Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ചർച്ച ചെയ്തില്ല; പ്രതിപക്ഷം മണിക്കൂറുകളോളം കൊച്ചി മേയറെ ഉപരോധിച്ചു; ഒടുവിൽ മേയറെ പുറത്തിറക്കാൻ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ചർച്ച ചെയ്തില്ല; പ്രതിപക്ഷം മണിക്കൂറുകളോളം കൊച്ചി മേയറെ ഉപരോധിച്ചു; ഒടുവിൽ മേയറെ പുറത്തിറക്കാൻ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി

കൊച്ചി: ഫോർട്ടുകൊച്ചി ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷൻ മേയർ ടോണി ചമ്മിണിയെ പ്രതിപക്ഷാംഗങ്ങൾ ചേംബറിൽ തടഞ്ഞുവച്ചു. മണിക്കൂറുകളോളം ചേംബറിൽ കുടുങ്ങിയ മേയറെ പുറത്തിറക്കാൻ ഒടുവിൽ പൊലീസെത്തി എൽഡിഎഫ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. അതിനിടെ, ജുഡിഷ്യൽ അന്വേഷണത്തിന്റെ കാര്യം അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉറപ്പുനൽകി.

രാവിലെ കൗൺസിൽ യോഗം തുടങ്ങിയപ്പോൾ തന്നെ മേയറെ പ്രതിപക്ഷം ചേംബറിൽ തടയുകയായിരുന്നു. രാവിലെ തുടങ്ങിയ പ്രതിഷേധം ഏകദേശം രാത്രി ഒമ്പതുവരെ നീണ്ടു. ഐക്യദാർഢ്യവുമായി ഇടതുപക്ഷ പ്രവർത്തകർ കോർപറേഷൻ ഓഫീസിനു മുന്നിലും പ്രതിഷേധം നടത്തി.

മേയർ ടോണി ചമ്മിണിയെ ചേംബറിൽ നിന്ന് ഇറങ്ങാൻ പോലും അനുവദിക്കാതെയാണ് പ്രതിപക്ഷ കൗൺസിലർമാർ കടുത്ത പ്രതിഷേധം നടത്തിയത്. പ്രതിഷേധം തുടരുന്നതിനിടെ യുഡിഎഫ് കൗൺസിലർ തലകറങ്ങി വീണു. ഇടക്കൊച്ചിയിൽ നിന്നുള്ള കൗൺസിലർ കർമലി ആന്റണിയാണ് കുഴഞ്ഞുവീണത്. ശക്തമായ പ്രതിഷേധം ഇടതുപക്ഷം ഉയർത്തിയപ്പോൾ പ്രതിരോധിക്കാനാകാതെ വന്ന മേയറെ രക്ഷിക്കാൻ പൊലീസ് രംഗത്തിറങ്ങുകയായിരുന്നു. എൽഡിഎഫ് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കിയാണ് മേയറെ പൊലീസ് സഹായിച്ചത്.

ഫോർട്ടു കൊച്ചി ബോട്ടു ദുരന്തത്തിന്റെ കാര്യത്തിൽ സർക്കാരിന്റെയും കൊച്ചി കോർപറേഷന്റെയും നിഷേധാത്മക നിലപാടിനെതിരെ എൽഡിഎഫ് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹസമരം അഞ്ചു ദിവസം പിന്നിട്ടിരുന്നു. നാടിനെ നടുക്കിയ ബോട്ട് ദുരന്തത്തിന്റെ കാര്യത്തിൽ ഇത്രയും പ്രതിഷേധങ്ങൾ ഉയർന്നിട്ടും കോർപ്പറേഷൻ മൗനം പാലിക്കുന്നതാണ് മേയറെ തടഞ്ഞുവെയ്ക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കോർപറേഷൻ പ്രതിപക്ഷനേതാവ് കെ ജെ ജേക്കബ്, സിപിഐ പാർലമെന്ററി പാർട്ടി നേതാവ് സി എ ഷക്കീർ എന്നിവരാണ് നിരാഹാരം കിടന്നത്.

ബോട്ടപകടത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഇടതുപക്ഷ അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാൻ മേയർ തയാറായില്ല. തുടർന്നാണു പ്രതിപക്ഷാംഗങ്ങൾ മേയറെ ഉപരോധിച്ചത്. ഇതോടെ യോഗം തടസപ്പെട്ടു.

കൗൺസിൽ യോഗം വിളിച്ചത് സ്മാർട് സിറ്റിയെക്കുറിച്ചു മാത്രം ചർച്ച ചെയ്യാനാണ് എന്നായിരുന്നു മേയറുടെ നിലപാട്. എന്നാൽ, ബോട്ടപകടം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടപ്പോൾ മറ്റൊന്നും അജൻഡയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി മേയർ യോഗം അവസാനിപ്പിക്കാൻ ശ്രമിച്ചു. തുടർന്നാണ് ഇടതുപക്ഷ അംഗങ്ങൾ മേയറെ ഉപരോധിച്ചത്.

കാര്യം അറിഞ്ഞു കൂടുതൽ ഇടതുപക്ഷ പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക് എത്തി. ഇവർ ഓഫീസിനു മുന്നിൽ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചതോടെ കൂടുതൽ പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ ശ്രമിച്ചു. ജുഡീഷ്യൽ അന്വേഷണമില്ലാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. ഇന്നത്തെ ഈ യോഗത്തിൽ ജൂഡീഷ്യൽ അന്വേഷണം ചർച്ചയാകുമെന്നായിരുന്നു സൂചനയെങ്കിലും മേയർ വിസമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP