Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മംഗളം ശശീന്ദ്രനെതിരെ വാർത്ത പുറത്തുവിട്ടത് ഒരു മാധ്യമമര്യാദയും പാലിക്കാതെ; മുന്മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയുന്ന സ്ത്രീയാരാണെന്ന് ചാനൽ വെളിപ്പെടുത്താത്തത് എന്ത്? ഇത്തരമൊരു സംഭാഷണത്തിന്റെ പൊതുതാൽപര്യമെന്ത്? സ്വകാര്യതകളിലേക്ക് കടന്നുകയറുന്ന മംഗളത്തിന്റെ കണ്ണുകൾ കെട്ടിപ്പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാധ്യമ-സാംസ്‌കാരിക പ്രവർത്തകർ

മംഗളം ശശീന്ദ്രനെതിരെ വാർത്ത പുറത്തുവിട്ടത് ഒരു മാധ്യമമര്യാദയും പാലിക്കാതെ; മുന്മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയുന്ന സ്ത്രീയാരാണെന്ന് ചാനൽ വെളിപ്പെടുത്താത്തത് എന്ത്? ഇത്തരമൊരു സംഭാഷണത്തിന്റെ പൊതുതാൽപര്യമെന്ത്? സ്വകാര്യതകളിലേക്ക് കടന്നുകയറുന്ന മംഗളത്തിന്റെ കണ്ണുകൾ കെട്ടിപ്പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മാധ്യമ-സാംസ്‌കാരിക പ്രവർത്തകർ

തിരുവനന്തപുരം: മുന്മന്ത്രി ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച വാർത്ത പുറത്തുവിട്ട മംഗളം ചാനൽ അപകീർത്തികരമായ മാധ്യമപ്രവർത്തനമാണ് നടത്തിയതെന്ന് വ്യക്തമാക്കി പ്രമുഖ മാധ്യമ-സാംസ്‌കാരിക പ്രവർത്തകർ. മന്ത്രിയുടെ ശബ്ദം മാത്രം വെളിപ്പെടുത്തി ഒരു സ്വകാര്യസംഭാഷണം പുറത്തുവിട്ടത് അങ്ങേയറ്റം ഹീനമായ മാധ്യമ പ്രവർത്തനമാണെന്നും ശബ്ദം മന്ത്രിയുടേതാണോ എന്നുപോലും വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംയുക്ത പ്രസ്താവനയിൽ പ്രമുഖരായ സാംസ്‌കാരിക-മാധ്യമ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്.

ഈ വിഷയത്തിൽ ശക്തമായ രീതിയിൽ അന്വേഷണം നടക്കണമെന്നും ചാനലിനെതിരെ നടപടിയുണ്ടാവണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. പ്രശ്നം നിശിതമായ വിലയിരുത്തലിനും കർക്കശ അന്വേഷണത്തിനും വിധേയമാക്കണം. ഇത്തരമൊരു വാർത്ത സംപ്രേഷണം ചെയ്തുകൊണ്ട് ചാനൽ മലയാളിയുടെ ഇപ്പോൾത്തന്നെ അപകടകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന പൊതുബോധത്തെ ചോദ്യംചെയ്തിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ടിജെഎസ് ജോർജ്, ബിആർപി ഭാസ്‌കർ, ടിവിആർ ഷേണായ്, എസ് ജയചന്ദ്രൻ നായർ, എൻആർഎസ് ബാബു, എംകെ സാനു, എംജിഎസ് നാരായണൻ, സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, ശശികുമാർ, സാറാജോസഫ്, പികെ അഷിത, ഗ്രേസി, അനിത തമ്പി, റോസ് മേരി, പ്രിയ എഎസ്, കെആർ മീര, ശ്രീബാലാ കെ മേനോൻ, മാലാ പാർവതി, ആനന്ദ്, സച്ചിദാനന്ദൻ, എം.മുകുന്ദൻ, സക്കറിയ, എൻഎസ് മാധവൻ, സി രാധാകൃഷ്ണൻ, ബി രാജീവൻ, എംഎൻ കാരശ്ശേരി, സിവി ബാലകൃഷ്ണൻ, സുനിൽ പി ഇളയിടം, സെബാസ്റ്റ്യൻ പോൾ, സി ഗൗരീദാസൻ നായർ, എൻ.പി രാജേന്ദ്രൻ, കെ വേണു, ആഷാ മേനോൻ, സന്തോഷ് എച്ചിക്കാനം, ആർ ഉണ്ണി, ശത്രുഘ്നൻ എന്നിവരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിട്ടുള്ളത്.

