Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരട് മോഡലിൽ അൻവർ എംഎ‍ൽഎയുടെ തടയണയും പാർക്കും പൊളിക്കണം; ഗുണ്ടാബലം കൊണ്ട് നിയമലംഘനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും കഥാകൃത്ത് പി. സുരേന്ദ്രൻ; എം.എൻ.കാരശേരി അടക്കമുള്ള സാംസ്‌കാരിക പ്രവർത്തകരെ അക്രമിച്ചതിനെതിരെ യൂത്ത് വോയിസിന്റെ പ്രതിഷേധ സംഗമം

മരട് മോഡലിൽ അൻവർ എംഎ‍ൽഎയുടെ തടയണയും പാർക്കും പൊളിക്കണം; ഗുണ്ടാബലം കൊണ്ട് നിയമലംഘനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും കഥാകൃത്ത് പി. സുരേന്ദ്രൻ; എം.എൻ.കാരശേരി അടക്കമുള്ള സാംസ്‌കാരിക പ്രവർത്തകരെ അക്രമിച്ചതിനെതിരെ യൂത്ത് വോയിസിന്റെ പ്രതിഷേധ സംഗമം

ജംഷാദ് മലപ്പുറം

മലപ്പുറം: മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കുന്ന മാതൃകയിൽ പി.വി അൻവറിന്റെ കക്കാടംപൊയിലിലെ അനധികൃത തടയണയും പാർക്കുമടക്കമുള്ളവ പൊളിച്ചുനീക്കണമെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ. ഗുണ്ടാബലം കൊണ്ട് നിയമലംഘനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കക്കാടംപൊയിലിലെ അനധികൃത നിർമ്മാണങ്ങൾ കാണാനെത്തിയ സാംസ്കാരിക പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ സാംസ്കാരിക കേരളത്തിനൊപ്പം യൂത്ത് വോയിസ് ചന്തക്കുന്നിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. അൻവറിന്റെ നിയമലംഘനങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ.എം ഷാജഹാൻ പറഞ്ഞു. ഇന്ത്യക്ക് ഭരണഘടനയും നീതിന്യായ സംവിധാനവുമുണ്ടെന്ന് അൻവർ മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി അജ്മൽ ആധ്യക്ഷം വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മൂർക്കൻ കുഞ്ഞു, അഷ്‌റഫ് കുഴിമണ്ണ, അനീഷ് കാറ്റാടി, വിനോദ് കരിമ്പനക്കൽ, സി. ഷെബീർ പ്രസംഗിച്ചു.

അതേ സമയം കക്കാടംപൊയിലിൽ പി.വി അൻവർ എംഎ‍ൽഎയുടെ അനധികൃത നിർമ്മാണങ്ങൾ കാണാനെത്തിയ എം.എൻ കാരശേരിയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വെണ്ടേക്കുംപൊയിലിൽ അമ്പത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പാർട്ടി വിട്ട് സിപിഐയിൽ ചേർന്നിരുന്നു. തടയണയും പാർക്കും ക്വാറിയും റിസോർട്ടുകളുമടക്കമുള്ള അനധികൃത നിർമ്മാണങ്ങൾ കാണാൻ സാംസ്കാരിക പ്രവർത്തകരെ വീണ്ടും ക്ഷണിക്കുകയും അവർക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുമെന്നും ഇക്കൂട്ടർ വ്യക്തമാക്കുകയും ചെയ്തു. കക്കാടംപൊയിലിൽ വെണ്ടേക്കുംപൊയിൽ മേഖലയിലെ പാർട്ടി നേതാക്കൾ പി.വി അൻവർ എം.എൽ.യുടെ വാടകഗുണ്ടകളും ക്വട്ടേഷൻ സംഘവുമായി പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും വ്യക്തമാക്കി. വെണ്ടേക്കുംപൊയിൽ, കരിമ്പ് ആദിവാസി കോളനിക്കാരുടെ കുടിവെള്ളംപോലും മുട്ടിച്ചാണ് ചീങ്കണ്ണിപ്പാലിയിൽ കാട്ടരുവിക്ക് കുറുകെ തടയണകെട്ടിയത്. വാട്ടർതീം പാർക്ക്, റിസോർട്ടുകൾ, പന്നി ഫാം, കുടിവെള്ള ഫാക്ടറി തുടങ്ങിയ നിരവധി പാരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പല തവണ പരാതി പറഞ്ഞിട്ടും നേതൃത്വം ഇടപെട്ടില്ല. പി.വി അൻവർ എംഎ‍ൽഎ പാർട്ടിയുടെ വരുമാന സ്രോതസാണെന്നും അദ്ദേഹത്തിനെതിരെ ഒരു പ്രവർത്തനവും പാടില്ലെന്ന ഭീഷണിയും താക്കീതുമാണ് നൽകിയത്.

