ മിഠായിതെരുവിന്റെ പരിപാലനവും സംരക്ഷണവും ഏറ്റെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. താൽപര്യപത്രം ക്ഷണിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മറ്റുള്ള കാര്യങ്ങളെല്ലാം കൗൺസിൽ ചർച്ച ചെയ്താണ് തീരുമാനിക്കുകയെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. വിളക്കുകൾ സ്ഥാപിക്കുക, ശൗചാലയങ്ങൾ പണിയുക, മ്യൂസിക് സിസ്റ്റം സ്ഥാപിക്കുക, സെക്യൂരിറ്റി സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കായാണ് സംരംഭകരിൽ നിന്ന് താൽപര്യപത്രം ക്ഷണിക്കുന്നത്.

ഉപയോഗശൂന്യമായ കോഴിയിറച്ചി റെയിൽവേ വഴി എത്തിയ സംഭവം ഗൗരവത്തോടെ കാണണമെന്ന് സയ്യിദ് മുഹമ്മദ് ഷമീൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു. മത്സ്യവും മാംസവും റെയിൽവേ വഴി എത്തുന്നത് പരിശോധിക്കാൻ സംവിധാനമില്ല. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ഹെൽത്ത് സ്‌ക്വാഡും ശ്രദ്ധിക്കുന്നില്ല. ചത്ത കോഴികളുടെ ഇറച്ചിവരെ എത്തുകയാണ്. കെ.എം റഫീഖും ഇതേ വിഷയത്തിൽ ശ്രദ്ധക്ഷണിച്ചു. അമിതലാഭം പ്രതീക്ഷിച്ചാണ് ഇത്തരത്തിൽ വ്യാപാരത്തിന് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്ന് ആരോഗ്യസ്ഥിരംസമിതി ചെയർമാൻ കെ.വി ബാബുരാജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ സൂപ്രണ്ടിന് പരാതി നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ല. ഇക്കാര്യത്തിൽ റെയിൽവേ ബോർഡ് ചെയർമാന് കത്തയക്കുമെന്ന് മേയർ അറിയിച്ചു.

വെള്ളയിൽ ജി.എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന അംഗനവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സൗകര്യമൊരുക്കണമെന്ന് സൗഫിയഅനീഷ് (ലീഗ്) ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിൽ ആവശ്യപ്പെട്ടു. കെട്ടിടം നിർമ്മിക്കാൻ ശ്രമം നടന്നുവെങ്കിലും സ്‌കൂളിലെ പ്രധാന അദ്ധ്യാപിക അതിന് തടസ്സം നിൽക്കുകയാണ്. നിരവധി കുട്ടികൾ പഠിക്കുന്ന അംഗനവാടിയുടെ പ്രവർത്തനം തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്. കെട്ടിടനിർമ്മാണത്തിന് അനുവദിച്ച പണം ലാപ്സായ സാഹചര്യം ഉണ്ടായതായി സി. അബ്ദുറഹിമാൻ പറഞ്ഞു. 16 വർഷമായി അംഗനവാടി സ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പി. കിഷൻചന്ദ് പറഞ്ഞു. പ്രധാനാധ്യാപികയുടെ മർക്കടമുഷ്ടിയാണ് പ്രശ്നങ്ങൾ വഷളാക്കുന്നത്. ഏതായാലും ഈ വിഷയത്തിൽ എംഎ‍ൽഎ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, പി.ടി.എ എന്നിവരുടെ യോഗം തന്റെ നേതൃത്വത്തിൽ വിളിച്ചുചേർക്കുമെന്ന് മേയർ അറിയിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP