സ്വകാര്യ ബസ് ദേഹത്ത് കയറിയിറങ്ങി വിമുക്തഭടൻ മരിച്ചു; ആൾ ബസിനടിയിൽ കുടുങ്ങിയെന്ന് മനസ്സിലായ ബസ് ജീവനക്കാർ ഇറങ്ങിയോടി: സ്വകാര്യ ബസുകളുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാർ
November 20, 2019 | 05:52 AM IST | Permalink

സ്വന്തം ലേഖകൻ
കൊച്ചി: സ്വകാര്യബസ് ദേഹത്ത് കയറിയിറങ്ങി വിമുക്ത ഭടൻ മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ അശ്രദ്ധമായി കയറി വന്ന സ്വകാര്യ ബസ് ഇടിച്ച് പത്തനംതിട്ട കടമാൻകുളം സ്വദേശി കെ.ജെ.മത്തായി ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് സ്വകാര്യബസുകളുടെ അശ്രദ്ധമായ ഡ്രൈവിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് അപകടമുണ്ടായത്.
സൈനിക കാന്റീനിൽ പോകുന്നതിനായി എത്തിയ മത്തായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അശ്രദ്ധമായി കയറിവന്ന സ്വകാര്യബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മത്തായി ബസിനടിയിൽപ്പെട്ടതോടെ ബസ് ജീവനക്കാർ ഇറങ്ങിയോടി. തുടർന്ന് നാട്ടുകാർ ബസ് തള്ളി നീക്കിയശേഷം പരുക്കേറ്റയാളെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരൂർ എറണാകുളം സർവീസ് നടത്തുന്ന ഫിർദോസ് എന്ന ബസാണ് അപകടമുണ്ടാക്കിയത്. പ്രദേശത്ത് സ്വകാര്യബസുകളുണ്ടാക്കുന്ന അപകടങ്ങൾ കൂടുകയാണെന്ന് പൊലീസും പറയുന്നു.
വളഞ്ഞമ്പലത്തിന് സമീപത്തെ വളവിൽനിന്ന് ആളുകളെ കയറ്റുന്നതിനായി സ്വകാര്യബസുകൾ നടത്തുന്ന മത്സരപ്പാച്ചി ൽമൂലം അപകടങ്ങൾ പതിവാണ്. സ്കൂളിന് മുന്നിലെ മത്സരയോട്ടത്തിനെതിരെ നാട്ടുകാർ പരാതിപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടുമില്ല. ഇതോടെയാണ് ഇന്നലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.