ചാനൽ ഇത്തരമൊരു വാർത്ത സംപ്രേഷണം ചെയ്തത് ബ്രോഡ്കാസ്റ്റിങ് നിയമങ്ങളുടെ ലംഘനമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ സമൂഹത്തിലെ പ്രമുഖരുൾപ്പെടെ നിരവധിപേർ മംഗളത്തിന്റെ മാധ്യമപ്രവർത്തനത്തിനെതിരെ രംഗത്തുവരികയും ചെയ്യുന്നുണ്ട്. കടുത്ത നടപടി ചാനലിനെതിരെ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാകുന്നതോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചാനലിനെതിരെ നടപടിയെടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

പ്രസ്താവനയുടെ പൂർണരൂപം:

മുൻ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഒരു സ്ത്രീയുമായി നടത്തിയെന്ന് പറയപ്പെടുന്ന സ്വകാര്യ സംഭാഷണം മന്ത്രിയുടേത് എന്ന് പറയപ്പെടുന്ന ശബ്ദരേഖ മാത്രം ഉപയോഗിച്ച് (സ്ത്രീയുടെ ശബ്ദമില്ല) ഒരു ടിവി ചാനൽ സംപ്രേഷണം ചെയ്തത് മന്ത്രിയുടെ രാജിയിൽ കലാശിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പ്രസ്താവിച്ചത് അനുസരിച്ച് ഇക്കാര്യത്തിൽ ഒരു പരാതിയോ പരാതിക്കാരിയോ ഇല്ല. സംഭാഷണത്തിലെ ശബ്ദം മന്ത്രിയുടേതാണോ എന്നും വ്യക്തമല്ല. ഫോൺ ചോർത്തുന്നത് കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിയുടെ രാജി സ്വീകരിച്ച് മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മറ്റേതൊരു രാഷ്ട്രീയ വിവാദത്തേയും പോലെ ഇതും കെട്ടടങ്ങനാണ് സാധ്യത. എന്നാൽ അങ്ങനെ ഈ പ്രശ്നം അവസാനിക്കുന്നത് ആ വാർത്ത ഉയർത്തിയ മാധ്യമ നൈതികതയുടേയും വ്യക്തിസ്വാതന്ത്ര്യത്തിന്റേയും പ്രശ്നങ്ങളോടുള്ള നിരുത്തരവാദപരമായ കണ്ണടയ്ക്കലാകുമെന്ന് ഞങ്ങൾ കരുതുന്നു. ഈ പ്രശ്നം നിശിതമായ വിലയിരുത്തലിനും കർക്കശമായ അന്വേഷണത്തിനും വിധേയമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ഇത്തരമൊരു വാർത്ത സംപ്രേഷണം ചെയ്തതിലൂടെ പ്രസ്തുത ചാനൽ മലയാളിയുടെ ഇപ്പോൾത്തന്നെ അപകടകരമായ അവസ്ഥകളിലൂടെ കടന്നുപോകുന്ന പൊതുബോധത്തെ ചോദ്യം ചെയ്തിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾ അടക്കമുള്ളവർ കാണുന്ന ഒരു വാർത്താമാധ്യമത്തിന്റെ മര്യാദകൾ പാലിച്ചില്ലെന്ന് മാത്രമല്ല, ഓരോ വാർത്തയ്ക്കും ഉണ്ടായിരിക്കേണ്ട വസ്തുനിഷ്ഠതയും സത്യബോധവും കൈയൊഴിയുകയും ചെയ്തിരിക്കുന്നു.