പി.വി അൻവറിന്റെ കൂലിക്കാരായ ഗുണ്ടകളും പ്രാദേശിക നേതൃത്വവും ചേർന്ന് ഒരു വിഭാഗം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് ആക്രമണം നടത്തിയത്. അനധികൃത റിസോർട്ട്, ക്വാറി, പന്നിഫാം മാഫിയകളും ഇവർക്കൊപ്പം ചേരുകയായിരുന്നു. സാംസ്കാരിക പ്രവർത്തകർക്ക് വെണ്ടേക്കുംപൊയിലിലെ ഗദ്ദിക വായനശാലയിൽ ഉച്ചഭക്ഷണമൊരുക്കിയതിന് ഞങ്ങൾക്കെതിരെ ഭീഷണിയുണ്ടായിരുന്നു.
പരിസ്ഥിതി, സാംസ്കാരിക പ്രവർത്തകരുടെ അന്വേഷണയാത്ര കക്കാടംപൊയിലിൽ ടൂറിസം വികസനത്തിന് എതിരാണെന്നും അൻവറിന്റെ പാർക്ക് പൂട്ടിയതോടെ തൊഴിൽ നഷ്ടമായെന്നുമുള്ള വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കക്കാടംപൊയിൽ മേഖലയിൽ ആയിരത്തോളം പേരാണ് താമസിക്കുന്നത്. ഇവിടുത്തെ ഫാമുകളിലും നിർമ്മാണ മേഖലകളിലുംമറ്റുമായി അഞ്ഞൂറോളം ഇതരസംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്നുണ്ട്. നാട്ടുകാർ ജോലിചെയ്യാൻ തയ്യാറാകാത്തതുകൊണ്ടാണ് ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ടി വരുന്നത്. ആദിവാസികളായ തൊഴിലാളികൾക്ക് കേവലം 300 രൂപവരെ മാത്രം നൽകി അടിമ വേല ചെയ്യിക്കുന്നുമുണ്ട്. ഗദ്ദിക വായനശാലക്കു നേരെ നേരത്തെ പി.വി അൻവറിന്റെ ഗുണ്ടാസംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണമുണ്ടായിരുന്നു. ആദിവാസി സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ പോലും മർദ്ദിച്ചു. ആദിവാസി മേഖലയിൽ സന്നദ്ധസേവനം നടത്തുന്ന മിത്രജ്യോതി സംഘടനയുടെ ചെയർമാൻ അജു കോലോത്തിനെ തലക്കടക്കം അടിച്ച് ഭീകരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അബോധാവസ്ഥയിൽ മാസങ്ങളോളം ചികിത്സക്കുശേഷമാണ് അജു ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോഴും ചികിത്സ തുടരുകയാണ്. ഈ അക്രമണത്തിന് നേതൃത്വം നൽകിയവരെ അറസ്റ്റ് ചെയ്യാൻപോലും പൊലീസ് തയ്യാറായിട്ടില്ല. ഇവിടുത്തെ ആദിവാസി കോളനികളിലെ രണ്ട് ദുരൂഹമരണങ്ങളും കൊലപാതകമാണെന്ന് പരാതിയുണ്ട്. ഇതിന്റെ അന്വേഷണം അരീക്കോട് പൊലീസ് അട്ടിമറിക്കുകയാണ്.

വെണ്ടേക്കുംപൊയിലിൽ സിപിഎം പ്രാദേശിക നേതാവ് ഉത്രാടംപുഴ കൈയേറിയാണ് ഹോട്ടൽപണിതിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോൻസി ബിജു അടക്കമുള്ളവർ മറ്റിടങ്ങളിലെ ഗുണ്ടകൾക്ക് ഇവിടെ സുരക്ഷിത താവളമൊരുക്കുന്നുണ്ട്. സാംസ്കാരിക അന്വേഷണ യാത്ര ആക്രമിക്കുന്നതിനായി തലേദിവസം റിസോർട്ടിൽ പ്രാദേശിക നേതാക്കളുടെയും പഞ്ചായത്തംഗത്തിന്റെയും നേതൃത്വത്തിൽ രഹസ്യയോഗവും നടത്തിയിരുന്നു. ഇരുപതോളം ഗുണ്ടകളെയാണ് ഇവിടെ കൊണ്ടുവന്നത്.
കക്കാടംപൊയിലിൽ ഗുണ്ടാ മാഫിയ ആക്രമണം തുടർക്കഥയാവുകയാണ്. അതിന്റെ അവസാനത്തെ ഇരകളാണ് സാംസ്കാരിക പരിസ്ഥിതി പ്രവർത്തകർ. വനിതാ മാധ്യമപ്രവർത്തകക്കുനേരെ അക്രമം നടത്തിയതും അൻവറിന്റെ ഗുണ്ടാസംഘമായിരുന്നു. കക്കാടംപൊയിൽ കാണാനെത്തിയ ചെറുപ്പക്കാരെയും ഇവിടുത്തെ കച്ചവടക്കാരെയും നാട്ടുകാരെയും വരെ പല തവണ ആക്രമിക്കുകയുണ്ടായി. അന്നെല്ലാം അക്രമിസംഘത്തിനൊപ്പമാണ് പാർട്ടി നേതൃത്വം നിലകൊണ്ടത്.

കക്കാടംപൊയിൽ മേഖലയിലെ ഗുണ്ടാ മാഫിയ വിളയാട്ടത്തിന് അറുതിവരുത്തി ആദിവാസികൾക്കും നാട്ടുകാർക്കും മരണഭയമില്ലാതെ ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്രത്തിനുവേണ്ടിയാണ് എ.ഐ.വൈ.എഫ് യൂണിറ്റ് രൂപീകരിക്കുന്നതെന്നും അറിയിച്ചു. വെണ്ടേക്കുംപൊയിൽ സിപിഐ കമ്മിറ്റി രൂപീകരണത്തിനായി എ.ടി സ്‌ക്കറിയയെ കൺവീനറായി തെരഞ്ഞെടുത്തു.എ.ഐ.വൈ.എഫ് വെണ്ടേക്കുംപൊയിൽ യൂണിറ്റ് പ്രസിഡന്റായി എൻ.സി പ്രിജേഷിനെയും സെക്രട്ടറിയായി കെ.സി അനീഷിനെയും തെരഞ്ഞെടുത്തു. വാർത്താസമ്മേളനത്തിൽ എ.ടി സ്‌ക്കറിയ, കെ.സി അനീഷ്, എൻ.സി പ്രിജേഷ്, ശാരദ, ബാബു പാറത്താഴത്ത്, എൻ.ജി സിനോജ് പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP