അംഗത്വമെടുത്തത് പത്തരലക്ഷം പുതിയ മെമ്പർമാർ; ഇവരുടെ വോട്ട് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; സംസ്ഥാനത്ത് ബിജെപി മികച്ച വിജയം നേടുമെന്ന് പിഎസ് ശ്രീധരൻ പിള്ള; കൂടുതൽ പേർ പാർട്ടി അംഗമായത് മഞ്ചേശ്വരത്ത് നിന്നെന്നും പ്രസിഡന്റ്
October 09, 2019 | 07:15 PM IST | Permalink

മറുനാടൻ ഡെസ്ക്
കാസർകോട്; പത്തര ലക്ഷം പുതിയ മെമ്പർമാർ സംസ്ഥാനത്തു ബിജെപിയിൽ ചേർന്നന്നുവെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ഇവരുടെ വോട്ട് ഉപതിരഞ്ഞെടുപ്പിൽ വലിയ ഘടകമാണെന്നും അത് ബിജെപിക്കു മികച്ച വിജയം സമ്മാനിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതൽ പുതിയ അംഗങ്ങൾ പാർട്ടിയിൽ ചേർന്നതു കേരളത്തിൽ നിന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ പേർ പാർട്ടി അംഗമായത് മഞ്ചേശ്വരത്താണ്. അതിനാൽ അവിടെ വിജയം സുനിശ്ചിതമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും നുണ പ്രചരണത്തിലൂടെ ജനങ്ങളെ വഴിതെറ്റിക്കാനാണ് മുന്നണികൾ ശ്രമിക്കുന്നതെന്ന് ശ്രീധരൻ പിള്ള നേരത്തെ പറഞ്ഞിരുന്നു. ഇടത് വലത് മുന്നണികൾ ധാരണയോടെയാണ് കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളെ നേരിട്ടത്. രണ്ട് മുന്നണികളും ഒത്ത് ചേർന്ന് ബിജെപിയെ തടയിടാൻ ശ്രമിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