മുന്മന്ത്രി ഫോണിലൂടെ സംസാരിച്ചതായി പറയപ്പെടുന്ന സ്ത്രീയാരെന്ന് ചാനൽ പറയുന്നില്ല. ഉഭയസമ്മതപ്രകാരം നടന്നതെന്ന് കരുതേണ്ട ഒരു ടെലിഫോൺ സംഭാഷണം ആണ് ഇതെന്നതിന്റെ സൂചനകൾ ഉണ്ടുതാനും. അങ്ങനെയെങ്കിൽ രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് പറയപ്പെടുന്ന ഇത്തരമൊരു സംഭാഷണത്തിന്റെ പൊതുതാൽപര്യം എന്താണ്? അധികാര സ്ഥാനത്ത് ഇരിക്കുന്നവരെ വിമർശനാത്മകമായി നിരീക്ഷിക്കുന്നതിന് തീർച്ചയായും മാധ്യമങ്ങൾക്ക് ഉത്തരവാദിത്തം ഉണ്ട്. എന്നാൽ സാമൂഹികാംഗീകൃതമായ ആ അധികാരം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഹീനമായ കടന്നുകയറ്റം ആയിക്കൂടാ. പ്രാകൃതമായ സദാചാരപൊലീസ് മനഃശ്ശാസ്ത്രം മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നത് സമൂഹത്തിന് ആപൽക്കരമാണ്.

ചാനലിന് ഈ ടെലിഫോൺ സംഭാഷണം യഥാർത്ഥമാണെങ്കിൽ എങ്ങനെ ലഭിച്ചു എന്ന ചോദ്യവും ഉയരുന്നു. യഥാർത്ഥമാണെങ്കിൽ ഇതുവരെ ഒരു പരാതിക്കാരി ഉണ്ടായിട്ടില്ല. വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്താൻ വളരെ പരിമിതമായ അധികാരം മാത്രമേ രാജ്യത്തെ സുരക്ഷാ ഏജൻസികൾക്ക് പോലും ഉള്ളൂ. സംഭാഷണം യഥാർത്ഥമാണെങ്കിൽ, ഒരു പരാതിക്കാരി അല്ലാതെ മറ്റാരെങ്കിലുമാണ് അത് ചോർത്തിയതെങ്കിൽ, അത് ക്രിമിനൽ കുറ്റമാണ്. ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഇനിയഥവാ അത് കെട്ടിച്ചമച്ചതാണെങ്കിൽ അതും ഗുരുതരമായ കുറ്റമാണ്. ഇത്തരം കാര്യങ്ങളെല്ലാം വെളിച്ചത്തുകൊണ്ടുവരാൻ ഉതകുന്ന അന്വേഷണമാണ് ഇക്കാര്യത്തിൽ ആവശ്യം.

ഈ വാർത്തയും അത് ഉയർത്തി വിട്ടിട്ടുള്ള ചോദ്യങ്ങളും ഭരണകൂടത്തിൽ നിന്ന് ആവശ്യപ്പെടുന്നത് ഉപരിപ്ളവവും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയുമുള്ള പരിഹാരങ്ങളല്ല. അധികാര ദുർവിനിയോഗത്തിന്റേയും ഭരണകൂട ഭീകരതകളുടേയും ഇക്കാലത്ത് മാധ്യമങ്ങൾ നിർവഹിക്കേണ്ട ദൗത്യം ഒളിഞ്ഞുനോട്ടത്തിന്റേതോ വ്യക്തി സ്വാതന്ത്ര്യഹത്യയുടേതോ അല്ല. ഈ കാലം ആവശ്യപ്പെടുന്നത് നിശിതമായ ജാഗ്രതയും തീക്ഷ്്ണമായ നീതിബോധവുമുള്ള അന്വേഷണങ്ങളാണ്. അത്തരം ഉത്തരവാദിത്തങ്ങളും ലക്ഷ്യങ്ങളും പരാജയപ്പെടുമ്പോൾ തോൽക്കുന്നത് മലയാളി മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യ-സ്വാതന്ത്ര്യ സങ്കൽപവുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP